ഡൽഹിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് തിരിച്ചടി. സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടാണ് ഇരുവരുടെയും ജാമ്യഹർജി തള്ളിയത്.
ഇതേത്തുടർന്ന് നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി രണ്ടു ദിവസത്തേക്ക് കൂടി നീട്ടി കോടതി ഉത്തരവിട്ടു. കേസ് വരുന്ന ഒക്ടോബർ 21-ന് കോടതി വീണ്ടും പരിഗണിക്കും.
നേതാക്കളെ ഉടൻ മോചിപ്പിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സിജെപിയുടെ നിയമ വിഭാഗം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും ഇത് അംഗീകരിക്കപ്പെട്ടില്ല. കഴിഞ്ഞ ഒക്ടോബർ 13-നാണ് നിരോധനാജ്ഞ ലംഘിച്ച് ജന്തർ മന്തർ പരിസരത്ത് പ്രവേശിച്ചതിന് പിന്നാലെ സിജെപി നേതാക്കൾ പൊലീസിന്റെ പിടിയിലാകുന്നത്.
തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇരുവരേയും കർശന സുരക്ഷയോടെ തിഹാർ ജയിലിലേക്ക് മാറ്റിയത്.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് സിജെപി ശക്തമായ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്. എസ്ഐആർ നടപ്പിലാക്കിയതിലെ ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളും ചൂണ്ടിക്കാണിച്ചാണ് ഈ പ്രക്ഷോഭം.
എന്നാൽ തലസ്ഥാന നഗരിയിൽ ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ അനുമതി നൽകാനാകില്ലെന്ന കർശന നിലപാടാണ് ഡൽഹി പൊലീസ് സ്വീകരിച്ചത്. ഇത് അവഗണിച്ച് നേതാക്കൾ പ്രതിഷേധ സ്ഥലത്തേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുകയായിരുന്നു.
ഇതിനിടയിൽ, സംഘടന ആഹ്വാനം ചെയ്ത തിരംഗ മാർച്ചിന് മുന്നോടിയായി മറ്റൊരു നേതാവായ അഭിജിത് ദിപ്കെയെയും പൊലീസ് മുൻകരുതൽ നടപടിയുടെ ഭാഗമായി കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ പിന്നീട് നിയമനടപടികൾക്ക് ശേഷം അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

