സ്പ്രെഡ്ഷീറ്റ് ജോലികൾ കൂടുതൽ എളുപ്പമാക്കുന്നതിനായി Google അവതരിപ്പിച്ച Gemini സേവനം ഇതിനോടകം വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. എന്നാൽ ഇതിന്റെ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പുതിയൊരു ഫീച്ചറുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നു.
Sheet canvas എന്ന് പേരിട്ടിരിക്കുന്ന ഈ സവിശേഷതയിലൂടെ സ്പ്രെഡ്ഷീറ്റുകളെ കസ്റ്റം ഇന്ററാക്ടീവ് “mini-apps” ആക്കി മാറ്റാൻ സാധിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു. ഡാറ്റ വർദ്ധിക്കുമ്പോൾ ഗൂഗിൾ ഷീറ്റുകൾ കൈകാര്യം ചെയ്യുക എന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമായി മാറാറുണ്ട്.
പ്രത്യേക വിവരങ്ങൾ പെട്ടെന്ന് കണ്ടെത്തുന്നതിനും ഇത് തടസ്സമാകുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനാണ് ജെമിനിയുടെയും മിനി ആപ്പുകളുടെയും ശക്തി ഗൂഗിൾ ഉപയോഗപ്പെടുത്തുന്നത്.
സ്പ്രെഡ്ഷീറ്റ് ഡാറ്റയ്ക്ക് മുകളിലായി പ്രവർത്തിക്കുന്ന ഡൈനാമിക്, റീഡ്-റൈറ്റ് ലെയർ ആണ് ഈ ഫീച്ചറെന്ന് കമ്പനി വിശദമാക്കുന്നു. അതിനാൽ കോളങ്ങളെയും വരികളെയും കുറിച്ച് ഓർത്ത് ടെൻഷനടിക്കേണ്ടതില്ല.
മിനി ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഇഷ്ടാനുസരണം ഡാറ്റ മാനേജ് ചെയ്യാനും നാവിഗേറ്റ് ചെയ്യാനും സാധിക്കും. ഈ മിനി ആപ്പുകൾ നിർമ്മിക്കുന്നതിന് യാതൊരുവിധ കോഡിംഗ് അറിവും ആവശ്യമില്ല എന്നത് ഇതിന്റെ പ്രധാന പ്രത്യേകതയാണ്.
Gemini എല്ലാ കാര്യങ്ങളും സ്വയം ചെയ്യും. നിങ്ങൾ ചെയ്യേണ്ടത് സ്വാഭാവിക ഭാഷയിൽ (natural language) നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് വിവരിച്ചു നൽകുക മാത്രമാണ്.
മിനി ആപ്പിൽ വരുത്തുന്ന മാറ്റങ്ങൾ സ്പ്രെഡ്ഷീറ്റിൽ സ്വയമേവ പ്രതിഫലിക്കുകയും ചെയ്യും. കൂടാതെ ആവശ്യാനുസരണം മിനി ആപ്പിൽ മാറ്റങ്ങൾ വരുത്തുന്നത് തുടരാവുന്നതുമാണ്.
വിവിധ വിഷയങ്ങളും സമയപരിപാലനവും കൈകാര്യം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഇതൊരു ഇന്ററാക്ടീവ് സ്റ്റഡി പ്ലാനറായി ഉപയോഗിക്കാമെന്ന് ഗൂഗിൾ പറയുന്നു. അസൈൻമെന്റുകൾ ട്രാക്ക് ചെയ്യാനും പുരോഗതി നിരീക്ഷിക്കാനും റിമൈൻഡറുകൾ സജ്ജീകരിക്കാനും വരാനിരിക്കുന്ന ഡെഡ്ലൈനുകളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാനും ഇത് സഹായിക്കും.
ഫുട്ബോൾ ആരാധകരാണെങ്കിൽ ഫാൻസി ഫുട്ബോൾ ടീമിനായി ഒരു കമാൻഡ് സെന്റർ നിർമ്മിക്കാനും Sheet canvas ഉപയോഗിക്കാം. ഇതിലൂടെ ടീമിന്റെയും കളിക്കാരുടെയും പ്രകടനം ട്രാക്ക് ചെയ്യാനും സ്റ്റാറ്റിസ്റ്റിക്സ് താരതമ്യം ചെയ്യാനും സാധിക്കും.
ചുരുക്കത്തിൽ ഗൂഗിൾ ഷീറ്റിലെ കലുഷിതമായ പ്രോജക്റ്റ് ട്രാക്കറുകളെ കൈകാര്യം ചെയ്യാൻ എളുപ്പമുള്ള ക്ലീൻ ഡാഷ്ബോർഡാക്കി മാറ്റാൻ മിനി ആപ്പുകൾക്ക് സാധിക്കും. സ്പ്രെഡ്ഷീറ്റിനുള്ളിലെ ജെമിനി സൈഡ്ബാറിൽ “Create canvas” ഓപ്ഷൻ ലഭ്യമാകും.
ഈ ഫീച്ചർ എങ്ങനെ ഉപയോഗിക്കാമെന്നതിന്റെ കൂടുതൽ വിവരങ്ങൾ ഗൂഗിൾ സപ്പോർട്ട് പേജിൽ ലഭ്യമാണ്. Google AI Pro, Ultra വരിക്കാർക്കായി ഷീറ്റ്സ് കാൻവാസ് ആഗോളതലത്തിൽ ലഭ്യമായിക്കൊണ്ടിരിക്കുകയാണ്.
കൂടാതെ ബിസിനസ്സ്, എന്റർപ്രൈസ്, സ്റ്റാൻഡേർഡ്, പ്ലസ്, എജ്യുക്കേഷൻ ആഡ്-ഓണിലെ AI Pro എന്നിവയുടെ Google Workspace ഉപയോക്താക്കൾക്കും ഇത് ലഭ്യമാണ്. തൽക്കാലം ഈ ഫീച്ചർ ഇംഗ്ലീഷിലുള്ള സ്പ്രെഡ്ഷീറ്റുകളിൽ മാത്രമേ പ്രവർത്തിക്കൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

