പഴഞ്ഞി∙ യുവകർഷകനും ഫൊട്ടോഗ്രാഫറുമായ ജറുശലേം ചോഴികുന്നത്ത് വീട്ടിൽ ഷൈജു(46) ഷോക്കേറ്റ് മരിച്ചു. സംസ്കാരം ഇന്ന്.
ഇന്നലെ ഉച്ചയോടെ അരുവായി പാടത്തായിരുന്നു അപകടം. പാടത്തെ നെൽചെടികൾക്ക് തോട്ടിൽ നിന്ന് വെള്ളം മോട്ടർ ഉപയോഗിച്ച് പമ്പ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.
നാട്ടുകാർ ഉടനെ ഷൈജുവിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജറുശലേമിലെ ബീറ്റ സ്റ്റുഡിയോ ഉടമയും അരുവായി പാടശേഖരസമിതി പ്രസിഡന്റുമാണ് ഷൈജു.
ഭാര്യ: രോഷിണി. മക്കൾ: ശ്രാതിക, ശ്രേയ.
മണ്ണ് ജീവനായി കരുതിയ ഷൈജു
പഴഞ്ഞി∙ മഹാരാഷ്ട്രയിൽ മാത്രം കൃഷി ചെയ്തിരുന്ന നസ്രബാത്ത് നെല്ലിനം അരുവായി പാടത്ത് കൃഷി ചെയ്തതിനെ പറ്റി മനോരമ നൽകിയ വാർത്ത സാമൂഹികമാധ്യമങ്ങൾ പങ്കുവച്ച് ഷൈജു എഴുതിയത് ‘മണ്ണിലാണ് ജീവൻ’ എന്നായിരുന്നു.
കൃഷിയെ ജീവന് തുല്യം സ്നേഹിച്ച യുവ കർഷകനായ ഷൈജു തന്റെ കൃഷിയിടത്തിലെ നെൽകൃഷിക്ക് വെള്ളം പമ്പ് ചെയ്യുന്നതിനിടെയാണ് ഷോക്കേറ്റ് മരണത്തിന് കീഴടങ്ങിയത്.
നസ്രബാത്ത് നെല്ലിന് പുറമേ ജ്യോതി, ഉമ, പൊൻമണി നെല്ലുകളും പാട്ടത്തിനെടുത്ത 12 ഏക്കറിൽ ഷൈജു കൃഷി ചെയ്തിരുന്നു. തോട്ടുവരമ്പിൽ വാഴക്കൃഷിയും ബീറ്റ്റൂട്ട് കൃഷിയും ചെയ്ത് വ്യത്യസ്തത പുലർത്തിയ ഷൈജുവിന്റെ മരണം കൃഷിക്കാർക്കും തീരാനൊമ്പരമായി മാറി.
ഇത്തവണ ആദ്യമായി അരുവായി പാടശേഖരത്തെ പ്രസിഡന്റായപ്പോൾ തരിശിട്ട കൂടുതൽ കൃഷിയിടങ്ങളിൽ ഷൈജുവിന്റെ നേതൃത്വത്തിൽ പാടശേഖര സമിതി കൃഷിയിറക്കിയിരുന്നു.
ഫൊട്ടോഗ്രഫറായ ഷൈജു കൂടുതൽ സമയവും കൃഷിയെയും കർഷകരെയും പരിപോഷിപ്പിക്കുന്നതിനാണ് ശ്രമിച്ചിരുന്നത്. ആനകളുടെ വ്യത്യസ്തങ്ങളായ ഒട്ടേറെ ചിത്രങ്ങളും ഷൈജു പകർത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

