ഡല്‍ഹിയുടെ പ്രാന്തമേഖലകളിൽ നിന്ന് പുറപ്പെടുന്ന വാഹനം പകൽ 11 മണി വരെ കേരള അതിർത്തിയിൽ തമ്പടിക്കും. തുടർന്ന് കോട്ടയത്തേക്കുള്ള യാത്ര.
2–3 മണിയോടെ കോട്ടയത്ത് എത്തിയാൽ എംഡിഎംഎ അടക്കമുള്ള രാസലഹരി പ്രത്യേക കേന്ദ്രത്തിൽ എത്തിക്കും. അവിടെ നിന്ന് ചെറു പായ്ക്കറ്റുകളിലാക്കി കൊച്ചി അടക്കമുള്ള നഗരങ്ങളിലേക്ക്.
കഴിഞ്ഞ ദിവസം 281 ഗ്രാം എംഡിഎംഎയുമായി പിടിയിലായ തിരുവല്ല ഒറ്റത്തെങ്ങ് സ്വദേശി വരുൺ ദേവ്ന്റെ പ്രവര്‍ത്തനരീതി ഇതായിരുന്നു. 2025ൽ ‘കെറ്റാമെലോൺ’ ലഹരി ശൃംഖല നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കൊച്ചി യൂണിറ്റ് തകർത്തത് രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു.
ആഗോളതലത്തിൽ പ്രവർത്തിച്ചിരുന്ന ഈ ശൃംഖലയ്ക്ക് നേതൃത്വം നൽകിയ എഡിസൺ ബാബു എന്ന മെക്കാനിക്കൽ എഞ്ചിനീയർ പ്രവർത്തിച്ചിരുന്നത് കൊച്ചിയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള മൂവാറ്റുപുഴ കേന്ദ്രീകരിച്ചായിരുന്നു. 2023ൽ എൻസിബിയുടെ ഡൽഹി യൂണിറ്റ് കെറ്റാമെലോണിന്റെ മുൻഗാമികളായ ‘സാംബഡ കാർട്ടലിനെ’ പിടികൂടിയിരുന്നു.
ഡൽഹി സംഘമെന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും പ്രവർത്തിച്ചിരുന്നത് അവിടെ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ ഫരീദാബാദിലുള്ള ബല്ലഭ്ഗഡ് എന്ന ചെറിയ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു. വലിയ ലഹരി സംഘങ്ങൾ എൻഫോഴ്സ്മെന്റ് ഏജൻസികളുടെ കണ്ണുവെട്ടിച്ച് വലിയ നഗരങ്ങളിൽ നിന്ന് മാറി തൊട്ടടുത്തുള്ള ചെറുനഗരങ്ങളിലേക്ക് തങ്ങളുടെ പ്രവർത്തനകേന്ദ്രം മാറ്റുന്ന പ്രവണതയാണ് അടുത്തിടെ പുറത്തുവന്ന മൂന്ന് വൻ ലഹരി കേസുകളും വ്യക്തമാക്കുന്നത്.
ഡൽഹി, കൊച്ചി തുടങ്ങിയ പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ട് തൊട്ടടുത്തുള്ള ഉപനഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഈ മൂന്ന് സംഘങ്ങളുടെയും പ്രവർത്തനം എന്നു കാണാം. ∙ സാംബഡ കാർട്ടൽ (ബല്ലഭ്ഗഡ്, ഹരിയാന) മെക്സിക്കൻ ലഹരി രാജാവ് ഇസ്മായിൽ മരിയോ സാംബഡ ഗാർഷ്യയുടെ പേരിൽ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന ഡാർക്ക് നെറ്റ് ആഗോള ലഹരി ശൃംഖലയായ ‘സാംബഡ കാർട്ടൽ’ 2023ലാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) തകർക്കുന്നത്.
ഡൽഹിയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ ഫരീദാബാദിലുള്ള ബല്ലഭ്ഗഡ് കേന്ദ്രീകരിച്ചായിരുന്നു ഈ വൻ സംഘം പ്രവർത്തിച്ചിരുന്നത്. സാങ്കേതിക വിദഗ്ധരെങ്കിലും തൊഴിൽരഹിതരായ യുവാക്കൾ ഉൾപ്പെടെ 22 പേരാണ് ഈ കേസിൽ അറസ്റ്റിലായത്.
ഇവരിൽ നിന്ന് വൻതോതിൽ എൽഎസ്ഡി സ്റ്റാംപുകൾ വാങ്ങിയതിന് അറസ്റ്റിലായവരിൽ ഹിമാചൽ പ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി യുവാക്കളുമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഡാർക്ക് നെറ്റ് എൽഎസ്ഡി വേട്ടകളിലൊന്നായ ഈ ഓപ്പറേഷനിൽ നിന്ന് 29,013 എൽഎസ്ഡി സ്റ്റാംപുകൾ, 472 ഗ്രാം എംഡിഎംഎ, 51 ലക്ഷം രൂപയുടെ ലഹരിപ്പണം എന്നിവ എൻസിബി പിടിച്ചെടുത്തു.
ഡൽഹി-എൻസിആർ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ യുവാക്കളെയും പ്രൊഫഷണലുകളെയും ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ വഴിയും ഡാർക്ക് നെറ്റ് വഴിയുമായിരുന്നു ഇവരുടെ വിൽപ്പന. ലഹരി സംഘങ്ങൾക്കിടയിൽ നൽകുന്ന റേറ്റിങ് അനുസരിച്ച് ഇന്ത്യയില്‍ 5 സ്റ്റാർ പദവി ലഭിച്ച ഏക ശൃംഖലയും ഇതായിരുന്നു.
∙ കെറ്റാമെലോൺ (മൂവാറ്റുപുഴ) കൊച്ചിയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള മൂവാറ്റുപുഴ കേന്ദ്രീകരിച്ച് എഡിസൺ ബാബു എന്ന എഞ്ചിനീയർ നേതൃത്വം നൽകിയ ‘കെറ്റാമെലോൺ’ എന്ന ആഗോള ലഹരി വിതരണ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ 2025 ഓഗസ്റ്റിൽ എൻസിബി സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്. എഡിസൺ ബാബു, അരുൺ തോമസ്, യു.കെയിലുള്ള സന്ദീപ് സജീവ്, ഓസ്ട്രേലിയയിലുള്ള ഹരികൃഷ്ണൻ അജി ജവാസ്, ഡിയോൾ കെ.
വർഗീസ്, ഭാര്യ അഞ്ജു തോമസ് എന്നീ 6 പ്രതികൾക്കെതിരെയാണ് 3 കേസുകളെടുത്തിരിക്കുന്നത്. കൂടാതെ കെറ്റമിൻ എത്തിച്ചുനൽകിയ വാരാണസി സ്വദേശി പ്രദീപ് ഭായിയെക്കുറിച്ചും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
ഡാർക്ക് നെറ്റ് വഴി യുകെയിൽ നിന്ന് എഡിസണിന്റെ പേരിൽ കൊച്ചി ഇന്റർനാഷണൽ പോസ്റ്റ് ഓഫീസിലെത്തിയ 280 എൽഎസ്ഡി സ്റ്റാമ്പുകൾ പിടികൂടിയതോടെയാണ് എൻസിബി ഇതിലേക്ക് എത്തുന്നത്. തുടർന്ന് എഡിസന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ എൽഎസ്ഡി സ്റ്റാമ്പുകൾ, കെറ്റമിൻ, ഡാർക്ക് നെറ്റ് ഉപകരണങ്ങൾ എന്നിവയും ഓസ്ട്രേലിയയിലേക്ക് കടത്താൻ ശ്രമിച്ച അര കിലോയോളം കെറ്റമിനും കണ്ടെടുത്തു.
മൂവാറ്റുപുഴയിലെ വീട്ടിലിരുന്ന് പോസ്റ്റ് ഓഫീസ്, കൊറിയർ സർവീസുകൾ വഴി കേരളത്തിലെ വിവിധ ജില്ലകളിലേക്ക് എൽഎസ്ഡി വിതരണം ചെയ്യുകയും ക്രിപ്റ്റോ കറൻസി വഴി പണം സ്വീകരിച്ച് ഹരികൃഷ്ണൻ മുഖേന വെളുപ്പിച്ചെടുക്കുകയുമായിരുന്നു ഇവരുടെ രീതി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ലോകത്തെ തന്നെ മികച്ച കമ്പനികളിൽ ജോലി ചെ്തിരുന്ന ആളായിരുന്നു എഡിസൺ.
അമേരിക്കയിലും ജോലി ചെയ്തിട്ടുണ്ട്. എന്നാൽ കോവിഡ് കാലത്ത് കേരളത്തിലേക്ക് തിരികെ എത്തി ഡാർക്ക്നെറ്റ് വഴിയുള്ള ലഹരി വിൽപ്പനയിലേക്ക് തിരിയുകയായിരുന്നു.
എഡിസണ്, അരുൺ തോമസ്, ഡിയോള്‍ കെ.വർഗീസ് എന്നിവർ സഹപാഠികളാണ്. കൊറിയർ വഴി ഓസ്ട്രേലിയയിലേക്ക് കെറ്റമിൻ അയച്ച കേസിലാണ് ഡിയോളും ഭാര്യ അഞ്ജുവും പ്രതികളായിട്ടുള്ളത്.
∙ ‘ബോസ്’ എന്ന വരുൺ ദേവ് (കോട്ടയം) കൊച്ചിയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള കോട്ടയം കേന്ദ്രമാക്കിയാണ് തിരുവല്ല സ്വദേശി വരുൺ ദേവ്, കൂട്ടാളി വിപിൻ എസ്.കുമാർ എന്നിവർ തങ്ങളുടെ ലഹരി വിതരണ ശൃംഖല കെട്ടിപ്പൊക്കിയത്. കഴിഞ്ഞയാഴ്ച ഇവരെ എക്സൈസ് പിടികൂടി.
ഇടനിലക്കാർക്കിടയിൽ ‘ബോസ്’, ‘എക്സ്’ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന വരുൺ ദേവ്, വണ്ടിക്കച്ചവടത്തിന്റെ മറവിൽ ഡൽഹി-രാജസ്ഥാൻ അതിർത്തിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് രാസലഹരി നേരിട്ട് സ്വന്തം വാഹനത്തിൽ കോട്ടയത്ത് എത്തിക്കുകയായിരുന്നു. തുടർന്ന് കൊച്ചിയിലെ ആഡംബര പാർട്ടികൾക്കും സിനിമ മേഖലയിലുള്ളവർക്കും ഇടനിലക്കാർ വഴി വിതരണം ചെയ്തു.
കളമശേരിയിലെ ഹോട്ടലിൽ നിന്ന് 49 ഗ്രാം എംഡിഎംഎയുമായി പിടിയിലായ സിദ്ധിഖ്, ഫിനല മരിയ ഡി റോസാരിയോ എന്നിവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈറ്റിലയിൽ വെച്ച് വരുൺ ദേവിനെയും കൂട്ടാളിയെയും വാഹനം തടഞ്ഞ് സ്റ്റിയറിങ്ങിനടിയിൽ ഒളിപ്പിച്ച 232 ഗ്രാം ഉൾപ്പെടെ ആകെ 281 ഗ്രാം എംഡിഎംഎയും 69,425 രൂപയും പിടിച്ചെടുക്കുകയായിരുന്നു. ഓണക്കാലത്ത് 5 കിലോയോളം എംഡിഎംഎ എത്തിച്ച് കോടിക്കണക്കിന് രൂപയുടെ കച്ചവടമായിരുന്നു ഇവരുടെ ലക്ഷ്യം.
∙ എന്തുകൊണ്ട് ചെറുനഗരങ്ങൾ? വലിയ നഗരങ്ങളോട് ചേർന്നു കിടക്കുന്ന ഉപഗ്രഹ നഗരങ്ങള്‍ ലഹരി കടത്തിന്റെ പ്രധാന കേന്ദ്രമാക്കുന്നതിനു പിന്നിലെ പ്രധാന കാരണം അന്വേഷണ ഏജൻസികളുടെ നോട്ടമെത്തുന്നത് കുറയ്ക്കുക എന്നതു തന്നെയാണ്. ‘‘കൊച്ചിയിൽ പരിശോധന ശക്തമാക്കിയതിനു പിന്നാലെ ലഹരി സംഘങ്ങൾ കൂടുതലായി അടുത്ത പ്രദേശങ്ങളിലേക്ക് പ്രവർത്തനം മാറ്റിയിരുന്നു.
നെടുമ്പാശേരി, അങ്കമാലി, പെരുമ്പാവൂർ, പറവൂർ ഒക്കെയായിരുന്നു ഇതിൽ പ്രധാനം. എന്നാൽ ഇവിടങ്ങളിലും പരിശോധന ശക്തമാക്കിയതോടെയാണ് കോട്ടയം, പത്തനംതിട്ട, മൂവാറ്റുപുഴ പോലുള്ള സ്ഥലങ്ങളിലേക്ക് സംഘത്തിന്റെ പ്രവർത്തനം മാറ്റിയിരിക്കുന്നത്.
വലിയ അളവിൽ ലഹരി കൊണ്ടുവന്ന് സംഭരിക്കുകയും പിന്നീട് വിതരണം നടത്തുകയും കൊച്ചി പോലുള്ള സ്ഥലത്ത് ഇപ്പോൾ അത്ര എളുപ്പമല്ല. അതുകൊണ്ട് സംഭരണ, സൂക്ഷിപ്പ് കേന്ദ്രങ്ങൾ ചെറുപട്ടണങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.
മാത്രമല്ല, ഈ സ്ഥലങ്ങളിലേക്കൊക്കെ കൊച്ചിയിൽ നിന്ന് വളരെ വേഗം എത്തിച്ചേരാനുമാകും. ഈ ആനുകൂല്യവും ലഹരി വിതരണക്കാർ ഉപയോഗപ്പെടുത്തുന്നുണ്ട്’’, പൊലീസ് വൃത്തങ്ങൾ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

