പ്രായത്തെ വെല്ലുന്ന അഭിനയമികവിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനാവുകയാണ് 92-ാം വയസ്സിൽ അഭിനയത്തിലേക്ക് കടന്നുവന്ന തെക്കുംപാടം മഞ്ഞക്കുന്ന് പടിഞ്ഞാറേക്കുടിയിൽ പോൾ എന്ന ചീരച്ചായൻ. വെറും ഒൻപത് മാസത്തിനിടെ അഞ്ച് ഹ്രസ്വചിത്രങ്ങളിലാണ് ഇദ്ദേഹം വേഷമിട്ടത്.
ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ യുട്യൂബിലൂടെ ഈ ഹ്രസ്വചിത്രങ്ങൾ കണ്ടത് രണ്ട് ദശലക്ഷത്തോളം ആളുകളാണ്. നിലവിൽ നിരവധി പ്രമുഖ ചലച്ചിത്ര സംവിധായകർ തേടിയെത്തുന്ന ഈ മുതിർന്ന നടൻ എട്ടുപതിറ്റാണ്ടോളമായി കൃഷിരംഗത്ത് സജീവമായ വ്യക്തിയാണ്.
1982-ൽ എറണാകുളം ജില്ലയിലെ മഴുവന്നൂർ ഐരാപുരത്തുനിന്നാണ് പോളിന്റെ കുടുംബം ആൽപാറയിലെത്തുന്നത്. തുടർന്ന് തെക്കുംപാടത്ത് ഒരേക്കറിലധികം സ്ഥലത്ത് കൃഷി ആരംഭിച്ചു.
പ്രധാനമായും ചീരക്കൃഷിയാണ് ഇദ്ദേഹം തിരഞ്ഞെടുടത്തത്. കാർഷിക സർവകലാശാലയുടെ വാഴഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ഏറ്റവും മികച്ച ഇനമായ കണ്ണാറ ലോക്കൽ ചീര, മഞ്ഞക്കുന്നിലെ ചീരച്ചായന്റെ ഭൂമിയിൽ സമൃദ്ധമായി വിളഞ്ഞു.
തുടർന്ന് ചീരയുമായി തൃശൂരിലെത്തി വിൽപനയും നടത്തിവന്നു. രണ്ട് രൂപ ഒരു കെട്ടിന് വിലയുണ്ടായിരുന്ന കാലം മുതൽ ഇന്നത് മുപ്പത് രൂപയായി വർധിച്ചപ്പോഴും ഒരേ ആവേശത്തോടെ അദ്ദേഹം ചീരക്കൃഷിയും വിൽപനയും തുടർന്നുപോരുന്നു.
ഇതിലൂടെയാണ് അദ്ദേഹത്തിന് ചീരച്ചായൻ എന്ന പേര് ലഭിച്ചത്. ചീരക്കൃഷിക്കൊപ്പം ജാതി, വാഴ, കമുക് തുടങ്ങിയവയും കൃഷി ചെയ്ത് മികച്ച വിജയം നേടി.
ഇതിനിടയിൽ ഭൂമി ഇടപാടുകളിലും ഭാഗ്യപരീക്ഷണം നടത്തി വിജയം കണ്ടു. പീച്ചിയിലെ നാല് ചെറുപ്പക്കാർ രൂപീകരിച്ച നവരംഗ് തിയറ്റർ നിർമ്മിച്ച ഹ്രസ്വചിത്രങ്ങളിലൂടെയാണ് ചീരച്ചായൻ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്.
സംവിധായകൻ അനൂപ് ചന്ദ്രൻ, തിരക്കഥാകൃത്തും നടനുമായ സുധീഷ് നവരംഗ്, ബിനു വർഗീസ്, എൽദോ പി. പൗലോസ് എന്നിവരോടൊപ്പമാണ് പോൾ ഈ ഹ്രസ്വചിത്രങ്ങളുടെ ഭാഗമായത്.
ഇരുപതിലേറെ ശ്രദ്ധേയമായ ഹ്രസ്വചിത്രങ്ങൾ ഒരുക്കിയിട്ടുള്ള നവരംഗ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് പുറത്തിറക്കിയ ‘ഓന്ത്’ എന്ന ഹ്രസ്വചിത്രത്തിലൂടെയായിരുന്നു പോളിന്റെ ആദ്യ അരങ്ങേറ്റം. ഒരു തുടക്കക്കാരന്റെ യാതൊരുവിധ പതർച്ചയുമില്ലാതെയാണ് ചീരച്ചായൻ ആ കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയത്.
ഭാര്യ ഏലിയാമ്മയ്ക്കും മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം സന്തുഷ്ട ജീവിതം നയിക്കുന്ന ചീരച്ചായൻ ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറൽ താരമാണെങ്കിലും തന്റെ ദൈനംദിന ദിനചര്യകളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.
പകൽ സമയത്തിന്റെ ഭൂരിഭാഗവും പറമ്പിലെ കൃഷിപ്പണികളിൽ തന്നെയാണു അദ്ദേഹം മുഴുകുന്നത്. അഭിനയരംഗത്ത് കൂടുതൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹമിപ്പോൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

