എന്തു ‘വാഴയ്ക്ക’ !
കൊച്ചി ∙ കർണാടകയിലെ ‘ഗുണ്ടു’, തമിഴ്നാടിന്റെ ‘മലൈ’, ആന്ധ്രപ്രദേശിലെ ‘റസ്താലി’… പെടപെടയ്ക്കുന്ന പേരുകളുള്ള ഇവരൊക്കെ ആരാണെന്നല്ലേ? നമ്മുടെ വാഴപ്പഴം – അതിനാണ്! രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പതിമൂന്നോളം വാഴപ്പഴ ഇനങ്ങൾ രുചിച്ചു പരിചയപ്പെടാൻ വരൂ, ഹോർത്തൂസിലേക്ക്.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘എഡിബിൾ ഇഷ്യൂസ്’ എന്ന കൂട്ടായ്മയാണ് കബനി വേദിയിൽ വാഴപ്പഴ ഇതിഹാസം രചിച്ചിരിക്കുന്നത്.ചക്കരക്കേളി, ഞാലിപ്പൂവൻ, കർപ്പൂര കദളി, റൈഡ് ഗുണ്ടു, ചെങ്കദളി, അമൃതപാനി എന്നിങ്ങനെ രുചിക്കു പേരുകേട്ട ഇനങ്ങൾ ഇവിടെയുണ്ട്.
വാഴപ്പഴ ഉൽപാദനത്തിൽ മുന്നിലുള്ള ഇന്ത്യയിൽ 80ലധികം പ്രാദേശിക ഇനങ്ങൾ ഉള്ളതായി ‘എഡിബിൾ ഇഷ്യൂസ്’ കൂട്ടായ്മ പ്രവർത്തകർ പറയുന്നു.
എന്നാൽ, 15 – 20 ഇനങ്ങൾ മാത്രമേ വ്യാവസായികമായി ഉൽപാദിപ്പിക്കുന്നുള്ളൂ. പ്രാദേശിക വാഴപ്പഴ ഇനങ്ങളുടെ സംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് ‘എഡിബിൾ ഇഷ്യൂസിന്റെ’ പ്രവർത്തനം.
പലയിനം വാഴകൾ ‘നനയുമ്പോൾ’ കൂടെ പ്രാദേശിക കർഷകരും പച്ചപിടിക്കുമെന്നാണ് ഇവരുടെ വാദം. കബനി വേദിയിൽ ഇന്നും നാളെയും ഉച്ചയ്ക്കുശേഷം 2 മുതൽ 4 വരെയാണ് ‘റൈപ്പ് ഫോർ ചെയ്ഞ്ച്: എ ബനാന ടേസ്റ്റിങ് എക്സ്പീരിയൻസ്’ സെഷൻ.
കളിച്ചുപഠിച്ച്… ബാലരമ ക്വിസ്
∙ ബാലരമ ഡൈജസ്റ്റ് ക്വിസ് മത്സരത്തിൽ ഉത്തരംതൊടുത്ത് കിഴക്കമ്പലം സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർഥി ഡേവിഡ് ടോണിയും (സീനിയർ) സെന്റ് ആൽബർട്ട് എച്ച്എസ്എസിലെ ആറാം ക്ലാസിലെ നവീൻ കൃഷ്ണയും (ജൂനിയർ) വിജയികളായി. സീനിയർ തലത്തിൽ അമൻ ഡി.മനോജും ആദിദേവ് സന്ദീപും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
ജൂനിയർ തലത്തിൽ ഡിലൻ ഡോണും മുഹമ്മദ് ഹിഷാമുമാണ് മറ്റു വിജയികൾ.
കളിമണ്ണു കൊണ്ട്
ഹോർത്തൂസ് വേദിയിൽ കളിമൺ കളരിയുമായി വിത്ത് ആർട്ട് റൂം. കളിമണ്ണുകൊണ്ട് ലോറിയും മലയും അഗ്നിപർവതവും ആനയുമൊക്കെ കുട്ടികൾ ഉണ്ടാക്കി.
കുട്ടികൾ മണ്ണുതൊടാൻ മടിക്കും. പക്ഷേ, ഒരു പ്രാവശ്യം തൊട്ടുകഴിഞ്ഞാൽ അവർക്ക് ആവേശമാകുമെന്നു വിത്ത് ആർട്ട് റൂമിന്റെ സ്ഥാപകൻ മനു മോഹൻ പറഞ്ഞു.
ഹിരൺ ഹരി, സരോജം, രാജേന്ദ്രൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
കുട്ടിക്കൂട്ടുകാരായി അനിതയും അഖിലയും
പുതിയ പുസ്തക വിശേഷങ്ങൾ കുട്ടികളുമായി പങ്കുവച്ച് എഴുത്തുകാരായ അനിത നായരും അഖില കണ്ണദാസനും. സ്നീക്കർ പാട്ടി, ദി ലോസ്റ്റ് എലഫന്റ് ആൻഡ് ദ് സോൾ ട്രീ എന്നീ രണ്ടു പുസ്തകങ്ങളെപ്പറ്റിയാണ് കുട്ടികളോട് സംവദിച്ചത്.
പുസ്തകത്തിന്റെ രഹസ്യങ്ങളും പങ്കുവച്ചു.
ഇന്ദുവും കുരുന്നുകളും
കഥകളിലൂടെ കിന്നാരങ്ങൾ പറഞ്ഞു ഗായിക ഇന്ദുലേഖ വാരിയർ. സിപ്പി പള്ളിപ്പുറത്തിന്റെ കവിതകളാണു ചൊല്ലിയത്. ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാറും കാക്കേ കാക്കേ കൂടെവിടെയും കണ്ണാം തുമ്പി പോരാമോയുമെല്ലാം കുട്ടികളും ഇന്ദുവും ഒരുമിച്ചു പാടി.
ദിവസവും കുട്ടികളുടെ പവിലിയനുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

