കോട്ടയം ∙ ട്രെയിൻ കയറാൻ അവസാന നിമിഷം ഓടിപ്പിടിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നവരുടെ ശ്രദ്ധയ്ക്ക്. ട്രെയിൻ കയറാൻ ചിലപ്പോൾ നിങ്ങൾക്കു കഴിഞ്ഞില്ലെന്നു വരാം.
റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിനു മുന്നിലെ കുഴികൾ അടയ്ക്കാൻ അറ്റകുറ്റപ്പണി ആരംഭിച്ചതോടെ ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഇതോടെ സ്റ്റേഷൻ പരിസരത്തു കനത്ത ട്രാഫിക് ബ്ലോക്കുണ്ട്.പ്രധാന കവാടത്തിനു മുന്നിലുള്ള ഭാഗത്തെ തകർന്നു കിടന്ന റോഡ് കോൺക്രീറ്റ് ചെയ്യുന്ന ജോലികളാണ് ആരംഭിച്ചത്. തിങ്കളാഴ്ച മുതലാണ് കോൺക്രീറ്റിങ് ആരംഭിച്ചത്.
ശനിയാഴ്ചയ്ക്കുള്ളിൽ പണികൾ തീർക്കാമെന്നാണു പ്രതീക്ഷയെന്നു റെയിൽവേ അധികൃതർ പറയുന്നു. 17ന് ശബരിമല സീസൺ ആരംഭിക്കാനിരിക്കെയാണു സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്.
സ്റ്റേഷനിലെ സ്ഥിതി
റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗം അടച്ചു.
വാഹനങ്ങൾക്ക് ഇറങ്ങാനുള്ള വഴിയിലൂടെയാണ് ഇപ്പോൾ വാഹനങ്ങളെ അകത്തേക്കും പുറത്തേക്കും കടത്തിവിടുന്നത്. ട്രെയിൻ വരുന്ന സമയത്ത് കൂടുതൽ വാഹനങ്ങൾ എത്തുന്നതോടെ ഇവിടെ ശക്തമായ ബ്ലോക്കാണ്.
മെയിൻ റോഡിൽ നിന്നു സ്റ്റേഷനിലേക്കു വാഹനങ്ങൾ പ്രവേശിക്കാനുള്ള റോഡിലാണ് ഇപ്പോൾ പണികൾ നടക്കുന്നത്.
ഈ റോഡിലൂടെ നാളെ മുതൽ വാഹനങ്ങൾ കയറ്റിവിട്ടു കൊണ്ട് പുറത്തേക്കിറങ്ങുന്ന റോഡ് കോൺക്രീറ്റ് ചെയ്യും. പോർട്ടിക്കോയ്ക്ക് സമീപം റാംപ് തുടങ്ങുന്നതു വരെയുള്ള സ്ഥലത്തും നാളത്തോടെ പണി പൂർത്തീകരിക്കുമെന്നും മുഴുവൻ പണികളും ശനിയാഴ്ചയോടെ പൂർത്തിയാകുമെന്നും അധികൃതർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

