കോഴിക്കോട് നഗരത്തിൽ പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച സംഭവത്തിൽ നാല് പ്രതികൾ പിടിയിൽ. ടൗൺ പോലീസും സിറ്റി ക്രൈം സ്ക്വാഡും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഇവർ അറസ്റ്റിലായത്.
കോഴിക്കോട് പൂളക്കടവ് സ്വദേശി ബെന്നി ലോയ്ഡ് (48), പരപ്പിൽ സ്വദേശി രജാദ് (38), രാമനാട്ടുകര സ്വദേശി നന്ദകുമാർ (25), ചാലപ്പുറം കോട്ടപ്പറമ്പ് സ്വദേശി അദ്നുൽ ഷാഹിം (22) എന്നിവരാണ് പിടിയിലായതെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞദിവസം രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
രാത്രി 7:40ഓടെ മാനാഞ്ചിറ സ്ക്വയറിനുള്ളിൽ പണപ്പിരിവ് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പട്രോളിംഗ് സംഘം സ്ഥലത്തെത്തിയത്. തുടർന്ന്, ഇവിടുത്തെ ശുചിമുറിക്ക് പിറകിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിലയുറപ്പിച്ചിരുന്ന പ്രതികളോട് പോലീസ് അവിടെ നിന്നും മാറിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പോലീസും സംഘവും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ പ്രതികളിലൊരാൾ കയ്യിൽ കരുതിയിരുന്ന സിറിഞ്ച് ഉപയോഗിച്ച് മലപ്പുറം എംഎസ്പി ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറും വടകര സ്വദേശിയുമായ കെ.
ആദര്‍ശിന്റെ വലതു കൈയിൽ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിൽ ഇന്ന് പുലർച്ചയോടെയാണ് നാല് പ്രതികളും പോലീസ് പിടിയിലായത്.
പ്രതികൾ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും പിടിച്ചുപറി, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായ ബെന്നി ലോയ്ഡിന് മാത്രം മയക്കുമരുന്ന് ഉപയോഗം, വിൽപന, മോഷണം, പിടിച്ചുപറി തുടങ്ങിയ കുറ്റങ്ങളിലായി 25ഓളം കേസുകൾ നിലവിലുണ്ട്.
കൂടാതെ രജാദ്, നന്ദകുമാർ, അദ്നുൽ ഷാഹിം എന്നിവർക്കെതിരെയും മയക്കുമരുന്ന് കേസ്സുകൾ, ബൈക്ക് മോഷണം, പിടിച്ചുപറി, അടിപിടി തുടങ്ങി വിവിധ സ്റ്റേഷനുകളിലായി ഒട്ടനവധി കേസുകൾ ഉള്ളതായി പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

