തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലായ 48 വയസ്സുകാരിയെ സ്വന്തം വസതിയിൽ മൃഗീയമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.
കൊണ്ടമല്ലേപ്പള്ളിയിലെ നാഗാർജുന പബ്ലിക് സ്കൂൾ പ്രിൻസിപ്പലും ഡയറക്ടറുമായ കല്ലു രൂപ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ശരീരത്തിൽ ഇരുപത്തിയേഴ് കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.
ജെബി കോളനിയിലെ വസതിയിൽ ഭർത്താവ് രാജേന്ദർ റെഡ്ഡിക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. ദമ്പതികൾക്ക് ഹൈദരാബാദിലും സ്വന്തമായി വീടുണ്ട്.
ഇവരുടെ മകൻ അഭിനവ് റെഡ്ഡി ഹൈദരാബാദിൽ എൻജിനീയറിങ് വിദ്യാർഥിയാണ്. മൂന്ന് ദിവസത്തെ അവധി പ്രമാണിച്ച് രൂപ റെഡ്ഡിയും ഭർത്താവും ഹൈദരാബാദിലേക്ക് പോയിരുന്നു.
എന്നാൽ ജോലി ആവശ്യങ്ങൾക്കായി ഭർത്താവ് അവിടെ തുടർന്നപ്പോൾ, ചൊവ്വാഴ്ച രൂപ ഒറ്റയ്ക്ക് കൊണ്ടമല്ലേപ്പള്ളിയിലേക്ക് മടങ്ങിയെത്തി. പകൽ സമയത്ത് സ്കൂളിലെത്തിയ അവർ വൈകിട്ട് ആറര വരെ അവിടെ ഉണ്ടായിരുന്നു.
അതിനുശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. ബുധനാഴ്ച രാവിലെ ഭർത്താവ് രാജേന്ദർ റെഡ്ഡി ഫോണിൽ വിളിച്ചപ്പോൾ രൂപയെ കിട്ടാതിരുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഫോൺ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് ഇതേ കെട്ടിടത്തിൽ താമസിക്കുന്ന വാടകക്കാരെ വിളിച്ച് അന്വേഷിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. പലതവണ ശ്രമിച്ചിട്ടും പ്രതികരണമില്ലാതെ വന്നതോടെ വാടകക്കാർ വിവരം രാജേന്ദറിനെ അറിയിച്ചു.
തുടർന്ന് അദ്ദേഹം വീട്ടിനടുത്ത് താമസിക്കുന്ന ചിന്തപള്ളി സബ് ഇൻസ്പെക്ടർ രാമമൂർത്തിയെ ബന്ധപ്പെട്ട് സഹായം അഭ്യർഥിക്കുകയായിരുന്നു. എസ്ഐയും അയൽക്കാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് രൂപയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. രൂപയുടെ ശരീരത്തിൽ നിരവധി കുത്തേറ്റ പാടുകളുണ്ടെന്നും ചില റിപ്പോർട്ടുകൾ പ്രകാരം 27 മുറിവുകൾ വരെ ഉണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു.
കൊലപാതകത്തിനു പിന്നിലെ ലക്ഷ്യമോ പ്രതിയെയോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എല്ലാ സാധ്യതകളും പരിശോധിച്ചു വരികയാണെന്നും അന്വേഷണത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.
കൊലയാളി രൂപയ്ക്ക് പരിചയമുള്ളയാളാണോ എന്നും അയാൾ എങ്ങനെ വീട്ടിനുള്ളിൽ പ്രവേശിച്ചു എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും ഫോൺ കോൾ വിവരങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

