കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആസൂത്രിതമായി മോഷണം നടത്തിവന്ന 11 അംഗ ഇതരസംസ്ഥാന സംഘത്തെ പൊലീസ് പിടികൂടി. തൃശൂർ, എറണാകുളം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള സംയുക്ത പൊലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.
ഉത്തർപ്രദേശ് മീററ്റ് സ്വദേശികളായ സമീർ, മൊഹ്സിൻ, മുഹമ്മദ് സാജിദ് അൻസാരി, മുഹമ്മദ് സാഹിൽ, മോനിഷ് എന്നിവരെ കണ്ണൂർ സിറ്റി പൊലീസ് ആണ് പിടികൂടിയത്. ഇതിനുപുറമേ കളമശേരിയിൽനിന്ന് അഞ്ചുപേരും തൃശൂരിൽനിന്ന് ഒരാളും പിടിയിലായിട്ടുണ്ട്.
വിമാനമാർഗമാണ് പ്രതികൾ കേരളത്തിൽ എത്തിയത്. എന്നാൽ പ്രാദേശിക യാത്രകൾക്കായി ഡൽഹിയിൽനിന്ന് ട്രെയിൻ മാർഗം ഇരുചക്രവാഹനങ്ങൾ ഇവർ ഇവിടെ എത്തിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
സംഘത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു വാട്സാപ് ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നു. ഈ ഗ്രൂപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കാൻ സഹായിച്ചത്.
തൃശൂർ പറവട്ടാനിയിൽ തൊഴിലാളികളുടെ വേഷത്തിലെത്തി ബിഎസ്എൻഎലിന്റെ ജംക്ഷൻ ബോക്സിൽ നിന്ന് വയറുകളും ചിപ്പുകളും പട്ടാപ്പകൽ മോഷ്ടിക്കുന്നതിനിടെ യുപി സ്വദേശിയായ റിഹാൻ പിടിയിലായതോടെയാണ് വൻകിട റാക്കറ്റിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ 7.15നു പറവട്ടാനിയിലെ ഹോട്ടലിനു സമീപത്തു റോഡരികിൽ നാല് ചെറുപ്പക്കാർ കേബിളുകളും മറ്റും മുറിച്ചു ചാക്കിലാക്കുന്നത് ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. യൂണിഫോമും ഹെൽമറ്റും ധരിച്ചിരുന്നതിനാൽ ഇവരെ യഥാർത്ഥ തൊഴിലാളികളാണെന്നാണ് ആദ്യം കരുതിയത്.
എന്നാൽ ഓട്ടോ ഡ്രൈവർ അരികിലെത്തി കാര്യം അന്വേഷിച്ചപ്പോൾ മൂന്നുപേർ ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് നാലാമനായ റിഹാനെ നാട്ടുകാർ പിടികൂടി ഈസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു.
തുടർന്ന് റിഹാനെ ചോദ്യം ചെയ്തപ്പോഴാണ് കവർച്ചയ്ക്കായി വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി പ്രവർത്തിക്കുന്ന വലിയൊരു സംഘത്തിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. രണ്ടുപേർ വീതമുള്ള ചെറിയ സംഘങ്ങളായാണ് ഇവർ മോഷണത്തിനായി യുപിയിൽ നിന്ന് കേരളത്തിൽ എത്തിയിരുന്നത്.
നിർമാണം നടക്കുന്ന വീടുകൾ, ടെലിഫോൺ എക്സ്ചേഞ്ച് ബൂത്തുകൾ എന്നിവയാണ് ഇവർ പ്രധാനമായും മോഷണത്തിനായി ലക്ഷ്യമിട്ടിരുന്നത്. പ്രതികളിൽ നിന്ന് നാല് ഇരുചക്ര വാഹനങ്ങളും നിരവധി കവർച്ചാസാമഗ്രികളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കണ്ണൂർ എസിപി എം.പി.ആസാദ്, കണ്ണൂർ ടൗൺ സിഐ മഹേഷ് കണ്ടമ്പേത്ത്, എസ്ഐമാരായ വിനോദ്, ഷാജി, എഎസ്ഐമാരായ രാജീവൻ, സ്നേഹേഷ്, സജിത്ത്, ലവൻ, സിവിൽ പൊലീസ് ഓഫിസർമാരായ നാസർ, അനൂപ്, ഷംസീർ അഹമ്മദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

