ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് (എൻഎഎൽഎസ്എആർ) ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും 2026ൽ പഠിച്ചിറങ്ങുന്ന വിദ്യാർഥികളെ അഭിഭാഷകരായി എൻട്രോൾ ചെയ്യരുതെന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതി രംഗത്ത്. വിദ്യാർഥികൾക്കെതിരെ യാതൊരുവിധ നടപടികളും സ്വീകരിക്കരുതെന്ന് സുപ്രീം കോടതി ബാർ കൗൺസിലുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ബാർ കൗൺസിൽ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിവാദ സർക്കുലറിലാണ് കോടതി ഔദ്യോഗികമായി വിശദീകരണം തേടിയത്. ‘‘ഇത് തീർത്തും അനാവശ്യമാണ്.
ഞാനും പ്രതിഷേധങ്ങളിൽ സജീവമായി പങ്കെടുത്ത ഒരു വിദ്യാർഥിയായിരുന്നു. ഇത് ഞാനും വിദ്യാർഥികളും തമ്മിലുള്ള വിഷയമാണ്.
അവർക്ക് (ബിസിഐക്ക്) ഇതിൽ ഇടപെടാൻ എന്ത് അവകാശമാണുള്ളത്?’’– എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയിൽ സീനിയർ അഭിഭാഷകൻ കെ.
പരമേശ്വർ ആണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ സർക്കുലർ വിഷയം കൊണ്ടുവന്നത്. തുടർന്ന് വിദ്യാർഥികൾക്ക് പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിക്കുകയുണ്ടായി.
വിദ്യാർഥികൾക്കോ അധ്യാപകർക്കോ എതിരെ ഒരുവിധ ശിക്ഷാ നടപടികളും പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പ്രസ്തുത സർക്കുലർ പിൻവലിച്ചതായി ബിസിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ലോ യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങിലേക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെ ക്ഷണിച്ചതിനെതിരെ വിദ്യാർഥികൾ മുൻപ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് എൻഎഎൽഎസ്എആർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും 2026ൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികളെ അഭിഭാഷകരായി എൻട്രോൾ ചെയ്യരുതെന്ന് കാണിച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) സർക്കുലർ പുറത്തിറക്കിയത്.
എന്നാൽ ഈ നടപടി വിവാദമായതിനെ തുടർന്ന് സർക്കുലർ പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ അധികാരികൾ ഇത് പിൻവലിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ഉയർന്ന ജുഡീഷ്യൽ പദവിയോട് ആദരവില്ലാത്ത നിയമവിദ്യാർഥിക്ക് ഉത്തരവാദിത്തമുള്ള അഭിഭാഷകനോ ന്യായാധിപനോ ആകാൻ കഴിയില്ലെന്നായിരുന്നു ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ മുൻ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

