എറണാകുളം ടൗൺഹാളിന് സമീപമുള്ള കലാലയ റോഡിൽ വാഹനം തടഞ്ഞു നിർത്തി അക്രമണം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഹോൺ മുഴക്കിയെന്ന പ്രകോപനത്തിലാണ് കാർ അടിച്ചുതകർത്തത്.
സംഭവത്തിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ പുലർച്ചെ പന്ത്രണ്ടരയോടെയാണ് നഗരത്തെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്.
കണ്ണൂർ ഇരിട്ടി സ്വദേശിയും കൊച്ചിയിൽ താമസക്കാരനുമായ അഫ്നാസ് സഞ്ചരിച്ചിരുന്ന കാറാണ് ആക്രമണത്തിന് ഇരയായത്. ഫോണിൽ സംസാരിച്ചുകൊണ്ട് റോഡ് മുറിച്ചു കടക്കുകയായിരുന്ന സാദിഖ് എന്നയാളുടെ മുന്നിലേക്ക് വാഹനം എത്തിയപ്പോഴാണ് സംഭവം.
വളവ് തിരിഞ്ഞ് എത്തിയ അഫ്നാസ്, കാറിന് മുന്നിൽ പെട്ടയാൾക്ക് മുന്നറിയിപ്പായി ഹോൺ മുഴക്കിയിരുന്നു. ഇതിൽ പ്രകോപിതനായ സാദിഖ് അഫ്നാസിന്റെ വാഹനം തടഞ്ഞുനിർത്തി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു.
തുടർന്ന് ഇയാൾ സുഹൃത്തിനെ ഫോണിൽ വിളിച്ച് സ്ഥലത്തേക്ക് വരുത്തി. ബേസ്ബോൾ ബാറ്റുമായി എത്തിയ സുഹൃത്ത് അഫ്നാസിന്റെ കാറിന്റെ ചില്ലുകൾ അടിച്ചുതകർക്കുകയായിരുന്നു.
തുടർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇരുവരും വെല്ലുവിളികൾ മുഴക്കി സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ അഫ്നാസ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പൊലീസിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.
കൊച്ചിയിൽ ഹോസ്റ്റലുകൾ നടത്തിവരികയാണ് ഒന്നാം പ്രതിയായ സാദിഖ്. പൊലീസ് കേസെടുത്ത വിവരം അറിഞ്ഞതോടെ പ്രതികളായ സാദിഖും സുഹൃത്തും ഒളിവിൽ പോയിരിക്കുകയാണ്.
ഇവർക്കെതിരെ മുൻപും വിവിധ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഗുണ്ടാ മാതൃകയിലുള്ള ഇത്തരം അതിക്രമങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

