വേലൂർ (തൃശൂർ)∙ അർണോസ് പാതിരി മൂന്നു നൂറ്റാണ്ടു മുൻപ് വേലൂരിൽ താമസിച്ചിരുന്ന വസതിയോടും ദേവാലയത്തോടും ചേർന്നുള്ള ആനപ്പള്ള മതിൽ പുനർനിർമിച്ചു. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന അർണോസ് വസതിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കൊപ്പമാണ് ചരിത്രപ്രസിദ്ധമായ ആനപ്പള്ള മതിലും പുനർനിർമിച്ചത്.
അർണോസ് ദേവാലയത്തിനു സമീപം വേലൂരിൽ പുതിയ ഫൊറോന ദേവാലയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് 2006 ജൂലൈയിലാണ് ആനപ്പള്ള മതിൽ പൊളിച്ചത്.
2014ൽ പള്ളിയുടെ തെക്കുഭാഗത്തെ പുരാതന മതിൽ 50 മീറ്റർ നീളത്തിലും പൊളിച്ചുനീക്കുകയുണ്ടായി. 1995ലാണ് അർണോസ് ദേവാലയവും വസതിയും പുരാവസ്തു വകുപ്പ് ഏറ്റെടുത്തത്.
ആനപ്പള്ള മതിലിന്റെ വടക്കു കിഴക്കേ മൂലയിൽ പുറത്തേക്ക് ഉന്തി നിന്നിരുന്ന ഒരു അടയാളം ദേവാലയ നിർമിതിക്കു വേണ്ടി റോമാ സിംഹാസനത്തിന്റെ അംഗീകാരം അർണോസ് പാതിരിക്ക് ലഭിച്ചതിന്റെ ഒരു മുദ്രയായിരുന്നു.
മൂന്നു നൂറ്റാണ്ടു മുൻപ് ഹൈന്ദവ ക്ഷേത്ര നിർമാണ രീതികൾ അവലംബിച്ചു കൊണ്ടായിരുന്നു അർണോസ് പാതിരി ദേവാലയ നിർമാണം പൂർത്തിയാക്കിയത്.
കാഴ്ചക്കാർക്കും ചരിത്രപ്രേമികൾക്കും ഏറെ കൗതുകമുണർത്തിയ അർണോസ് ദേവാലയത്തിന്റെ ആനപ്പള്ള മതിൽ പൊളിച്ചുകളഞ്ഞതിനെതിരെ വേലൂരിൽ ഒട്ടേറെ പ്രതിഷേധ സമരങ്ങൾ നടന്നു. മതിൽ പുരാവസ്തു വകുപ്പ് തന്നെ നിർമിക്കണമെന്ന് 2018 മാർച്ചിൽ ഹൈക്കോടതി വിധിയുണ്ടായി.
തുടർന്നാണ് പൗരാണികത അതേപടി നിലനിർത്തി ആനപ്പള്ള മതിലിന്റെ നിർമാണം പൂർത്തീകരിച്ചത്. പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ, എൻജിനീയർമാരായ എസ്.ഭൂപേഷ്, ടി.എസ്.ഗീത, ടി.ജി.കീർത്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുനർനിർമാണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

