രണ്ടാമതും അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെ ഡോണൾഡ് ട്രംപ് ആരംഭിച്ച നയപരമായ തീരുവയുദ്ധം കൂടുതൽ സങ്കീർണ്ണമായ തലത്തിലേക്ക് കടക്കുകയാണെന്ന് റിപ്പോർട്ട്. യുഎസ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവകളിൽ നിന്ന് ഒഴിവാകാൻ ചൈന ആവിഷ്കരിച്ച തന്ത്രങ്ങൾക്ക് ഇന്ത്യ ഉൾപ്പെടെയുള്ള നാൽപ്പതോളം രാജ്യങ്ങൾ ഒത്താശ ചെയ്തെന്ന ഗുരുതരമായ ആരോപണവുമായി അമേരിക്ക രംഗത്തെത്തി.
2018 മുതൽ തന്നെ ചൈന ഇത്തരം അനധികൃത തട്ടിപ്പുകൾ തുടരുന്നുണ്ടെന്നാണ് ട്രംപിന്റെ ഉപദേശകനും ഇന്ത്യയുടെ വിമർശകനുമായ പീറ്റർ നവാരോയുടെ വെളിപ്പെടുത്തൽ. ചൈനയുടെ കയറ്റുമതി തിരിമറികൾക്കെതിരെ സെക്ഷൻ 301 പ്രകാരമുള്ള അന്വേഷണം യുഎസ് പ്രഖ്യാപിച്ച കാലയളവ് മുതൽ ഈ വ്യാപാര വെട്ടിപ്പ് വ്യാപകമാണെന്നും അദ്ദേഹം ആരോപിക്കുന്നു.
ഏകദേശം 4,000 കോടി ഡോളർ (ഏകദേശം 3.85 ലക്ഷം കോടി രൂപ) മുതൽ 30,300 കോടി ഡോളറിന്റെ (29 ലക്ഷം കോടി രൂപ) വരെ അനധികൃത കയറ്റുമതിയാണ് ഈ മാർഗ്ഗത്തിലൂടെ അമേരിക്കയിലേക്ക് നടത്തിയിട്ടുള്ളതെന്നാണ് കണക്കാക്കപ്പെടുന്നത്. ‘‘വർഷങ്ങളായി കമ്യൂണിസ്റ്റ് ചൈന ഈ കയറ്റുമതി തട്ടിപ്പ് നടത്തുകയാണ്.
40 രാജ്യങ്ങളിലൂടെയാണ് തട്ടിപ്പ്. യുഎസിന്റെ വലിയ വ്യാപാര പങ്കാളികളായ ഇന്ത്യ, ജപ്പാൻ, യൂറോപ്യൻ യൂണിയൻ, കാനഡ, ദക്ഷിണ കൊറിയ, മെക്സിക്കോ എന്നിവയും ഇതിന് കൂട്ടുനിൽക്കുകയാണ്’’ എന്ന് പീറ്റർ നവാരോ വ്യക്തമാക്കുകയുണ്ടായി.
മുൻകാലങ്ങളിൽ റഷ്യൻ എണ്ണ ഇറക്കുമതിയുടെ പശ്ചാത്തലത്തിലും നവാരോ ഇന്ത്യയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. യുക്രെയ്നിൽ നടക്കുന്ന സംഭവവികാസങ്ങളെ ‘മോദിയുടെ യുദ്ധം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇന്ത്യയ്ക്ക് ക്രൂഡോയിൽ നൽകുന്നതിലൂടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ കൈപ്പറ്റുന്നത് ‘ചോരപ്പണം’ ആണെന്ന തരത്തിലുള്ള പ്രസ്താവനകളും നടത്തിയിരുന്നു.
ഉൽപ്പന്നങ്ങളുടെ ലേബലുകൾ മാറ്റിയൊട്ടിച്ചും ഇൻവോയ്സുകളിലും പാക്കേജിംഗിലും കൃത്രിമം കാണിച്ചുമാണ് ചൈന ഈ വ്യാപാര തിരിമറി നടത്തുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. കുറഞ്ഞ കയറ്റുമതി തീരുവ ചുമത്തുന്ന രാജ്യങ്ങളുടെ മേൽവിലാസം ഉപയോഗിച്ചാണ് ചൈനീസ് ഉൽപ്പന്നങ്ങൾ യുഎസിലേക്ക് കടത്തുന്നത്.
ഇതിലൂടെ വൻതോതിൽ തീരുവയിളവുകൾ നേടിയെടുക്കാനും വലിയ ലാഭം കൊയ്യാനും ചൈനയ്ക്ക് സാധിക്കുന്നുണ്ടെന്നും തൊഴിലാളി ചൂഷണം വഴിയാണ് ഇത്തരം നേട്ടങ്ങൾ കൈവരിക്കുന്നതെന്നും നവാരോ ആരോപിക്കുന്നു. ഇന്ത്യയുടെ മണ്ണിലൂടെ നടക്കുന്ന ഇത്തരം കയറ്റുമതി തിരിമറികളുടെ വ്യക്തമായ ഉദാഹരണങ്ങളും നവാരോ പുറത്തുവിട്ട
റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൈനയിൽ നിർമ്മിക്കപ്പെടുന്ന പമ്പ് സെറ്റുകൾ പുനെയിൽ എത്തിച്ച്, പിന്നീട് ‘ഇന്ത്യൻ പമ്പ്’ എന്ന ലേബലിൽ അമേരിക്കയിലേക്ക് കയറ്റി അയക്കുന്നുണ്ടെന്നാണ് പ്രധാന ആരോപണം.
ഇത്തരം വ്യാപാര വെട്ടിപ്പുകൾ കർശനമായി തടയുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ ട്രാക്കിങ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് യുഎസ് ഭരണകൂടം ഇപ്പോൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

