വയനാട്ടിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകളുമായി രണ്ട് പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടുകൂടി. വടക്കനാട് പണയമ്പം തെക്കേകുന്നത്ത് ഷമിന് ഫ്രാന്‍സിസ് (32), ചെതലയം ആറാംമയില്‍ വെട്ടുപാറപ്പുറത്ത് അഭിലാഷ് (44) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളിൽ നിന്നും ഒരു ജോഡി ആനക്കൊമ്പും ചെറിയ ഒരു കൊമ്പിൻ കഷ്ണവും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ഇവർ സഞ്ചരിച്ചിരുന്ന വാഹനവും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയോടെ ചെതലയം ആറാംമയിലെ ഒരു ഹോം സ്റ്റേയിൽ വെച്ചാണ് ഇവർ വനം വകുപ്പിന്റെ പിടിയിലാകുന്നത്. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജൻസ് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ആനക്കൊമ്പ് വാങ്ങാൻ ആളുകൾ എത്തുന്നുണ്ടെന്ന വിവരത്തിന്റെ പശ്ചാത്തലത്തിൽ പ്രതികൾക്കായി ഉദ്യോഗസ്ഥർ വലവിരിക്കുകയായിരുന്നു. എന്നാൽ കൊമ്പ് വാങ്ങാനുള്ള സംഘം എത്തുന്നതിന് മുൻപ് തന്നെ പ്രതികളെ വനം വകുപ്പ് സംഘം പിടികൂടുകയായിരുന്നു.
കല്‍പ്പറ്റ വിജിലന്‍സ്, കുറിച്യാട് റെയിഞ്ചുകളിലെയും കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. പിടിച്ചെടുത്ത ആനക്കൊമ്പുകൾക്ക് എവിടെ നിന്നാണ് ഉറവിടം ലഭിച്ചതെന്നും ഈ സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകളുടെ പങ്കാളിത്തമുണ്ടോ എന്ന കാര്യത്തിലും വനം വകുപ്പ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

