ലോക സമ്പദ്വ്യവസ്ഥയ്ക്കുമേൽ ആശങ്കയുടെ തീപടർത്തി പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളമായി മാറിയിരിക്കുന്നു. ഇറാന്റെ റോക്കറ്റ് ലോഞ്ചറുകളുള്ള ലാറക് ദ്വീപിൽ യുഎസ് സൈന്യം രാത്രി കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്.
പ്രദേശത്ത് വൻ സ്ഫോടനങ്ങളുണ്ടായതായും നിരവധി പേർ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച ഇറാൻ ഇതിന് കനത്ത പ്രതികാരം ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിൽ ഇറാനെ ആക്രമിക്കാൻ യുഎസിനെ സഹായിക്കുന്ന സൈനിക കേന്ദ്രങ്ങളെ മാത്രമല്ല, തന്ത്രപ്രധാന സാമ്പത്തിക മേഖലകളെയും തകർക്കുമെന്നാണ് ഇറാന്റെ പ്രധാന ഭീഷണി.
ഖത്തറിലെയും ജോർദാനിലെയും യുഎസ് സേനാതാവളങ്ങൾ ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) ആക്രമിച്ചെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. ഇറാൻ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ ലാറക് ദ്വീപ് ഒരു പ്രധാന എണ്ണ കയറ്റുമതി കേന്ദ്രം കൂടിയാണ്.
ഈ തുറമുഖം വഴിയാണ് ഹോർമുസിൽ സമീപകാലത്ത് ഇറാൻ കപ്പലുകളെ കടത്തിവിട്ടിരുന്നത്. ഹോർമുസ് കടലിടുക്കിലെ പതിവ് പാതയിലൂടെ പോകുന്ന കപ്പലുകളെയെല്ലാം തടഞ്ഞ ഐആർജിസി അവയെ ലാറക് ദ്വീപിലെ ‘ടോൾ ബൂത്ത്’ വഴി കടത്തിവിടാനാണ് ശ്രമിച്ചത്.
ഹോർമുസിൽ കപ്പലുകൾക്കുനേരെ റോക്കറ്റുകൾ അയക്കാൻ സജ്ജമായിനിന്ന കേന്ദ്രങ്ങളെയാണ് ലാറക് ദ്വീപിൽ ഉന്നമിട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് നേവി ക്യാപ്റ്റൻ ടിം ഹോക്കിൻസ് അറിയിച്ചു. ഇറാൻ ഹോർമുസിൽ പാകിയ മൈനുകളെല്ലാം കഴിഞ്ഞയാഴ്ച യുഎസ് സൈന്യം ഒഴിവാക്കിയെന്നും കപ്പലുകൾക്ക് സുരക്ഷിതപാത ഒരുക്കുന്നതിന്റെ ഭാഗമായാണ് ലാറക് ദ്വീപും തകർത്തതെന്നും ഹോക്കിൻസ് വ്യക്തമാക്കി.
ജൂലൈക്ക് ശേഷം ആദ്യമായാണ് പശ്ചിമേഷ്യയിൽ വീണ്ടും സായുധ സംഘർഷം പൊട്ടിപ്പുറപ്പെടുന്നത്. അതേസമയം, ഹോർമുസിന്റെ സമ്പൂർണ നിയന്ത്രണം ഇപ്പോഴും ഇറാന് തന്നെയാണ് ഉള്ളതെന്ന് ഐആർജിസി പ്രതികരിച്ചു.
ഇറാന്റെ അനുമതിയില്ലാതെ കപ്പലുകളൊന്നും ഹോർമുസ് കടക്കില്ലെന്നും അവർ വ്യക്തമാക്കി. ഹോർമുസിൽ യുഎസ് യുദ്ധക്കപ്പലിനെയും മുന്നറിയിപ്പ് അവഗണിച്ച മറ്റ് കപ്പലുകളെയും മിസൈലുകളും ഡ്രോണുകളും കൊണ്ട് ആക്രമിച്ചെന്ന് ഐആർജിസി അവകാശപ്പെടുന്നുണ്ടെങ്കിലും ഇതും സ്ഥിരീകരിച്ചിട്ടില്ല.
കത്തിക്കയറി എണ്ണവില; ബ്രെന്റ് 90ലേക്ക് ഒരുമാസത്തിന് ശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷ ഭൂമിയായതോടെ ക്രൂഡോയിൽ വില കുതിച്ചുയരാൻ തുടങ്ങിയിട്ടുണ്ട്. യുഎസ് ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ബ്രെന്റ് ക്രൂഡ് വില 1.82% ഉയർന്ന് ബാരലിന് 89.70 ഡോളറായി എത്തി.
ഡബ്ല്യുടിഐ ക്രൂഡ് വില 1.68% വർധിച്ച് 84.80 ഡോളറിലുമെത്തി. പശ്ചിമേഷ്യയിൽ ഖത്തറിന്റെ ഉൾപ്പെടെ മധ്യസ്ഥതയിൽ പ്രശ്നപരിഹാര ശ്രമങ്ങൾ നടക്കവെയാണ് ഈ പുതിയ ആക്രമണം.
എണ്ണവില വർധിക്കുന്നത് ആഗോളതലത്തിൽ വീണ്ടും പണപ്പെരുപ്പപ്പേടിക്ക് കാരണമാകും. പണപ്പെരുപ്പം കടുത്ത വെല്ലുവിളിയാണെന്നും പലിശനിരക്ക് കൂട്ടേണ്ടതുണ്ടെന്നും കഴിഞ്ഞയാഴ്ച യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷ് സൂചിപ്പിച്ചിരുന്നു.
തൊട്ടുപിന്നാലെ എണ്ണവില കുതിപ്പാരംഭിച്ചത് സ്ഥിതി കൂടുതൽ വഷളാക്കുകയാണ്. ഈ എണ്ണവില വർധന ഇന്ത്യയ്ക്കും കനത്ത ആഘാതമാകും.
രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുയരാനും ഓഹരി വിപണിയും രൂപയും വലിയ സമ്മർദത്തിലാകാനും ഇത് ഇടയാക്കും. നെഞ്ചിടിപ്പേറ്റി ഇന്ന് ജിഡിപിക്കണക്ക് ഇന്ത്യയുടെ നടപ്പുവർഷത്തെ (2026-27) ആദ്യപാദമായ ഏപ്രിൽ-ജൂണിലെ ജിഡിപി വളർച്ചാക്കണക്ക് കേന്ദ്രസർക്കാർ ഇന്ന് പുറത്തുവിടും.
7 ശതമാനത്തിൽ കുറയാത്ത വളർച്ച ഇന്ത്യ നേടുമെന്നും ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയെന്ന പട്ടം നിലനിർത്തുമെന്നുമാണ് ഒട്ടുമിക്ക ഏജൻസികളും പ്രവചിക്കുന്നത്. പശ്ചിമേഷ്യയിലെ പ്രശ്നവും എണ്ണവില വർധനയും ജിഡിപി വളർച്ചയെ സാരമായി ബാധിച്ചിട്ടില്ലെന്നും അവർ വിലയിരുത്തുന്നു.
∙ പശ്ചിമേഷ്യയിലെ പുനരാരംഭിച്ച സംഘർഷം, എണ്ണവില വർധന, ജിഡിപിക്കണക്ക് സംബന്ധിച്ച ആകാംക്ഷ എന്നിവ ഇന്ന് ഇന്ത്യൻ ഓഹരി വിപണിയുടെയും രൂപയുടെയും ദിശ നിർണയിക്കും.
∙ ഇന്ത്യയുടെ ധനക്കമ്മി, ഓഗസ്റ്റിലെ മാനുഫാക്ചറിങ് പിഎംഐ എന്നീ നിർണായക കണക്കുകളും ഇന്നറിയാമെന്നത് വിപണിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. വാഹന വിൽപനക്കണക്കും വരുന്നു, ഓണം നേട്ടമായോ?
വാഹനക്കമ്പനികളുടെ ഓഗസ്റ്റിലെ വിൽപനക്കണക്കുകൾ സെപ്റ്റംബർ ഒന്നുമുതൽ പുറത്തുവരുമെന്നത് ഓഹരി വിപണിക്ക് അതീവ നിർണായകമാണ്.
ഓണക്കാലം വിപണിക്ക് വലിയ നേട്ടമായെന്നാണ് പ്രാഥമിക വിലയിരുത്തൽ. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ടിവിഎസ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്പ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐഷർ മോട്ടോഴ്സ്, അശോക് ലെയ്ലാൻഡ് തുടങ്ങിയ കമ്പനികളുടെ കണക്കുകൾ വിപണിയുടെ ഗതിയെ സ്വാധീനിക്കും.
∙ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) കഴിഞ്ഞയാഴ്ചയും 2000 കോടിയിലധികം രൂപയാണ് ഇന്ത്യൻ ഓഹരികളിൽ നിന്ന് പിൻവലിച്ചത്. തൊട്ടുമുൻപത്തെ ആഴ്ചയിൽ 1600 കോടി രൂപ ഇത്തരത്തിൽ തിരിച്ചെടുത്തിരുന്നു.
വിദേശ നിക്ഷേപകരുടെ ഈ പിന്മാറ്റം വിപണിക്ക് കനത്ത തിരിച്ചടിയാണ്. സ്വർണവില ഇടിവിലേക്ക് ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷിന്റെ കഴിഞ്ഞയാഴ്ചയിലെ പ്രഭാഷണത്തിന് പിന്നാലെ രാജ്യാന്തര സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു.
ഔൺസിന് 4600 ഡോളറിന് മുകളിൽ നിന്നാണ് വില 4451 ഡോളറിലേക്ക് ഇടിഞ്ഞത്. കേരളത്തിലും സ്വർണവില വൻതോതിൽ കുറഞ്ഞിട്ടുണ്ട്.
എണ്ണവിലക്കയറ്റം, ഡോളറിന്റെയും ബോണ്ടിന്റെയും മുന്നേറ്റം, പലിശപ്പേടി എന്നിവ സ്വർണത്തിന് നിലവിൽ പ്രതികൂലമാണ്. വരും ദിവസങ്ങളിൽ വില കൂടുതൽ താഴ്ന്നേക്കാമെന്നാണ് സൂചന.
ഇറാൻ പ്രസിഡന്റും മോദിയുമായി കൂടിക്കാഴ്ച ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടി നടക്കുന്ന കിർഗിസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ച ശേഷം ഇരുവരും തമ്മിൽ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഉപരോധ ഭീഷണി, ഇന്ത്യ-ഇറാൻ വ്യാപാരം, ചബഹാർ തുറമുഖത്തിന്റെ ഭാവി തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ചർച്ചയിൽ കടന്നുവരും. മറ്റൊരു ബാങ്കിനെക്കൂടി വിലക്കാൻ യുഎസ് ഇറാൻ ബന്ധത്തിന്റെ പേരിൽ ഈജിപ്ഷ്യൻ ബാങ്കിന്റെ യുഎഇ ശാഖയ്ക്ക് ഉപരോധം ഏർപ്പെടുത്താൻ നീക്കമിട്ട
യുഎസ്, വൈകാതെ മറ്റൊരു ബാങ്കിനുകൂടി ഉപരോധം പ്രഖ്യാപിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് സൂചിപ്പിച്ചു. ചൈനയ്ക്കുമേൽ തങ്ങളുടെ നിലപാട് കൂടുതൽ കടുപ്പിക്കാനാണ് യുഎസ് ശ്രമിക്കുന്നത്.
യുഎസ് വേദിയാകുന്ന ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് ചൈനീസ് പ്രതിനിധികളുമായി ബെസ്സന്റ് ചർച്ചയും നടത്തും. ഇറാനുമായി വ്യാപാര, വാണിജ്യ ബന്ധംതുടരുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കുമേൽ ഉപരോധം ഏർപ്പെടുത്താനും യുഎസ് ആലോചിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

