നദികളും റബറും അക്ഷരവെളിച്ചവും മുഖമുദ്രയായ കോട്ടയത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. അഫ്ഗാനിസ്ഥാൻ സ്വദേശിയായ മസൂദ് ആണ് കോട്ടയത്തിന്റെ സൗന്ദര്യവും സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ശ്രദ്ധേയനാകുന്നത്.
അതിരമ്പുഴയിലെ എംജി യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർഥിയാണ് ഇദ്ദേഹം. കഴിഞ്ഞ മൂന്ന് വർഷമായി കോട്ടയത്ത് താമസിക്കുന്ന മസൂദ് ജില്ലയുടെ വിവിധ കാഴ്ചകളും ആചാരങ്ങളും തീർഥാടന കേന്ദ്രങ്ങളുമെല്ലാം കോർത്തിണക്കി വിഡിയോകൾ തയ്യാറാക്കുകയാണ്.
ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ ദൃശ്യങ്ങൾ കണ്ടത്. കേരളത്തിന്റെ മാലിന്യമുക്തമായ അന്തരീക്ഷവും മതസാഹോദര്യവുമെല്ലാം വിഡിയോകളിൽ എടുത്തുപറയുന്നുണ്ട്.
കോട്ടയം റെയിൽവേ സ്റ്റേഷനെക്കുറിച്ച് മസൂദ് പങ്കുവെച്ച വിഡിയോ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പുലർച്ചെ ഒരു മണിക്ക് സ്റ്റേഷൻ വൃത്തിയാക്കുന്ന ജീവനക്കാരെ കാണിച്ചുകൊണ്ട് കേരളത്തിന്റെ ശുചിത്വത്തെക്കുറിച്ചാണ് ഈ ദൃശ്യങ്ങൾ സംസാരിക്കുന്നത്.
ജില്ലയിലെ പ്രധാന ആരാധനാലായങ്ങളായ അതിരമ്പുഴ പള്ളിയും വിമലഗിരി മാതാവിന്റെ പള്ളിയും ഇദ്ദേഹത്തിന്റെ റീലുകളിൽ ഇടംപിടിച്ചിട്ടുണ്ട്. ‘കേരള സാർ… 100% ലിറ്ററസി സാർ’ എന്ന ആമുഖത്തോടെയുള്ള വിഡിയോയിൽ കോട്ടയത്തിന്റെയും പത്തനംതിട്ടയുടെയും മതസാഹോദര്യ കാഴ്ചകൾ വ്യക്തമാണ്.
പുലർച്ചെ മാന്നാനത്തെ ജിമ്മിലേക്ക് പോകുമ്പോൾ ബസ് സ്റ്റോപ്പിൽ ഇരുന്ന് പത്രം വായിക്കുന്ന മലയാളിയെ കാണിക്കുന്നതിലൂടെ, വായനയോടുള്ള നാടിന്റെ താൽപ്പര്യവും വ്യക്തമാക്കപ്പെടുന്നു. കേരളത്തിലെ വിവാഹച്ചടങ്ങുകളുടെ വ്യത്യസ്തതയും മസൂദിന്റെ വിഡിയോകളിൽ സവിശേഷമായി അവതരിപ്പിച്ചിരിക്കുന്നു.
പ്രായഭേദമന്യേ എല്ലാവരും ഒത്തുചേരുന്നതും നൃത്തം ചെയ്യുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതുമെല്ലാം വിദേശിയായ ഈ യുവാവിനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചെറുതായി മലയാളം സംസാരിക്കാൻ പഠിച്ച മസൂദ് നാട്ടുകാരുമായി ഇടപഴകിയാണ് ഇത്തരം ദൃശ്യങ്ങൾ പകർത്തുന്നത്.
മാന്നാനം അമ്പലത്തിലെ അന്നദാനത്തിൽ പങ്കെടുത്ത അനുഭവവും ഗ്രാമീണരുടെ ഒത്തുചേരലുകളും ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ മാർച്ചിൽ മൃഗത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ ഇദ്ദേഹത്തിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ലഭിച്ച സൗജന്യ ചികിത്സയെയും മരുന്നുകളെയും കുറിച്ച് അഭിനന്ദിച്ച് മസൂദ് പങ്കുവെച്ച കുറിപ്പും ഏറെ ചർച്ചയായിരുന്നു.
സംസ്ഥാന സർക്കാരിനും ആശുപത്രി അധികൃതർക്കും നന്ദി അറിയിച്ചുകൊണ്ടായിരുന്നു ആ വിഡിയോ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

