ആലപ്പുഴ∙ സംസ്ഥാന മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസ് ചർച്ചകൾ മുറുകുമ്പോൾ ജില്ലയിൽ കടുത്ത ഉദ്വേഗം. കാരണം ആ പദവിയിലേക്കു പരിഗണിക്കുന്ന മൂന്നിൽ രണ്ടു പേരും ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളാണ്; ഹരിപ്പാട് എംഎൽഎ രമേശ് ചെന്നിത്തലയും ആലപ്പുഴ എംപി കെ.സി.വേണുഗോപാലും.
എ.കെ.ആന്റണിക്കു ശേഷം ജില്ലയിൽ നിന്നു കോൺഗ്രസിനു മുഖ്യമന്ത്രിയുണ്ടാകുമോ എന്ന ആകാംക്ഷയിലാണു ജനം. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെയും കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തലയുടെയും തട്ടകമായ ജില്ലയിൽ ഇരുവർക്കും അനുകൂലമായും പ്രതികൂലമായും വാദങ്ങളുണ്ട്.
രമേശ് ഉൾപ്പെടെ 4 കോൺഗ്രസ് എംഎൽഎമാരാണ് ജില്ലയിൽ നിന്നുള്ളത്.
ഇതിൽ രണ്ടു പേർ കെ.സി ഗ്രൂപ്പിന്റെ ഭാഗമാണ്. ഒരാൾ വി.ഡി.സതീശനൊപ്പവും.
തിരഞ്ഞെടുപ്പ് പ്രചാരണ സന്നാഹമൊരുക്കുകയും സംഘടനാപ്രശ്നങ്ങളും വിമതസ്വരങ്ങളും പരിഹരിക്കുകയും ചെയ്ത കെ.സിയാണ് മുഖ്യമന്ത്രി സ്ഥാനത്തിനു യോഗ്യനെന്നാണ് അദ്ദേഹത്തിന്റെ അനുകൂലിക്കുന്നവരുടെ വാദം. എന്നാൽ പരിഗണിക്കുന്ന 3 പേരിലെ മുതിർന്ന നേതാവ് എന്ന നിലയിൽ രമേശിന് അവസരം നൽകണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നു.
കെ.സി. വേണുഗോപാൽ, വി.ഡി.സതീശൻ പക്ഷങ്ങൾ തമ്മിലുള്ള പോരു മുറുകിയാൽ സമവായ സ്ഥാനാർഥിയായി ഹൈക്കമാൻഡ് ചെന്നിത്തലയിലേക്ക് എത്തുമെന്നും അവർക്കു പ്രതീക്ഷയുണ്ട്.
കെ.സിയെ പിന്തുണച്ചും എതിർത്തും ജില്ലയുടെ പല ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ബോർഡുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
ജില്ലയിലെ രണ്ടു നേതാക്കൾക്കായും സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണവും നടക്കുന്നുണ്ട്. എന്നാൽ ജില്ലയിൽ ആദ്യമായി പ്രകടനം നടന്നതു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു വേണ്ടിയാണെന്നതും കൗതുകം.
വ്യാഴാഴ്ച രാത്രി കായംകുളത്താണ് സതീശനു വേണ്ടി പ്രവർത്തകർ തെരുവിലിറങ്ങിയത്. ഇന്നലെ അവിടെ സതീശനായി ഫ്ലെക്സും ഉയർന്നു.
ഉപതിരഞ്ഞെടുപ്പ്? ഒന്നോ അതോ രണ്ടോ?
ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള കെ.സി.വേണുഗോപാലാണു മുഖ്യമന്ത്രിയാകുന്നതെങ്കിൽ 2 ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും.
എംപി സ്ഥാനം രാജിവയ്ക്കണമെന്നതിനാൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തണം. 6 മാസത്തിനകം നിയമസഭാംഗം ആകണമെന്നതിനാൽ ഏതെങ്കിലും എംഎൽഎ രാജിവച്ച് അവിടെ അദ്ദേഹം മത്സരിച്ചു വിജയിക്കേണ്ടിവരും.
3 വട്ടം ആലപ്പുഴ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്ന കെ.സി ആലപ്പുഴയിൽ തന്നെ മത്സരിക്കണമെന്നു ചില അനുയായികൾക്കു താൽപര്യമുണ്ട്.
എന്നാൽ അട്ടിമറി ജയത്തിലൂടെ ആദ്യമായി എംഎൽഎയായ യുവനേതാവ് എ.ഡി.തോമസിനെ രാജിവയ്പിക്കുന്നതു പ്രതികൂലമാകുമെന്നു ചില നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു. തീരദേശത്തുൾപ്പെടെ തോമസിന് അനുകൂലമായിരുന്ന പല ഘടകങ്ങളും ഉപതിരഞ്ഞെടുപ്പിൽ എതിരായി വരാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.
പാർട്ടി ആവശ്യപ്പെട്ടാൽ രാജിവയ്ക്കുമെന്ന് തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ അതേപ്പറ്റി ആലോചിട്ടില്ലെന്നാണ് കെ.സിയുമായി അടുത്ത കേന്ദ്രങ്ങളുടെ പ്രതികരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

