തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ ധനുഷ്, മമ്മൂട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ തമിഴ് ചിത്രമായ ‘ഓം’ ലെ രണ്ടാമത്തെ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. വീഡിയോയിൽ ധനുഷിനെയും മമ്മൂട്ടിയെയും കാണാൻ സാധിക്കും.
‘വീഴാ..വീരാ..’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സായ് അഭ്യങ്കർ ആണ്. അരുൺ ശ്രീനിവാസൻ വരികൾ എഴുതിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് ടിപ്പുവും സായ് അഭ്യങ്കറും ചേർന്നാണ്.
പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന ‘ഓം’ രണ്ട് ഭാഗങ്ങളായാണ് തിയറ്ററുകളിൽ എത്തുക. ‘ഓം ചാപ്റ്റര് 1, ഉധിരം: ദി ബ്ലഡ് വുഡ്’ എന്നാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് പേരിട്ടിരിക്കുന്നത്.
ചിത്രം നവംബർ 20ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. നേരത്തെ ഒക്ടോബർ 16ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാൽ ‘ജയിലർ 2’ ഒക്ടോബർ 15ന് തിയറ്ററുകളിൽ എത്തിയതിനെത്തുടർന്നാണ് ‘ഓം’ന്റെ റിലീസ് മാറ്റിവെച്ചത്. അമരൻ എന്ന ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ധനുഷിന്റെ കരിയറിലെ 55-ാമത്തെ ചിത്രമാണിത്. ഡി 55 എന്നായിരുന്നു സിനിമയുടെ വർക്കിംഗ് ടൈറ്റിൽ.
ഒരിടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. 2018ൽ റാം സംവിധാനം ചെയ്ത ‘പേരൻപ്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി അവസാനമായി തമിഴിൽ അഭിനയിച്ചത്.
ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ധനുഷിനും മമ്മൂട്ടിക്കും പുറമേ പ്രശസ്ത ബോളിവുഡ് താരം നസീറുദ്ദീൻ ഷായും ചിത്രത്തിൽ നിർണ്ണായക വേഷത്തിലുണ്ട്.
32 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും നസീറുദ്ദീൻ ഷായും വീണ്ടും ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്. മമ്മൂട്ടി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച് 1994ൽ പുറത്തിറങ്ങിയ ‘പൊന്തൻമാട’ എന്ന ചിത്രത്തിലും നസീറുദ്ദീൻ ഷാ ഒരു പ്രധാന വേഷം ചെയ്തിരുന്നു.
സായ് പല്ലവിയും ശ്രീലീലയുമാണ് ചിത്രത്തിലെ നായികമാർ. ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർ ബാർ ഫിലിംസും ആർ ടേക്ക് സ്റ്റുഡിയോസും ചേർന്നാണ് ഈ വലിയ ചിത്രം നിർമ്മിക്കുന്നത്.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

