തിരുവനന്തപുരം ∙ കവടിയാറിൽ അമിതവേഗത്തിലെത്തിയ കാർ നടപ്പാതയിലേക്കും മറ്റു വാഹനങ്ങളിലേക്കും ഇടിച്ചു കയറി നവവധു മരിച്ചു. നടപ്പാതയിലൂടെ നടന്നു പോകുകയായിരുന്ന പാലക്കാട് കൊടുവായൂർ കാക്കയൂർറോഡ് പിട്ടുപീടികയിൽ നൗഷിജ (24) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ഭർത്താവ് ആഷിക് സാനു (29), നൗഷിജയുടെ ബന്ധു അഷ്മ (25) എന്നിവർ ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു. 2 പേരെ പട്ടത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രി മൾട്ടി സ്പെഷ്യൽറ്റി വിഭാഗത്തിലും പ്രവേശിപ്പിച്ചു.
ആന്തരികാവയവങ്ങൾക്കു ഗുരുതര പരുക്കേറ്റ ആഷിക് സാനുവിനെ പിന്നീട് ആനയറയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
പൊൽപുള്ളി വേർകോലി നൗഷാദിന്റെയും ലൈലയുടെയും മകളാണ് നൗഷിജ. മാർച്ച് 28ന് ആയിരുന്നു വിവാഹം. മധുവിധു യാത്രയിലായിരുന്നു ഇരുവരും.
മൃതദേഹം ഇന്നു പൊൽപുള്ളിയിലെ വീട്ടിലെത്തിക്കുമെന്നാണു വിവരം. സഹോദരി: നൗഫിയ.
ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടം. നൗഷിജയും ആഷികും തലസ്ഥാനം കാണാൻ ഇന്നലെ രാവിലെയാണ് പാലക്കാട് നിന്നെത്തിയത്. കുറവൻകോണം ഭാഗത്തു നിന്ന് കവടിയാറിലേക്ക് പോവുകയായിരുന്ന കാർ സാൽവേഷൻ ആർമി സ്കൂളിനു സമീപമെത്തിയപ്പോൾ നിയന്ത്രണംവിട്ട് നൗഷിജയെയും സംഘത്തെയും ഇടിച്ചു തെറിപ്പിച്ച ശേഷം റോഡിലേക്കിറങ്ങി സ്കൂട്ടറുകളിലും രണ്ടു കാറുകളിലും കൂടി ഇടിച്ചാണ് നിന്നത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നൗഷിജയെ മറ്റൊരു വാഹനത്തിൽ പട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി മരിച്ചു.
ആഷിക്കിനെയും അഷ്മയെയും കൂടാതെ കായംകുളം സ്വദേശി നിതീഷ്, കഴക്കൂട്ടം സ്വദേശി സുനിൽകുമാർ, ബംഗാൾ സ്വദേശി അലി അക്ബർ എന്നിവരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് കാറിന്റെ നിയന്ത്രണം വിട്ടതെന്ന് ഡ്രൈവർ കുറവൻകോണം സീസൺ സമ്മർ ബ്ലിസ് ഫ്ലാറ്റിലെ താമസക്കാരൻ മോഹൻ തോമസ് (77) പൊലീസിന് മൊഴി നൽകി. പേരൂർക്കട
ആശുപത്രിയിൽ ചികിത്സയിലുള്ള മോഹൻ തോമസിന്റെ നില മെച്ചപ്പെട്ടശേഷം പൊലീസ് മൊഴി രേഖപ്പെടുത്തും. പേരൂർക്കട
പൊലീസ് കേസെടുത്തു.
നൊമ്പരം വിതച്ച മധുവിധു യാത്ര; മാർച്ച് 28ന് ആയിരുന്നു ആഷിക്കിന്റെയും നൗഷിജയുടെയും വിവാഹം
ചിറ്റൂർ ∙ ജോലിക്കായി വിദേശത്തേക്കു തിരികെപോകുന്നതിനു മുൻപ് ഒരുമിച്ചൊരു യാത്ര പോകണം. ആഷിക് ഭാര്യ നൗഷിജയെയും കൂട്ടി തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു, കോവളവും കന്യാകുമാരിയും കാണാനായി.
എന്നാൽ ആ മധുവിധു യാത്രയാണ് ദുരന്തത്തിൽ കലാശിച്ചത്. മാർച്ച് 28ന് ആയിരുന്നു കൊടുവായൂർ സ്വദേശി ആഷിക്കും (29) പൊൽപുള്ളി വേർകോലി സ്വദേശിനി നൗഷിജയും (24) വിവാഹിതരായത്.
വിദേശത്തു ജോലി ചെയ്യുന്ന ആഷിക് ഈ മാസം 16നു തിരികെപ്പോകാനിരിക്കുകയായിരുന്നു. അതിനു മുൻപായിരുന്നു യാത്ര.
വീട്ടിൽ നിന്നും കൊടുവായൂർ വരെ ആഷിക്കിന്റെ പിതാവ് നിജാമുദ്ദീനും ഒപ്പമുണ്ടായിരുന്നു.
പാലക്കാട്ടുനിന്നു വോൾവോ ബസിലായിരുന്നു തിരുവനന്തപുരത്തേക്കു യാത്ര. ഇന്നലെ രാവിലെ തിരുവനന്തപുരത്തെത്തിയ ശേഷം വിളിച്ചിരുന്നതായും കുടുംബാംഗങ്ങൾ പറയുന്നു.
എന്നാൽ പിന്നീട് നൗഷിജയുടെ മരണവിവരമാണ് കുടുംബാംഗങ്ങൾ കേട്ടത്. നടപ്പാതയിലൂടെ നടക്കുന്നതിനിടെ നിയന്ത്രണംവിട്ട
വാഹനമിടിച്ചു ഇരുവർക്കും പരുക്കേറ്റെന്നു മാത്രമാണ് ആദ്യം ബന്ധുക്കളെ അറിയിച്ചിരുന്നത്. വിവരമറിഞ്ഞ് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് നൗഷിജയുടെ മരണവിവരം അറിയുന്നത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ആഷിക് നൗഷിജയുടെ മരണവിവരം അറിഞ്ഞിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

