തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ പൗരാണികമായ കിഴക്കേ ഗോപുരം നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് 3-ാം തീയതി തുടക്കം കുറിക്കുന്നു. റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി നൽകുന്ന 10 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെയാണ് ഗോപുരത്തിന്റെ പുനരുദ്ധാരണം പൂർത്തിയാക്കുന്നത്.
ശ്രീരാമൻ ദർശനം നടത്തിയതായി വിശ്വാസമുള്ള ഈ ക്ഷേത്രത്തിന്റെ പ്രധാന കവാടം കൂടിയാണ് കിഴക്കേ ഗോപുരം. പുനരുദ്ധാരണ പ്രവർത്തനങ്ങളെക്കുറിച്ച് ടിടികെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ് കുമാർ വിശദീകരിച്ചതിങ്ങനെ: “ക്ഷേത്രത്തോളം പഴക്കമുണ്ടാവുകയില്ലെങ്കിലും ചെങ്കല്ലിൽ അപൂർവമായ കൊത്തുപണികൾ ഉള്ള ഈ ഗോപുരത്തിന്റെ കാലപ്പഴക്കം നിർണയിക്കാൻ സാധിച്ചിട്ടില്ല”.
ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ഗോപുരത്തിൽ കേരളത്തിലെ അപൂർവമായ ഗജലക്ഷ്മിയുടെ രൂപങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. ഗോപുരത്തിന് സമീപത്തെ കുളം നിർമിക്കുന്ന വേളയിൽ ലഭിച്ച കല്ലുകളാകാം ഇതിന്റെ നിർമാണത്തിനായി ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു.
ചേര രാജാക്കന്മാരുടെ കാലഘട്ടത്തിലാകാം ഗോപുരത്തിന്റെ നിർമാണം നടന്നതെന്ന ചരിത്രപരമായ നിഗമനവുമുണ്ട്. ചിറ്റാരിക്കാൽ വരക്കാട് സ്വദേശിയായ കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള സംഘമാണ് നവീകരണത്തിന് നേതൃത്വം നൽകുന്നത്.
3-ാം തീയതി രാവിലെ 6.50നും 7നും ഇടയിലുള്ള മുഹൂർത്തത്തിൽ രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നുംകുടം സമർപ്പിച്ച ശേഷം ടി.പി.വിനോദ് കുമാർ, കുഞ്ഞിരാമന് മുഴക്കോൽ കൈമാറുന്നതോടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും. ഗോപുരത്തിലെ കല്ലുകൾ അടർത്തിമാറ്റി, ക്ഷേത്രത്തിന് പുറത്ത് അതേ രീതിയിൽ ക്രമീകരിച്ച ശേഷം കേടുപാടുകൾ സംഭവിച്ച കല്ലുകൾ മാറ്റി സ്ഥാപിച്ചാണ് നവീകരണം നടത്തുന്നത്.
ഒരു വർഷത്തിനുള്ളിൽ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം. നേരത്തെ ക്ഷേത്രദർശനത്തിനെത്തിയ വേളയിൽ കിഴക്കേ ഗോപുരം ഉൾപ്പെടെയുള്ള ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾക്കായി 13 കോടി രൂപയുടെ സഹായം അനന്ത് അംബാനി പ്രഖ്യാപിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

