തൃശൂർ ∙ താരങ്ങളുടെ മുഖം മിനുക്കിയൊരുക്കാൻ ഇനി ബീജീഷ് വരില്ല; പൂരവെടിക്കെട്ടിന്റെ ഒരുക്കപ്പുരയിൽ അവൻ എരിഞ്ഞടങ്ങി. നടൻ മോഹൻലാലിന്റെ മകൾ വിസ്മയയുടെ മേക്കപ് ആർട്ടിസ്റ്റായി ബിജീഷ് (40) ജോലിചെയ്ത വിവരം വിസ്മയത്തോടെയാണു ജന്മനാട് കേട്ടത്.
ചേർപ്പ് ചിറയ്ക്കൽ ഗ്രാമത്തിൽ സിനിമയുമായി ബന്ധമില്ലാത്ത വീട്ടിൽനിന്ന് ഒരു ചെറുപ്പക്കാരൻ ഉയരങ്ങളിലേക്കെത്തുന്നത് നാട്ടുകാരെ ഏറെ സന്തോഷിപ്പിച്ചു. എന്നാൽ, മുണ്ടത്തിക്കോട്ടെ വെടിക്കെട്ടുപുരയിൽ തീയണയുമ്പോൾ എരിഞ്ഞടങ്ങിയ സ്വപ്നങ്ങൾക്കുമുൻപിൽ നാട് വിറങ്ങലിച്ചു നിൽക്കുന്നു.
8 വർഷത്തിലേറെക്കാലം എന്റെ മുഖത്തു ചമയമിട്ട
ബിജീഷ് എനിക്കു സഹോദരൻ തന്നെയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്ന കാലമത്രയും സുരക്ഷിതത്വവും സന്തോഷവും പകരാൻ ബിജീഷ് ശ്രമിച്ചു.
സത്യസന്ധതയും നിഷ്കളങ്കതയുമായിരുന്നു പ്രത്യേകതകൾ. തൃശൂർ പൂരത്തോടുള്ള ബിജീഷിന്റെ ഇഷ്ടം അറിയാവുന്നതിനാൽ ഇത്തരത്തിലൊരു വിടവാങ്ങൽ ഹൃദയത്തെ ഉലച്ചുകളഞ്ഞു.
നടി നമിത പ്രമോദ്
കഴിവും കഠിനാധ്വാനവുംകൊണ്ടു മാത്രമാണു ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഭാവന, കാവ്യ മാധവൻ, അനന്യ, നമിത പ്രമോദ് തുടങ്ങി ഒട്ടേറെപ്പേരുടെ മേക്കപ് ആർട്ടിസ്റ്റായിമാറാൻ ബിജീഷിനു കഴിഞ്ഞത്.
അധ്വാനം ആ മേഖലയിൽ മാത്രമായിരുന്നില്ല. ബൈക്ക് മെക്കാനിക് ആയിട്ടായിരുന്നു തുടക്കം.
പൂരപ്രേമിയായിരുന്ന ബിജീഷ് പ്രതിഫലം പ്രതീക്ഷിക്കാതെയാണു വെടിക്കെട്ട് സാമഗ്രികളുടെ നിർമാണജോലികളിൽ സഹായിയായി പ്രവർത്തിച്ചിരുന്നത്. പൂരത്തിന്റെ വെടിക്കെട്ട് കരാറെടുത്തിരുന്ന മുണ്ടത്തിക്കോട് സതീഷിനൊപ്പം ഒട്ടേറെ ഉത്സവങ്ങളിൽ ബിജീഷ് ആകാശത്ത് ചമയ വിസ്മയമൊരുക്കിയിട്ടുണ്ട്.
ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞ മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിച്ചു സംസ്കരിച്ചു. ചിറക്കൽ ഇഞ്ചമുടി വടക്കേപ്പുരയ്ക്കൽ പരേതനായ ബാലന്റെയും കാഞ്ചനയുടെയും മകനാണ്.
സഹോദരങ്ങൾ: ബാബു, ബീന, ബിജു, ബിനിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

