കൊച്ചി∙ കൃത്യമായ വെർച്വൽ ക്യൂ, സ്പോട് ബുക്കിങ് പാസുള്ളവരെ മാത്രമേ ശബരിമല സന്നിധാനത്തേക്കു കടത്തിവിടാവൂ എന്നു ഹൈക്കോടതി. പാസിലെ തീയതിയും സമയവും പാലിക്കണമെന്നും ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട
ദേവസ്വം ബെഞ്ച് നിർദേശം നൽകി.അമിത തിരക്കുമൂലം എന്തെങ്കിലും സംഭവമുണ്ടായാൽ അത് ക്ഷമിക്കില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിനും പൊലീസിനും കോടതി മുന്നറിയിപ്പ് നൽകി. ഭരണപരമായ അലംഭാവമോ നടപ്പാക്കുന്നതിലെ വീഴ്ചയോ മൂലം ലക്ഷക്കണക്കിനു തീർഥാടകർ, തടയാൻ പറ്റുമായിരുന്ന അത്യാഹിതങ്ങൾക്ക് ഇരയാകുന്നത് അനുവദിക്കാനാവില്ല.
വ്യാജ പാസുമായി എത്തുന്നവരെ ഒരു കാരണവശാലും കടത്തി വിടരുതെന്നു കോടതി നിർദേശിച്ചു.
തീയതി പാലിക്കാതെ എത്തുന്നവരെയും സന്നിധാനത്തേക്കു പോകാൻ അനുവദിക്കരുത്. ബുക്കിങ് രീതി കർശനമായി പാലിക്കണം.
വെർച്വൽ ക്യു വഴിയുള്ള ബുക്കിങ് അടക്കം നിയന്ത്രിച്ചിട്ടും കഴിഞ്ഞ ദിവസങ്ങളിൽ ഒരു ലക്ഷത്തോളം തീർഥാടകർ ഇപ്പോൾ സന്നിധാനത്തേക്ക് എത്തുന്നു എന്ന ശബരിമല സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി വിഷയം പരിഗണിച്ചത്.
വെർച്വൽ ക്യൂ ബുക്കിങ് 70,000, സ്പോട്ട് ബുക്കിങ് 5000 എന്നിങ്ങനെ ഹൈക്കോടതി തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പരിശോധിച്ചപ്പോൾ 7877 പാസുകൾക്ക് വ്യക്തമായ വിവരങ്ങൾ ലഭിച്ചില്ലെന്നു സ്പെഷൽ കമ്മിഷണർ അറിയിച്ചിരുന്നു.
വ്യാജ പാസുമായി എത്തുന്നുണ്ടെന്ന വിവരവും ലഭിച്ചു. സംഘമായി എത്തുന്ന തീർഥാടകരിൽ ചിലർക്കു പാസ് ഇല്ലാത്ത സാഹചര്യമുണ്ടെന്ന് അമിക്കസ് ക്യൂറി അറിയിച്ചു.
ഇവരെ ഒന്നിച്ചു കടത്തിവിടുന്നത് പ്രശ്നമാണ്. സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയായെടുത്ത കേസാണു ഹൈക്കോടതി പരിഗണിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

