ശബരിമലയിൽ വഴിപാടുകൾ അർപ്പിക്കാനെത്തിയ മുൻമേൽശാന്തിമാരോട് ദേവസ്വം അധികൃതരുടെ അവഗണനയെന്ന് പരാതി. താമസസൗകര്യവും പ്രസാദവും നൽകാതെ മണിക്കൂറുകളോളം അനിശ്ചിതത്വത്തിൽ നിർത്തി അപമാനിച്ചെന്നാണ് പ്രധാന ആരോപണം.
മേൽശാന്തിസമാജത്തിന്റെ നേതൃത്വത്തിൽ സന്നിധാനത്തും മാളികപ്പുറത്തുമായി ലക്ഷാർച്ചന, ലളിതാസഹസ്രനാമാർച്ചന, ഭഗവതി സേവ തുടങ്ങിയ വഴിപാടുകൾ സമർപ്പിക്കുന്നതിനായാണ് 32 മുൻമേൽശാന്തിമാർ കന്നിമാസപൂജയ്ക്കായി ശബരിമലയിൽ എത്തിയത്. ഇതിനായി 12,500 രൂപ ദേവസ്വത്തിൽ മുൻകൂറായി അടച്ചിരുന്നു.
തുടർന്ന് 19-ാം തീയതി മാളികപ്പുറത്ത് ലളിതാസഹസ്രനാമാർച്ചനയും ഭഗവതിസേവയും, 20-ാം തീയതി അയ്യപ്പസന്നിധിയിൽ ലക്ഷാർച്ചനയും ഇവർ നടത്തി. എന്നാൽ വഴിപാടുമായി എത്തിയ സംഘത്തിന് താമസത്തിന് സൗജന്യമായി മുറിയും പ്രസാദവും നൽകണമെന്ന ദേവസ്വം ബോർഡ് ഉത്തരവ് നിലനിൽക്കെ, അധികൃതരുടെ ഭാഗത്തുനിന്നും കടുത്ത അവഗണനയാണുണ്ടായത്.
ഇതുസംബന്ധിച്ച് മേൽശാന്തി സമാജം പ്രസിഡന്റ് പുതുമന മനു നമ്പൂതിരി, സെക്രട്ടറി മാടവന പരമേശ്വരൻ നമ്പൂതിരി എന്നിവർ ദേവസ്വം വകുപ്പ് മന്ത്രിപും ദേവസ്വം ബോർഡ് പ്രസിഡന്റിനും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ദേവസ്വം അക്കമഡേഷൻ ഓഫീസിൽ 10,000 രൂപ അടച്ചതിനെത്തുടർന്ന് ഒരു ഹാൾ അനുവദിച്ചെങ്കിലും അതിൽ കട്ടിലോ പായോ ഉൾപ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങൾ പോലും നൽകാൻ അധികൃതർ തയ്യാറായില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

