പാലക്കാട് ജില്ലയിൽ രാഷ്ട്രീയ വൃത്തങ്ങളെ പിടച്ചുലച്ച് പുതിയ അഴിമതി ആരോപണം. സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ.എൻ.
സുരേഷ് ബാബുവിനെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും അനധികൃത സ്വത്ത് സമ്പാദനവും ആരോപിച്ച് വിജിലൻസ് ഡയറക്ടർക്ക് ഔദ്യോഗിക പരാതി ലഭിച്ചു. വി.
മുസ്തഫ ആണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർക്ക് ഈ നിർണ്ണായക പരാതി സമർപ്പിച്ചിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി നിക്ഷേപങ്ങൾ എന്നിവയിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
പാലക്കാട് ജില്ലയിലെ മൂന്ന് പ്രമുഖ സഹകരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ സാമ്പത്തിക തിരിമറികൾ നടന്നിട്ടുണ്ടെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. ചിറ്റൂർ താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആൻഡ് റിസർച്ച് സെന്റർ, പാലക്കാട് ജില്ലാ എൻജിനീയറിങ് സഹകരണ സംഘം, ചിറ്റൂർ താലൂക്ക് പ്രവാസി ക്ഷേമ സഹകരണ സംഘം എന്നിവയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.
ഈ സ്ഥാപനങ്ങൾ വഴി ബിനാമി നിക്ഷേപങ്ങളും കണക്കിൽപ്പെടാത്ത പണത്തിന്റെ ഇടപാടുകളും നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഒപ്പം, വായ്പാ വിതരണത്തിലെ ക്രമക്കേടുകൾ, സ്വത്ത് മൂല്യനിർണയത്തിലെ കൃത്രിമം, സ്ഥാപനങ്ങളുടെ ഫണ്ട് വകമാറ്റൽ എന്നിവയും അന്വേഷണണത്തിന്റെ ഭാഗമാക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
ഇ.എൻ. സുരേഷ് ബാബുവിന്റെയും കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പേരിലുള്ള ബാങ്ക് നിക്ഷേപങ്ങൾ, ലോക്കറുകൾ, സ്ഥാവര സ്വത്തുക്കൾ എന്നിവയെക്കുറിച്ച് വിശദമായ പരിശോധന നടത്തേണ്ടതുണ്ട്.
വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദനത്തിൽ വിജിലൻസ് ഡയറക്ടർ ഉടൻ തന്നെ പ്രാഥമിക അന്വേഷണം ആരംഭിക്കണമെന്നാണ് ആവശ്യം. അന്വേഷണത്തിൽ സാമ്പത്തിക ക്രമക്കേടുകൾ സ്ഥിരീകരിക്കുകയാണെങ്കിൽ കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) ആദായനികുതി വകുപ്പിന്റെ ബിനാമി നിരോധന വിഭാഗത്തിനും കൈമാറണമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
അതിനിടെ, സിപിഎമ്മിന്റെ പാലക്കാട്ടെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ ഇ.എൻ. സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കിയിരുന്നു.
ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരെ പാർട്ടിക്ക് ഉള്ളിൽ നിന്നും മറ്റ് ഗുരുതരമായ ആരോപണങ്ങളും ഉയർന്നു വന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

