കണ്ണൂരിൽ സിപിഎം നേതൃത്വത്തിന്റെ കീഴിൽ രൂപീകരിക്കപ്പെട്ട നോർത്ത് മലബാർ എജ്യുക്കേഷനൽ സൊസൈറ്റിയുമായി ബന്ധപ്പെട്ട
സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് പാർട്ടി നേതൃത്വം പൂഴ്ത്തിവെച്ചെന്ന ആക്ഷേപം ശക്തമാകുന്നു. 2019 മുതൽ തന്നെ അന്വേഷണ റിപ്പോർട്ട് ജില്ലാ നേതൃത്വത്തിന്റെ കൈവശമുണ്ടെങ്കിലും, ഇതുവരെയും വിഷയത്തിൽ ചർച്ചകളോ ഔദ്യോഗിക നടപടികളോ ഉണ്ടായിട്ടില്ലെന്ന് നിക്ഷേപകർ വ്യക്തമാക്കിയിട്ടുണ്ട്.
സൊസൈറ്റിയുടെ പേരിൽ 38 സെന്റ് ഭൂമി ലഭ്യമാണെന്നും, പിരിച്ചെടുത്ത തുകയേക്കാൾ ഉയർന്ന വിപണിവില ഈ ഭൂമിക്കുണ്ടെന്നുമാണ് ഇരിട്ടി ഏരിയ കമ്മിറ്റിയുടെ വിശദീകരണം. എങ്കിലും, ഇതിന്റെ കൃത്യമായ കരമടച്ച രസീത് പരസ്യപ്പെടുത്താൻ തയ്യാറാകണമെന്നാണ് നിക്ഷേപകരുടെ പ്രധാന ആവശ്യം.
സൊസൈറ്റിക്കെതിരെ നിക്ഷേപത്തട്ടിപ്പ് ഉന്നയിച്ച് രംഗത്തുവന്നവരിൽ ഒരു പാർട്ടി ലോക്കൽ കമ്മിറ്റിയംഗവും പ്രദേശത്തെ സ്വാധീനമുള്ള ആയുർവേദ ഡോക്ടറും ഉൾപ്പെട്ടിരിക്കുന്നത് സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ആർഎസ്എസ് നേതാക്കളുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന് ബദലായി ഒരു സ്വാശ്രയ കോളജ് സ്ഥാപിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിട്ടിരുന്നതെന്നാണ് പാർട്ടി വിശദീകരിക്കുന്നത്.
എന്നാൽ, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംബന്ധിച്ച പാർട്ടിയുടെ മുൻ നിലപാടുകളും പ്രഖ്യാപനങ്ങളും തമ്മിലുള്ള വൈരുധ്യവും നിലവിൽ വലിയ ചർച്ചയായിട്ടുണ്ട്. സ്വാശ്രയ കോളജ് യാഥാർത്ഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2015 ലാണ് സിപിഎം ഈ സൊസൈറ്റിക്ക് രൂപം നൽകിയത്.
പിന്നീട് 2019 ൽ ഇതുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നു വന്നതിനെ തുടർന്ന് ജയിംസ് മാത്യു, പി.പുരുഷോത്തമൻ എന്നിവർ ഉൾപ്പെട്ട
സമിതി അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിന്മേൽ യാതൊരുവിധ തുടർനടപടികളും ഉണ്ടാകാത്തതാണ് ഇപ്പോൾ വലിയ തോതിൽ ചോദ്യം ചെയ്യപ്പെടുന്നത്.
ഷെയർ ഇനത്തിൽ ആകെ 24 ലക്ഷം രൂപ മാത്രമാണ് പിരിച്ചെടുത്തതെന്ന വിശദീകരണവുമായി ഇരിട്ടി ഏരിയ കമ്മിറ്റി രംഗത്തുവന്നിട്ടുണ്ട്. കോളജ് നിർമ്മാണത്തിനായി ആവശ്യമായ 5 ഏക്കർ ഭൂമി വാങ്ങാൻ ഈ തുക തികയാതെ വന്നതുകൊണ്ടാണ് പകരം 38 സെന്റ് ഭൂമി വാങ്ങിയതെന്നാണ് അവരുടെ വാദം.
നോട്ടുനിരോധനം, പ്രളയം, കോവിഡ് പ്രതിസന്ധികൾ എന്നിവ ലക്ഷ്യപ്രാപ്തിക്ക് തടസ്സമായെന്നും പാർട്ടി വ്യക്തമാക്കുന്നു. ബ്രാഞ്ച്, ലോക്കൽ, ഏരിയ തലങ്ങളിൽ പ്രത്യേക രസീതുകൾ നൽകിയാണ് അംഗങ്ങളെ സൊസൈറ്റിയിൽ ചേർത്തത്.
ഇങ്ങനെ ആകെ എത്ര രസീതുകൾ നൽകി എത്ര തുക പിരിച്ചെടുത്തു, സമാഹരിച്ച ആ പണം എന്ത് ചെയ്തു തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ വ്യക്തത വേണമെന്നാണ് നിക്ഷേപകർ ആവശ്യപ്പെടുന്നത്. നിക്ഷേപകർ ഉന്നയിക്കുന്ന ഈ പ്രധാന ചോദ്യങ്ങൾക്കൊന്നിനും പാർട്ടി നൽകിയ വിശദീകരണങ്ങളിൽ ഉത്തരമില്ല.
നിക്ഷേപിച്ച പണം തിരികെ ലഭിക്കുമോ, പ്രഖ്യാപിച്ച സ്ഥാപനം യാഥാർത്ഥ്യമാകുമോ, സൊസൈറ്റിയുടെ പേരിൽ ഭൂമിയുണ്ടെന്ന് തെളിയിക്കാൻ കരമടച്ച രസീത് പുറത്തുവിടാൻ തയ്യാറാകുമോ തുടങ്ങിയ നിർണായക ചോദ്യങ്ങളാണ് നിക്ഷേപകർ ഇപ്പോൾ ആവർത്തിച്ചു ചോദിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

