തണ്ണിത്തോട് ∙ വനംവകുപ്പിന്റെ കോന്നി– അടവി– ഗവി വിനോദ സഞ്ചാര യാത്ര നിലച്ചിട്ട് മാസങ്ങൾ. ടൂറിസം വകുപ്പ് അനുവദിച്ച 2 വാഹനങ്ങളിൽ ഒരെണ്ണം അറ്റകുറ്റപണികൾക്കായി വർക് ഷോപ്പിൽ കയറ്റിയിട്ട് ഒരു വർഷത്തിലേറെയായി.
മറ്റൊന്ന് മാസങ്ങളായി ഓടുന്നുമില്ല.കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ നിന്ന് തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം സന്ദർശിച്ച് ഗവിയിലേക്കുള്ള ടൂർ പാക്കേജ് ആരംഭിച്ചത് 2015 ൽ ആണ്. കാടിനെയും കാട്ടുമൃഗങ്ങളെയും കണ്ട് കുട്ടവഞ്ചി സവാരിയും നടത്തി ഗവിയിലേക്കുള്ള യാത്ര സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന തരത്തിലായതിനാൽ വർഷങ്ങളോളം മികച്ച വരുമാനം നേടിയിരുന്നു.
വനംവകുപ്പിന്റെ കോന്നി വന വികാസ ഏജൻസിയുടെ കീഴിൽ മണ്ണീറ തലമാനം വനസംരക്ഷണ സമിതിയുടെ ചുമതലയിലായിരുന്നു വിനോദ സഞ്ചാര യാത്ര.
പിന്നീട് തലമാനം വനസംരക്ഷണ സമിതിയെ ഒഴിവാക്കി കോന്നി വന വികാസ ഏജൻസിയുടെ നേരിട്ടുള്ള ചുമതലയിലാക്കി. പിന്നീട് യാത്രാ നിരക്ക് വർധിപ്പിക്കുകയും ഗവി സന്ദർശിച്ച ശേഷം പരുന്തുംപാറയിലേക്ക് യാത്ര ദീർഘിപ്പിക്കുകയും ചെയ്തു.എന്നാൽ സഞ്ചാരികൾക്ക് ഏറെ ആകർഷകമായതും മികച്ച വരുമാനം നേടിയിരുന്നതുമായ വിനോദ സഞ്ചാര യാത്ര അധികൃതരുടെ അനാസ്ഥ കാരണം നിലച്ച നിലയിലാണ്.
സമയബന്ധിതമായി വാഹനങ്ങളുടെ പണികൾ തീർക്കാതെയും ആസൂത്രണമില്ലാതെയും വിനോദ സഞ്ചാര യാത്ര നഷ്ടത്തിലാക്കി നിർത്തലാക്കാനുള്ള നീക്കമാണെന്ന് ആക്ഷേപമുയരുന്നുണ്ട്.
കോന്നി ഇക്കോ ടൂറിസം സെന്ററിൽ നിന്നു രാവിലെ യാത്ര തിരിച്ച് തണ്ണിത്തോട് അടവിയിലെത്തി കുട്ടവഞ്ചി സവാരിക്ക് ശേഷം തണ്ണിത്തോട്, ആങ്ങമൂഴി, മൂഴിയാർ വഴി ഗവിയിലും തുടർന്ന് പരുന്തുംപാറയിലും എത്തി മടങ്ങും വിധമാണു യാത്ര ക്രമീകരിച്ചിരുന്നത്. 16 പേർക്കു സഞ്ചരിക്കാനാകുന്ന വാഹനത്തിൽ ഒരാൾക്ക് 2200 രൂപയാണ് യാത്രാ നിരക്ക് ഈടാക്കിയിരുന്നത്.
പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, കുട്ടവഞ്ചി സവാരി എന്നിവ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടും.
രാവിലെ കോന്നിയിൽ നിന്നാരംഭിച്ചു രാത്രി തിരികെ അവിടെയെത്തുന്ന 232 കിലോമീറ്റർ യാത്രയിൽ ആങ്ങമൂഴി മുതൽ വള്ളക്കടവ് വരെ തുടർച്ചയായി 80 കിലോമീറ്ററോളം വനമാണെന്നതും യാത്രയിൽ മൂഴിയാർ, കക്കി, ആനത്തോട് ഡാമുകൾ കാണാനാകുന്നതും പ്രത്യേകതയാണ്.വനംവകുപ്പിന്റെ കോന്നി– അടവി–ഗവി ടൂർ പാക്കേജിൽ സഞ്ചാരികൾക്ക് കൃത്യമായി വാഹനസൗകര്യമൊരുക്കിയും ആവശ്യമായ മാറ്റങ്ങൾ വരുത്തിയും വരുമാനമുണ്ടാക്കാനുള്ള ശ്രമം ഉണ്ടാകുന്നില്ലെങ്കിലും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസ യാത്ര ബസുകൾ അടവി വഴി ഗവിയിലേക്ക് യാത്രയൊരുക്കി മികച്ച വരുമാനം നേടുന്നുണ്ട്. കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്നായി ദിവസവും ഒട്ടേറെ ബസുകൾ അടവി വഴി ഗവിയിലേക്ക് പോകുന്നുണ്ടെന്നാണ് അറിയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

