പുകയുന്ന മലനിരകൾക്കു മുകളിലെ കക്കയം ഡാം. അങ്ങകലെ കോട്ടപോലെ തലയുയർത്തി നിൽക്കുന്ന ബാണാസുര മലകൾ.
മലബാറിന്റെ ടൂറിസം ഭൂപടത്തിലെ ആദ്യപേരാണു കക്കയം. എന്നാൽ ഈ വിനോദസഞ്ചാര കേന്ദ്രത്തിന് ഇനിയും വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല.
കെഎസ്ഇബിയുടെ ഹൈഡൽ ടൂറിസവും വനം വകുപ്പിന്റെ ഇക്കോ ടൂറിസവും ഒരുമിക്കുന്നതാണു കക്കയം ടൂറിസം സെന്റർ. 2004ൽ ആണു കക്കയം ഇക്കോ ടൂറിസം സെന്റർ പ്രവർത്തനം ആരംഭിച്ചത്.
ഹൈഡൽ ടൂറിസം 2015ൽ തുടങ്ങി. എന്നാൽ ഇവിടെ അടിസ്ഥാന സൗകര്യ വികസനം പോലും പാതിവഴിയിലാണ്.
സഞ്ചാരികൾക്ക് ദുരിതയാത്ര
കക്കയത്തുനിന്നു 14 കിലോമീറ്റർ സഞ്ചരിച്ച് ഡാം സൈറ്റ് മേഖലയിൽ എത്തിച്ചേരാൻ ടൂറിസ്റ്റുകൾക്ക് ഇപ്പോഴും ദുരിതമാണ്.
പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡിൽ 28ാം മൈൽ മുതൽ ഡാം സൈറ്റ് വരെ രണ്ടുവരിപ്പാതയാക്കി നവീകരിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നു. ടൂറിസ്റ്റ് ബസുകൾ ഡാം സൈറ്റ് റോഡിൽ സഞ്ചരിക്കില്ല.
കക്കയം ടൗണിൽ എത്തുന്നവർ ബസ്സിൽ നിന്നിറങ്ങി ടാക്സി വാഹനങ്ങളിൽ സഞ്ചരിക്കണം.
എടുക്കണം, രണ്ട് ടിക്കറ്റുകൾ !
കക്കയം ടൂറിസ്റ്റ് കേന്ദ്രം സന്ദർശിക്കുന്നവർ കക്കയം വാലിക്കടുത്ത് ഇക്കോ ടൂറിസം കൗണ്ടറിൽ നിന്ന് 60 രൂപയുടെ ടിക്കറ്റും ഹൈഡൽ ടൂറിസം കൗണ്ടറിൽ നിന്ന് 40 രൂപയുടെ ടിക്കറ്റും എടുത്താണ് ഡാം സൈറ്റിലേക്ക് പ്രവേശിക്കുന്നത്.
ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ തന്നെ 2 ടിക്കറ്റ് ഈടാക്കുന്ന രീതി മറ്റെവിടെയും ഉണ്ടാകില്ല. ടിക്കറ്റ് ഏകീകരിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നതാണ്.
ടൂറിസം സെന്ററിൽ ഭക്ഷണശാല, ശുചിമുറി, പാർക്ക് എന്നിവയും പരിതാപകരമാണ്. മുൻപ് വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ട്രക്കിങ് നിർത്തിവച്ചത് പുനഃസ്ഥാപിച്ചിട്ടില്ല.
പെരുവണ്ണാമൂഴി – കക്കയം – ബാണാസുര സാഗർ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ടൂറിസം കോറിഡോറിനു കക്കയം– മുതുകാട് റോഡ് കൂടി യാഥാർഥ്യമാകണം.
റോപ്വേയ്ക്കും സാധ്യതയുണ്ട്. വനം വകുപ്പിന്റെ കീഴിലുള്ള കക്കയം ഉരക്കുഴി ഇക്കോ ടൂറിസം സെന്ററിൽ ഒട്ടേറെ സഞ്ചാരികൾ എത്തുന്നുണ്ട്.
എന്നാൽ, കേന്ദ്രത്തിന്റെ വികസനത്തിന് വനം വകുപ്പ് നടപടിയെടുക്കുന്നില്ല. ഉരക്കുഴി നേരിട്ടുകാണാൻ സ്ഥാപിച്ച തൂക്കുപാലം 2018ലെ പ്രളയത്തിൽ നശിച്ചതാണ്.
ഇവിടെ ഗ്ലാസ് പാലം നിർമിക്കാൻ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും തുടർ നടപടി ഉണ്ടായില്ല. ടൂറിസ്റ്റുകൾക്ക് ശുചിമുറി, ഇരിപ്പിട
സൗകര്യമില്ല. അഡ്വഞ്ചർ ടൂറിസത്തിനും സാധ്യതയുള്ള പ്രദേശമാണ്.
ടിക്കറ്റ് ഇനത്തിൽ ലക്ഷങ്ങൾ വരുമാനം ലഭിച്ചിട്ടും അടിസ്ഥാന സൗകര്യ വികസനത്തിനു പോലും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി.
ഉരക്കുഴിക്കും അവഗണന
ചരിത്ര പ്രസിദ്ധമായ ഉരക്കുഴി വെള്ളച്ചാട്ടം കാണാനെത്തുന്നവർ ഇപ്പോൾ നിരാശരായി മടങ്ങുകയാണ്. ഉരക്കുഴിയുടെ മേൽഭാഗത്തെ ശങ്കരൻപുഴ തടാകത്തിൽ ടൂറിസ്റ്റുകൾക്കു മുൻപ് കുളിക്കാമായിരുന്നു.
എന്നാൽ, 4 മാസമായി വനം വകുപ്പ് ഇതു നിരോധിച്ചു. തടാകത്തിലേക്കും ഉരക്കുഴി വ്യൂ പോയിന്റിലേക്കും ഇപ്പോൾ പ്രവേശനമില്ല.കക്കയം വനസംരക്ഷണ സമിതി പിരിച്ചുവിട്ടതിനെ തുടർന്നാണ് വർഷങ്ങളായി ഉരക്കുഴി മേഖലയിൽ വികസനം മുരടിച്ചതെന്നും ആരോപണമുണ്ട്.
കാത്തിരിക്കുന്നു, കരിയാത്തുംപാറ
കേരളത്തിന്റെ സ്വിറ്റ്സർലാൻഡ് എന്നു വിളിപ്പേരുള്ള മേഖലയാണ് കരിയാത്തുംപാറ.
ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ, തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനവും പാതിവഴിയിലാണ്. പച്ചപ്പണിഞ്ഞ പുൽത്തകിടിയും മലനിരകളും പുഴയും റിസർവോയറുമാണ് കരിയാത്തുംപാറയുടെ പ്രധാന ആകർഷണം.
ഈ മേഖലയിൽ ഹാർട്ട് ഐലൻഡ് പ്രവൃത്തി, ബോട്ട് സർവീസ് തുടങ്ങിയവ വർഷങ്ങളായി ചുവപ്പുനാടയിലാണ്.
ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിന് 2 കോടിയുടെ ഡിപിആർ തയാറാക്കി. ശുചിമുറി കോംപ്ലക്സ്, പ്രവേശന കവാടം പ്രവൃത്തികളുടെ എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
വിനോദ സഞ്ചാര കേന്ദ്രത്തിൽ ശുചിമുറി, ഇരിപ്പിടങ്ങൾ, ഗാർഡൻ, വിനോദോപാധികൾ ഉൾപ്പെടെ പൂർത്തീകരിക്കണം. ലക്ഷക്കണക്കിനു രൂപ വരുമാനം ഉണ്ടെങ്കിലും വികസനം ഇപ്പോഴും മന്ദഗതിയിലാണ്.
ബോട്ട് സർവീസ് നിലച്ച് പെരുവണ്ണാമൂഴി
ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ജലസേചന വകുപ്പിന്റെ പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനവും മുടങ്ങിയ നിലയിലാണ്.
രണ്ടു വർഷം മുൻപ് മന്ത്രി ഉദ്ഘാടനം ചെയ്ത ബോട്ട് സർവീസ് നിർത്തിയതു സഞ്ചാരികൾക്ക് തിരിച്ചടിയായി. ചക്കിട്ടപാറ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന ബോട്ടിങ് മാസങ്ങളായി മുടങ്ങിയതിനാൽ ജലസേചന വകുപ്പിന് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണു നേരിടുന്നത്.
ടൂറിസ്റ്റ് കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിന് വിശദ പ്രോജക്ട് റിപ്പോർട്ട് 13 വർഷം മുൻപ് സമർപ്പിച്ചെങ്കിലും ഫലപ്രാപ്തിയിൽ എത്തിയില്ല. 54 വർഷമായി സജീവമായ ടൂറിസ്റ്റ് കേന്ദ്രമാണ് ഇപ്പോഴും വികസനം കാത്തുകഴിയുന്നത്.
പൂന്തോട്ടം, പാർക്ക്, വ്യൂ ടവർ ഉൾപ്പെടെ നവീകരിച്ചാൽ ടൂറിസ്റ്റുകൾക്ക് ഗുണകരമാകും.
വയലട വ്യൂ പോയിന്റ്
മലബാറിന്റെ ഗവി എന്നു വിളിപ്പേരുള്ള വയലട
2000 അടി ഉയരത്തിൽ മഞ്ഞും തണുപ്പും നിറഞ്ഞു നിൽക്കുന്ന പ്രദേശമാണ്. വയലട
വ്യൂ പോയിന്റിൽ നിന്നും നോക്കിയാൽ പേരാമ്പ്രയുടെയും കൂരാച്ചുണ്ടിന്റെയും ആകാശക്കാഴ്ച ആസ്വദിക്കാം.മുള്ളൻപാറ വ്യൂ പോയിന്റിൽ നിന്നു കക്കയം ഡാം, മലനിരകൾ, പെരുവണ്ണാമൂഴി റിസർവോയറും കാണാനാകും. പ്രാഥമിക സൗകര്യങ്ങളുടെ കുറവ് ഈ ടൂറിസ്റ്റ് കേന്ദ്രത്തിന് തിരിച്ചടിയാണ്.
ജില്ലയുടെ ടൂറിസം സാധ്യതകൾ: വികസന സെമിനാർ 30ന്
കോഴിക്കോട്∙ ഫാം ടൂറിസത്തിൽ ജില്ലയ്ക്ക് എത്രമാത്രം സാധ്യതകളുണ്ട് ? പാലാഴി പോലെ മേഘങ്ങൾ മൂടി നിൽക്കുന്ന കക്കാടംപൊയിൽ പ്രദേശം എങ്ങനെ പ്രയോജനപ്പെടുത്താം? കടൽത്തീരങ്ങളിലെ വിനോദോപാധികൾ ഇത്ര മതിയോ? ഇങ്ങനെ ജില്ലയിലെ വിനോദസഞ്ചാരമേഖലയുടെ വികസനവും സാധ്യതകളും തിരിച്ചറിയാനും വൻ മാറ്റങ്ങൾ കൊണ്ടുവരാനുമായി മലയാള മനോരമയും ബേബി മെമ്മോറിയൽ ആശുപത്രിയും ഒരുക്കുന്ന മനോരമ @ 60 ടൂറിസം വികസന സെമിനാർ 30ന് രാവിലെ 9.30ന് ബേപ്പൂർ ബി.സി.
റോഡ് ജംക്ഷനിലെ എടത്തൊടി കൃഷ്ണൻ മെമ്മോറിയൽ ഹാളിൽ നടക്കും.
ഉത്തരവാദിത്ത ടൂറിസം, ആരോഗ്യ ടൂറിസം, ജല ടൂറിസം, സാഹസിക ടൂറിസം, ഫാം ടൂറിസം എന്നിങ്ങനെ 5 മേഖലകളായി തിരിച്ചാണ് വിഷയാവതരണം. ഫാം ടൂറിസം ജില്ലാ കോഓർഡിനേറ്റർ അജു ഇമ്മാനുവൽ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് അസോഷ്യേറ്റ് പ്രഫസർ ഹരികൃഷ്ണൻ, ഉത്തരവാദിത്ത ടൂറിസം സിഇഒ രൂപേഷ് കുമാർ, ക്യാപ്റ്റൻ ഹരിദാസ്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിൽ സിഇഒ ബിനു കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുക്കും.
ചർച്ചകളുടെ ക്രോഡീകരണത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പങ്കെടുക്കും. സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന ചർച്ചയിൽ പങ്കാളികളാകാൻ വായനക്കാർക്കും പേരു റജിസ്റ്റർ ചെയ്യാം.
0495 2367522. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

