കേരളത്തിൽ അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യത്തിൽ കോട്ടയം, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ എന്നീ ഒൻപത് ജില്ലകളിലെ സ്ഥാപനങ്ങൾക്കാണ് അവധി ബാധകമാക്കിയിട്ടുള്ളത്.
കോട്ടയം ജില്ലയിൽ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിനു പുറമെ അങ്കണവാടികള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷൽ ക്ലാസുകൾ എന്നിവയുടെ പ്രവർത്തനങ്ങളും നിർത്തിവച്ചിട്ടുണ്ട്.
എന്നാൽ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല. മോശം കാലാവസ്ഥയെ തുടർന്ന് കണ്ണൂർ ജില്ലയിലും പ്രഫഷനൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാക്കിയിട്ടുണ്ട്.
എങ്കിലും, പൂർണ്ണമായും റസിഡൻഷ്യൽ രീതിയിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഈ അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും ഈ ഉത്തരവ് ബാധകമാണ്.
മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾ പതിവുപോലെ നടക്കും. ഇടുക്കി ജില്ലയിലും ജാഗ്രതയുടെ ഭാഗമായി മദ്രസകൾ, ട്യൂഷൻ സെന്ററുകള്‍, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ റസിഡൻഷ്യൽ വിഭാഗത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. പത്തനംതിട്ട ജില്ലയിൽ അങ്കൺവാടി മുതൽ പ്രഫഷനൽ കോളജുകൾവരെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ഏർപ്പെടുത്തിയിട്ടുണ്ട്.
മഴ ശക്തമായ വയനാട് ജില്ലയിൽ അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷല്‍ ക്ലാസുകള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റസിഡന്‍ഷ്യല്‍ സ്കൂളുകൾക്കും, റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും ഈ ഉത്തരവ് ബാധകമല്ല.
അതേസമയം, ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളജുകൾക്കും അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരുന്നതാണ്. മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്.
മദ്രസകളും ട്യൂഷൻ സെന്ററുകളും പ്രവർത്തിക്കില്ല. എങ്കിലും മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പിഎസ്എസി പരീക്ഷകൾക്ക് യാതൊരു മാറ്റവും ഉണ്ടായിരിക്കില്ല.
റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ പ്രഫഷനൽ കോളജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാക്കിയിട്ടുണ്ട്. മലയോര മേഖലകളിൽ മഴ തുടരുന്നതിനാൽ കോഴിക്കോട് ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

