പ്രമുഖ ജ്വല്ലറികളുടെ സ്വർണാഭരണങ്ങളുടെ ലോഗോയും എച്ച്യുഐഡിയും (ഹാൾമാർക് യുണീക് ഐഡന്റിഫിക്കേഷൻ) മുക്കുപണ്ടങ്ങളിൽ കൃത്രിമായി പതിപ്പിച്ചു നടത്തുന്ന തട്ടിപ്പുകൾ സംസ്ഥാനത്ത് സജീവമാകുന്നു. ഈ കബളിപ്പിക്കലുമായി ബന്ധപ്പെട്ട് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പൊലീസ് ഇതിനോടകം തന്നെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്ത്രീകളെ ഉൾപ്പെടെ മുൻനിർത്തി വിപുലമായ രീതിയിലാണ് ഈ സംഘം തട്ടിപ്പുകൾ നടപ്പിലാക്കുന്നത് എന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. താമരശ്ശേരിയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വ്യാജ സ്വർണാഭരണം പണയപ്പെടുത്താൻ നടത്തിയ ശ്രമത്തിനിടയിലാണ് ഹാൾമാർക്കിങ്ങിലെ സംശയങ്ങൾ ആദ്യം പുറത്തുവരുന്നത്.
സ്ഥാപന അധികൃതർ നൽകിയ വിവരത്തിന്റെ പശ്ചാത്തലത്തിൽ, കോഴിക്കോട് സ്വദേശി എം.നൗഷാദ്, താമരശ്ശേരി സ്വദേശി ഗിരിജ എന്നിവർക്കെതിരെയാണ് മലബാർ ഗോൾഡ് മാനേജ്മെന്റ് പരാതി നൽകിയിട്ടുള്ളത്. കഴിഞ്ഞ 29ന് രാവിലെ 10 മണിയോടെയാണ് ഈ സംഭവം നടക്കുന്നത്.
പണയം വയ്ക്കാൻ എത്തിയ സ്ത്രീ താൻ ഗിരിജയാണെന്നാണ് ജീവനക്കാരോട് വെളിപ്പെടുത്തിയത്. രണ്ട് ദിവസം മുമ്പ് മാത്രം പർച്ചേസ് ചെയ്ത ആഭരണമാണിതെന്ന് ഇവർ അവകാശപ്പെട്ടത് ജീവനക്കാരിൽ സംശയം ജനിപ്പിക്കാൻ ഇടയാക്കി.
തുടർന്ന് സ്ഥാപന ഉടമ നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് ഇവ സ്വർണമല്ലെന്ന് വ്യക്തമായത്. വളകൾ തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നായിരുന്നു ഇതിന് ഗിരിജ നൽകിയ വിചിത്രമായ വിശദീകരണം.
തട്ടിപ്പ് പന്തികേടാണെന്ന് മനസ്സിലായ ഉടൻ തന്നെ ഗിരിജ അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മലബാർ ഗോൾഡിന്റെ കോഴിക്കോട്ടെ ഷോറൂമിൽ നിന്ന് നൗഷാദ് ഈമാസം 28ന് 3 സ്വർണ വളകൾ വാങ്ങിയിരുന്നു.
ഇതിൽ ഒരു യഥാർത്ഥ വളയിലെ എച്ച്യുഐഡിയും ലോഗോയും മറ്റു വ്യാജ വളകളിൽ കൃത്രിമായി പതിപ്പിച്ചാണ് ഗിരിജ പണയം വയ്ക്കാൻ ശ്രമിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കുംഭകോണവുമായി ബന്ധപ്പെട്ട് സബീർ എന്ന വ്യക്തിയെ പൊലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലി അറിയിച്ചു. അതേസമയം, വ്യാജ സ്വർണാഭരണങ്ങളിൽ എച്ച്യുഐഡി മുദ്ര ദുരുപയോഗം ചെയ്തു വിപണിയിലിറക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ആവശ്യപ്പെട്ടു.
കോഴിക്കോട് താമരശ്ശേരിയിൽ വ്യാജ എച്ച്യുഐഡി നമ്പർ പതിച്ച വളകൾ കണ്ടെത്തിയ സംഭവം അതീവ ഗൗരവമുള്ളതാണെന്ന് അസോസിയേഷൻ വിലയിരുത്തി. യഥാർത്ഥ എച്ച്യുഐഡി വിവരങ്ങൾ ചോർത്തി വ്യാജ ആഭരണങ്ങൾ നിർമിക്കുന്ന സംഘടിത ശൃംഖലയാണ് ഇതിനു പിന്നിലുള്ളത്.
സംഭവത്തിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) അടിയന്തര അന്വേഷണം നടത്തണമെന്നും ഹാൾമാർക്കിങ് കേന്ദ്രങ്ങളിലെ പരിശോധനാ സംവിധാനങ്ങൾ ശക്തമാക്കണമെന്നും അസോസിയേഷൻ പ്രസിഡന്റ് കെ. സുരേന്ദ്രനും സെക്രട്ടറി എസ്.
അബ്ദുൽ നാസറും ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

