മെക്സിക്കോ സിറ്റിയിൽ നടന്ന ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. മത്സരത്തിൽ തുടക്കത്തിൽ പിന്നിട്ടുനിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ഇംഗ്ലണ്ട്, നായകൻ ഹാരി കെയ്നിന്റെ ഇരട്ട
ഗോളുകളുടെ കരുത്തിലാണ് വിജയം ഉറപ്പിച്ചത്. ജൂലൈ 6-ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ മെക്സിക്കോയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.
എസ്റ്റാഡിയോ അസ്ടെകയിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇംഗ്ലീഷ് സംഘം അൽപ്പം പതർച്ച പ്രകടിപ്പിച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ പരിശീലകൻ തോമസ് തുഷേൽ പകരക്കാരനായി ഇറക്കിയ ആന്റണി ഗോർഡന്റെ സാന്നിധ്യം കളിയിൽ നിർണായകമായി.
ഗോർഡന്റെ വേഗതയും കൃത്യതയാർന്ന പാസുകളും കോംഗോയുടെ പ്രതിരോധനിരയെ തകർക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ഗോർഡൻ നൽകിയ മനോഹരമായ ക്രോസ് ഹെഡ്ഡറിലൂടെ വലയിലാക്കി കെയ്ൻ ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു.
തുടർന്ന് കളിയുടെ അവസാന നിമിഷങ്ങളിൽ ഗോർഡന്റെ തന്നെ പാസിൽ നിന്ന് കെയ്ൻ വിജയഗോൾ കണ്ടെത്തുകയായിരുന്നു. മത്സരശേഷം നായകൻ ഹാരി കെയ്നിനെ വാനോളം പുകഴ്ത്താൻ ആന്റണി ഗോർഡൻ മറന്നില്ല.
കെയ്നിനെ ഫുട്ബോളിലെ ഏറ്റവും ഉയർന്ന തലത്തിൽ നിൽക്കുന്ന താരമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. “അദ്ദേഹത്തോടൊപ്പം പരിശീലനം നടത്തുന്നതും കളിക്കുന്നതും വലിയൊരു അനുഭവമാണ്.
ലയണൽ മെസിയെപ്പോലെ ചരിത്രപരമായ നേട്ടങ്ങൾ സ്വന്തമാക്കുന്ന കെയ്ൻ, ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്.” ഗോർഡൻ വ്യക്തമാക്കി. നടപ്പ് സീസണിൽ മാത്രം 72 ഗോളുകളാണ് ഹാരി കെയ്ൻ ഇതിനോടകം അടിച്ചുകൂട്ടിയത്.
ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു സീസണിലെ 69 ഗോളുകൾ എന്ന റെക്കോർഡ് കെയ്ൻ മറികടന്നു. ഈ ലോകകപ്പിലെ നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളാണ് താരം ഇതുവരെ നേടിയിരിക്കുന്നത്.
നിലവിൽ 91 ഗോളുകളുമായി ലയണൽ മെസ്സി മാത്രമാണ് കെയ്നിന് മുന്നിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

