തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോലെ തന്നെ അടിസ്ഥാന സൗകര്യങ്ങളുടെയും ജീവനക്കാരുടെയും കുറവും കിടക്കകളുടെ അപര്യാപ്തതയും മൂലം വീർപ്പുമുട്ടുകയാണ് ശ്രീ അവിട്ടം തിരുനാൾ ആശുപത്രി (എസ്എടി). എല്ലാം മികവോടെ മുന്നേറുന്നു എന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും ഇവിടെ എത്തുന്നവരുടെ ദുരിതത്തിന് കുറവില്ല.
എലിയും നായയും തലവേദന
സ്ത്രീകളും കുട്ടികളും ചികിത്സ തേടി എത്തുന്ന എസ്എടി ആശുപത്രിയിൽ എലിയും പാമ്പും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തലവേദനയാണ്. വാർഡുകൾക്ക് സമീപവും ഉള്ളിലും പാമ്പുകളെ കാണുന്നത് ഇവിടെ സ്ഥിരം സംഭവങ്ങളാണ്.
ഈ അടുത്ത് 3ാം വാർഡിന് സമീപത്ത് നിന്ന് ഒരു പാമ്പിനെ തല്ലിക്കൊന്നു. പുറംലോകം അറിയാതെ ആശുപത്രി അധികൃതർ സംഭവം രഹസ്യമാക്കി സൂക്ഷിച്ചു.
ഇതിനൊപ്പം വാർഡിന് പുറത്ത് വരാന്തയിൽ കിടന്ന് ഉറങ്ങിയ കൂട്ടിരിപ്പുകാരനെ എലി കടിച്ചു.
രാത്രിയിലാണ് എലി കടിച്ചത്. ഈ സംഭവവും അധികൃതർ ഒതുക്കി തീർത്തു.
ഭൂരിപക്ഷം വാർഡുകൾക്ക് സമീപവും പാമ്പും എലിയും അധികൃതർക്ക് നിത്യ തലവേദനയാണ്. ആശുപത്രി പരിസരത്ത് കറങ്ങി നടക്കുന്ന തെരുവ് നായ്ക്കളും മറ്റൊരു പ്രശ്നമാണ്.
ഇവിടെ എത്തുന്നവർക്കും കൂട്ടിരിപ്പുകാർക്കും ഇവ വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
കിടക്ക ക്ഷാമം ഇവിടെയും
മെഡിക്കൽ കോളജ് ആശുപത്രിക്ക് സമാനമായി എസ്എടിയിലും കിടക്ക ക്ഷാമം രൂക്ഷമാണ്. മൂന്നാം വാർഡിൽ ഒരു കിടക്കയിൽ 2 പേരാണ് കിടപ്പ്.
ഇത് മൂലം കൂടെ ഇരിക്കുന്നവർ മുഴുവൻ വാർഡിന് പുറത്ത് വരാന്തയിലും ആശുപത്രി പരിസരങ്ങളിലുമാണ് വിശ്രമിക്കുന്നത്. കിടക്കകളുടെ പ്രശ്നം വർഷങ്ങളായി ഉണ്ടെങ്കിലും ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കാൻ തയാറായിട്ടില്ല.
കുട്ടികൾക്ക് ഉള്ള മുഴുവൻ ചികിത്സയും സൗജന്യമാണ് എന്നാണ് സർക്കാർ നിലപാട്. എസ്എടിയിൽ ഇത് പൂർണമായും നടപ്പിലാക്കിയിട്ടില്ല.
കുറച്ച് കാലം മുൻപ് ഒരു അതിഥിത്തൊഴിലാളി കുഞ്ഞിന്റെ ചികിത്സയ്ക്കായി എത്തി. ഇയാളെ ശ്രീചിത്രയിലേക്ക് പറഞ്ഞു വിട്ടു.
അവിടെ നൽകാൻ പണമില്ലാത്തതിനാൽ ഇവർ വീണ്ടും എസ്എടിയിലേക്ക് തിരികെ എത്തി. മലയാളി അല്ലാത്തതിനാൽ കുഞ്ഞിന് ചികിത്സ നൽകാതെ വിട്ടയച്ചു.
സർക്കാർ പദ്ധതി അട്ടിമറിച്ചു
പ്രസവ ശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വാഹനത്തിൽ വീടുകളിൽ എത്തിക്കുന്ന സർക്കാർ പദ്ധതി എസ്എടിയിൽ അട്ടിമറിച്ചു. 40 കിലോമീറ്ററിനുള്ളിൽ ഉള്ളവരെ മാത്രമാണ് പദ്ധതിയുടെ ഭാഗമായി വീടുകളിൽ എത്തിച്ചിരുന്നത്. നിലവിൽ ഇതിൽ മാറ്റം വരുത്തി.
ബിപിഎൽ കാർഡ് ഉള്ളവരെ മാത്രമാണ് സൗജന്യമായി എത്തിക്കുന്നത്. മറ്റുള്ളവർക്ക് ഇത് ബാധകമല്ലെന്നാണ് അധികൃത നിലപാട്.
എൻഡോസ്കോപ്പി മെഷീൻ പ്രവർത്തിക്കുന്നില്ല
ആശുപത്രിയിലെ കുട്ടികളുടെ ഗ്യാസ്ട്രോ വിഭാഗത്തിൽ 3 വർഷം മുൻപ് എൻഡോസ്കോപ്പി മെഷീൻ വാങ്ങി.
പ്രവർത്തിപ്പിക്കാൻ തുടങ്ങിയത് 6 മാസം മുൻപ്. ചില പാർട്സുകൾ കേട് വന്നതിനാൽ നിലവിൽ ഇത് പ്രവർത്തിക്കുന്നില്ല.
ഒരു കോടിയോളം രൂപ വില വരുന്ന ഉപകരണമാണിത്. വർഷങ്ങൾ പ്രവർത്തിപ്പിക്കാതെ ഇരുന്നതുകൊണ്ടാണ് കേടായത് എന്നാണ് വിവരം.
ഇതു വരെയും കേടുപാടുകൾ പരിഹരിക്കാൻ അധികൃതർ തയാറായിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

