കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്കൂളിലെ പ്രവേശനോത്സവത്തിനിടെ വി.മുരളീധരൻ എംഎൽഎ നടത്തിയ മിഠായി വിതരണം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കുന്നു. കുട്ടികളുടെ കൈകളിലേക്ക് മിഠായി നൽകുന്നതിന് പകരം, പായ്ക്കറ്റിൽ നിന്നും മേശപ്പുറത്തേക്ക് തട്ടിയിട്ടുവെന്നാരോപിച്ച് മുൻ വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
ഇക്കാര്യത്തിൽ രൂക്ഷമായ ഭാഷയിലാണ് ശിവൻകുട്ടി പ്രതികരിച്ചത്. “ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് മുരളീധരന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ജന്മിത്ത മനോഭാവത്തെയാണിത് കാണിക്കുന്നത്” എന്ന് അദ്ദേഹം വിമർശിച്ചു.
അടിമകൾക്ക് ആഹാരം നൽകുന്നതിന് സമാനമായ ഈ പ്രവൃത്തി പ്രാകൃതമാണെന്നും സവർണ്ണ മനോഭാവമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക വിഭാഗത്തിൽപ്പെട്ട
കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഇത്തരത്തിൽ പെരുമാറിയത് അങ്ങേയറ്റം ഹീനമാണെന്നും, കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന് ചേർന്നതല്ല ഇതെന്നും ശിവൻകുട്ടി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. കൂടാതെ, എ.എ.റഹീമും വിഷയത്തിൽ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ, ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് വി.മുരളീധരൻ മറുപടി നൽകി. പരിപാടിക്കായി താൻ സ്വന്തം നിലയ്ക്ക് വാങ്ങിയ മിഠായികളാണ് വിതരണം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
“പരിപാടിക്കു മന്ത്രി എത്തിയതിനാൽ വേഗത്തിൽ വിതരണം പൂർത്തിയാക്കാനാണ് മേശ തോറും ഒന്നിച്ചു നൽകിയത്” എന്ന് അദ്ദേഹം വ്യക്തമാക്കി. കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ സമയക്രമം കണക്കിലെടുത്താണ് അങ്ങനെ ചെയ്തതെന്നും, ഇതിനെ ജാതി വിദ്വേഷത്തിന്റെ നിറം നൽകാൻ സിപിഎം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
“നിയമസഭ തല്ലിത്തകർത്ത് ശിവൻകുട്ടി അപ്പൂപ്പനിൽ നിന്ന് സംസ്കാരം പഠിക്കേണ്ട ഗതികേട് തൽക്കാലം ഇല്ല” എന്ന് വ്യക്തമാക്കിയ വി.മുരളീധരൻ, സിപിഎം കുഞ്ഞുങ്ങളിൽ പോലും വിഷം നിറയ്ക്കാൻ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

