പന്തളം ∙ അപകടങ്ങളൊഴിയാതെ എംസി റോഡ്. 9.5 കിലോമീറ്റർ വരുന്ന പറന്തലിനും മാന്തുകയ്ക്കുമിടയിലാണ് അപകടങ്ങൾ വീണ്ടും വർധിക്കുന്നത്.
രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം 4 പേരാണ് ഇവിടെ മരിച്ചത്. ഈ മാസം 10ന് കെഎസ്ആർടിസി ബസിടിച്ചു പന്തളം പൂഴിക്കാട് തിരുവാതിരയിൽ കെ.ബാബു മരിച്ചിരുന്നു.
ശനിയാഴ്ച കുളനട മാന്തുകയിൽ കാറിടിച്ചു ബൈക്ക് യാത്രികനായ നിരണം ചിറയിൽ പറമ്പിൽ ലിജോ ലൂക്കോസ് മരിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ പന്തളം എസ്എൻഡിപി യൂണിയൻ ഓഫിസിനു മുൻപിലുണ്ടായ അപകടത്തിൽ മരിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥനായ കുരമ്പാല പറങ്ങാട്ട് വടക്കേതിൽ പി.ജി.ശ്രീകുമാറാണ്. ശ്രീകുമാർ ഓടിച്ച കാറിൽ ലോറി ഇടിച്ചായിരുന്നു അപകടം.
ചൊവ്വാഴ്ച വൈകിട്ട് കുളനട ടിബി ജംക്ഷനിൽ ചരക്കുലോറി പിക്കപ് വാനിലിടിച്ച് കൊട്ടാരക്കര സ്വദേശി അനീഷ് മരിച്ചിരുന്നു.
എംസി റോഡ് വികസന പദ്ധതി പൂർത്തിയായ 2007നുശേഷം ഇതുവരെ അപകടങ്ങളിൽ ജീവൻ പൊലിഞ്ഞത് 172 പേർക്കാണ്.
പരുക്കേറ്റവരോ നൂറുകണക്കിനു പേർ. മോട്ടർ വാഹനവകുപ്പും പൊലീസും ഒരുമിച്ചും വെവ്വേറെയുമായി ഒന്നോ രണ്ടോ തവണ പരിശോധനകൾ നടത്തിയിരുന്നു.
റോഡ് വികസനത്തിനായി 2 പദ്ധതികൾ നടപ്പാക്കിയിട്ടും പല ഭാഗങ്ങളിലും ഓടയും നടപ്പാതയും വഴിവിളക്കുകളും അടക്കം ജോലികൾ ബാക്കി. എംസി റോഡ് വികസന പദ്ധതിയിൽ വന്ന പോരായ്മകൾ പരിഹരിക്കാനായിരുന്നു 4 വർഷം മുൻപ് 98.4 കോടി രൂപ ചെലവഴിച്ചു നവീകരണ പദ്ധതി നടപ്പാക്കിയത്.
എന്നാൽ, അപകടങ്ങളാവർത്തിക്കുന്ന ഭാഗമായിട്ടും ഒട്ടേറെ ജോലികൾ ഇനിയും ബാക്കി. 2023ൽ ആണ് നവീകരണ പദ്ധതി പൂർത്തിയായത്.
5 വർഷമാണ് പരിപാലന കാലാവധി. ഇടയ്ക്കിടയ്ക്ക് കൈവരി പെയ്ന്റിങ് മാത്രമാണ് നടക്കുന്നത്.
പലയിടങ്ങളിലും അപകടങ്ങളിൽ തകർന്ന കൈവരികൾ പോലും നന്നാക്കുന്നതിൽ കെഎസ്ടിപിയുടെ ഇടപെടലുമില്ല.
പന്തളം ജംക്ഷനിൽ വീണ്ടും കുഴി
പന്തളം ജംക്ഷന്റെ മധ്യഭാഗത്ത് പൈപ്ലൈൻ ചോർച്ചയെത്തുടർന്ന് വീണ്ടും കുഴി രൂപപ്പെട്ടു. ഇതിനു ഓരോ ദിവസവും വലുപ്പം കൂടുകയാണ്.
ഇരുചക്രവാഹനയാത്രികർക്ക് ഇത് ഭീഷണിയാണ്. നവംബർ, ഡിസംബർ മാസങ്ങളിലാണ് ആദ്യം കുഴി രൂപപ്പെട്ടത്.
പരാതി വ്യാപകമായതിനെത്തുടർന്ന് കോൺക്രീറ്റ് മിശ്രിതമിട്ട് അടച്ചിരുന്നു. ഇപ്പോൾ വീണ്ടും കുഴി രൂപപ്പെട്ട് വെള്ളം കെട്ടിക്കിടക്കുകയാണ്.
പൈപ്ലൈൻ ജല അതോറിറ്റിയുടേതായതിനാൽ കെഎസ്ടിപി കണ്ടില്ലെന്ന മട്ടിലാണ്. കുഴി അടയ്ക്കാൻ നടപടിയില്ലെങ്കിൽ അപകടം വരുത്തിവയ്ക്കുമെന്നാണ് നാട്ടുകാരുടെ ഭയം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

