ആലുവ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന വിവിധ മോഷണ പരമ്പരകളുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് പിടികൂടി. ആലുവ സർക്കിൾ ഇൻസ്പെക്ടർ പി.എം.
ഷെമീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പുളിഞ്ചോടുള്ള സ്ക്രാപ്പ് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 39,000 രൂപ വിലവരുന്ന കോപ്പർ കേബിളുകൾ മോഷ്ടിച്ച കണ്ണൂർ മുണ്ടയാട് അതിരകം കായാട്ട് ഉന്നതിയിലെ ബൈജു (47), ബംഗാൾ മൂർഷിദാബാദ് സ്വദേശി രാജു ഷേയ്ഖ് (29) എന്നിവരാണ് പിടിയിലായവരിൽ പ്രധാനികൾ.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആലുവയിലെ ജ്വല്ലറിക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച അസം നാഗോൺ സ്വദേശികളായ റാഷിദുൾ (19), അൻവർ (32), ഷാജഹാൻ (22) എന്നിവരെയും പിടികൂടി. മൊബൈൽ മോഷ്ടിച്ച അസം സ്വദേശികൾ സമാനമായ മറ്റ് കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കി.
ഇതിനുപുറമെ, വെളിയത്തുനാട് മില്ലുംപടി ഫാം റോഡ് ഭാഗത്തെ വീടിന്റെ പോർച്ചിൽ നിന്ന് ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച മുനമ്പം ചെട്ടിക്കാട് നടുമുറി വീട്ടിൽ അരുൺ (19), ചെങ്ങമനാട് ചാലക്കൽ പായപ്പിള്ളി വീട്ടിൽ സ്റ്റെവിൻ സ്റ്റാൻലി (19) എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെയും സമാന കുറ്റകൃത്യങ്ങൾക്ക് കേസുകളുണ്ടെന്ന് അധികൃതർ അറിയിച്ചു.
ആലുവ സിഐ പി.എം. ഷെമീറിന് പുറമെ എസ്ഐമാരായ അഖിൽ, ബെന്നി കുര്യാക്കോസ്, സജീഷ്, അലി, എഎസ്ഐ പ്രമോദ്, സിപിഒമാരായ ഷർനാസ്, ശ്രീരാജ്, റഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

