സംസ്ഥാനത്ത് വ്യാപകമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.
കല്ലാർ – പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തുമാണ് മണ്ണിടിച്ചിൽ രേഖപ്പെടുത്തിയത്. ഇതിനുപുറമെ, പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഉൾപ്പെടെയുള്ള മലയോര മേഖലകളിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചുകൊണ്ട് ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
കൂടാതെ മലമ്പുഴയിലെ കവയിലും പ്രവേശനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് (ഓഗസ്റ്റ് 1, ശനി) കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

