കൊച്ചിയിൽ വീണ്ടും ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ച. മോർച്ചറിയിലെ ഫ്രീസറിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് വയോധികയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി.
ഇക്കഴിഞ്ഞ 16ന് മരണമടഞ്ഞ വടക്കൻ പറവൂർ പരവാത്തുരുത്ത് സ്വദേശിനിയായ ജെസി പൗളിയുടെ (65) മൃതദേഹമാണ് പിറ്റേ ദിവസം തന്നെ ജീർണിച്ച അവസ്ഥയിൽ കണ്ടെത്തിയത്. പറവൂർ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലായിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നത്.
സംഭവത്തിൽ മകൻ വിനേഷ് ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. മോർച്ചറി ഫ്രീസറിന് തകരാർ സംഭവിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും പുതിയ ഫ്രീസർ വാങ്ങുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്നും പറവൂർ മുൻസിപ്പൽ അധികൃതർ വ്യക്തമാക്കി.
അമ്മയുടെ മൃതദേഹം ആദരവോടെയും സുരക്ഷിതമായും സൂക്ഷിക്കുമെന്ന കുടുംബത്തിന്റെ പ്രതീക്ഷയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവം മൂലം തകർന്നത്. അഴുകിയ നിലയിൽ മൃതദേഹം കാണേണ്ടി വന്നത് കടുത്ത മാനസിക ആഘാതമാണ് ഉണ്ടാക്കിയതെന്ന് വിനേഷ് തന്റെ പരാതിയിൽ വ്യക്തമാക്കുന്നു.
ഈ സംഭവത്തിന് ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോസ്റ്റ്മോർട്ട
നടപടികളുടെ മുന്നോടിയായാണ് ജെസിയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റിയത്. എന്നാൽ, അടുത്ത ദിവസം കളമശേരി മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റിയപ്പോഴാണ് മൃതദേഹം അഴുകിത്തുടങ്ങിയ വിവരം പോലീസ് സർജൻ കണ്ടെത്തിയത്.
ഫ്രീസറിന്റെ തകരാറാണ് മൃതദേഹം വേഗത്തിൽ ജീർണിക്കാൻ കാരണമായതെന്ന് പിന്നീട് വ്യക്തമായി. ഇതിനെത്തുടർന്ന് മൃതദേഹം എത്രയും പെട്ടെന്ന് സംസ്കരിക്കാൻ ഡോക്ടർമാർ നിർദ്ദേശം നൽകുകയായിരുന്നുവെന്ന് ബന്ധുക്കൾ കൂട്ടിച്ചേർത്തു.
കുഴഞ്ഞുവീണതിനെ തുടർന്ന് ജെസിയെ ബന്ധുക്കൾ പെട്ടെന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. തലേദിവസം വീണ് പരിക്കേറ്റിരുന്നതിനാൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.
തുടർനടപടികളുടെ ഭാഗമായാണ് മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ഫ്രീസർ തകരാറിലായതിനെ തുടർന്ന് മൃതദേഹത്തിന്റെ മേൽഭാഗത്തെ തൊലി അടർന്നുതുടങ്ങിയ നിലയിലായിരുന്നു.
ഇതിനുപുറമേ കടുത്ത ദുർഗന്ധവും വമിച്ചു തുടങ്ങിയതോടെ, മുൻകൂട്ടി നിശ്ചയിച്ചിരുന്ന വൈകുന്നേരം 5 മണിക്ക് പകരം സംസ്കാരം ഉച്ചയ്ക്ക് 3 മണിക്ക് തന്നെ നടത്തേണ്ടി വന്നു. ഈ സംഭവത്തിൽ മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി പരാതി നൽകാൻ തയ്യാറെടുക്കുകയാണ് കുടുംബം.

