ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ മരുന്നുക്ഷാമം അതിരൂക്ഷമായതായി പരാതി. ആശുപത്രിയിലെ വിവിധ വകുപ്പുകളിൽ ചികിത്സ തേടിയെത്തുന്നവർക്ക് ഡോക്ടർമാർ കുറിച്ചുനൽകുന്ന വിലകൂടിയ ഔഷധങ്ങളിൽ പലതും ഫാർമസിയിൽ ലഭ്യമല്ലെന്നാണ് രോഗികളുടെ പ്രധാന പരാതി.
ഇതിനെത്തുടർന്ന് ഉയർന്ന വില നൽകി പുറത്തുനിന്നും മരുന്നുകൾ വാങ്ങേണ്ട ദയനീയ അവസ്ഥയിലാണ് പാവപ്പെട്ട
രോഗികൾ എത്തിപ്പെട്ടിരിക്കുന്നത്. എന്നാൽ, ഔഷധങ്ങൾക്കായി മുൻകൂട്ടി ഓർഡർ നൽകിയിട്ടുണ്ടെങ്കിലും അവ എത്തിച്ചേരാനുള്ള കാലതാമസമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
നിലവിൽ സംസ്ഥാനത്തെ ഭൂരിഭാഗം സർക്കാർ ആശുപത്രികളും സമാനമായ രീതിയിൽ കടുത്ത മരുന്ന് പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ വിവിധ ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾക്കൊപ്പം കാൻസർ ചികിത്സയ്ക്കുള്ള കീമോതെറാപ്പി മരുന്നുകൾ, അപസ്മാരത്തിനുള്ള ഔഷധങ്ങൾ എന്നിവയ്ക്കാണ് പ്രധാനമായും ഇപ്പോൾ ദൗർലഭ്യം നേരിട്ടിട്ടുള്ളത്.
പ്രതിസന്ധി പുറത്തറിയാതിരിക്കാൻ പരമാവധി പ്രാദേശിക വാങ്ങലുകൾ (ലോക്കൽ പർച്ചേസിംഗ്) നടത്താൻ സർക്കാരിൽ നിന്നും ആശുപത്രികൾക്ക് കർശന നിർദേശം ലഭിച്ചിട്ടുണ്ട്. എങ്കിലും, സർക്കാരിന്റെ ഭാഗത്തുനിന്നും ഭീമമായ തുക കുടിശ്ശികയായി ലഭിക്കാനുള്ളതിനാൽ സ്വകാര്യ വിതരണക്കാർ ആശുപത്രികളിലേക്ക് ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും എത്തിക്കാൻ വിമുഖത കാട്ടുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

