സംസ്ഥാനത്ത് ലഹരി വ്യാപനത്തിനെതിരെയുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ പിറ്റ് നിയമപ്രകാരം ഒരു വർഷത്തേക്ക് ജയിലിൽ അടച്ചു. വലപ്പാട് സ്വദേശിയായ മുഹമ്മദ് ഷെജി (30) ആണ് കർശന നടപടിക്ക് വിധേയനായത്.
ആറ് മയക്കുമരുന്ന് കടത്ത് കേസുകൾ ഉൾപ്പെടെ ആകെ 11 ക്രിമിനൽ കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്. തൃശൂർ റൂറൾ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഈ കരുതൽ തടങ്കൽ നടപടികൾക്ക് നേതൃത്വം നൽകിയത്.
നാട്ടികയിൽ നിന്ന് 6 കിലോ 650 ഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ തൃശൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പ്രതി. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി ഇയാളെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
വലപ്പാട്, കൊരട്ടി, ചേര്‍പ്പ് സ്റ്റേഷൻ പരിധികളിൽ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി ഇയാൾ നേരത്തെയും പിടിയിലായിട്ടുണ്ട്. ഇതിന് പുറമേ വാടാനപ്പള്ളി, വലപ്പാട് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസ്, ആയുധ നിയമപ്രകാരമുള്ള ഒരു കേസ്, മൂന്ന് അടിപിടിക്കേസുകൾ ഉൾപ്പെടെ മറ്റ് അഞ്ച് ക്രിമിനൽ കേസുകളിലും പ്രതിയാണ് മുഹമ്മദ് ഷെജി എന്ന് പൊലീസ് വ്യക്തമാക്കി.
ഈ നിയമനടപടികൾ ഏകോപിപ്പിക്കുന്നതിൽ വലപ്പാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ കെ, ജി.എസ്.ഐ ഉണ്ണി പി.വി, സി.പി.ഒമാരായ മാഷ്, ജെസ്ലിൻ തോമസ് എന്നിവർ നിർണായക പങ്കുവഹിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

