കോന്നി ∙ സെൻട്രൽ ജംക്ഷനിൽ വാഹനമിടിച്ചു ചരിഞ്ഞ സിഗ്നൽ ലൈറ്റ് ഒരു വർഷം കഴിഞ്ഞിട്ടും മാറ്റി സ്ഥാപിക്കാൻ നടപടിയില്ല. സംസ്ഥാനപാതയിലെ നടപ്പാതയ്ക്കു കുറുകെ കാൽനടയ്ക്കു തടസ്സമായാണു ലൈറ്റിന്റെ തൂൺ ഒടിഞ്ഞു ചരിഞ്ഞു നിൽക്കുന്നത്.
ഇതുമൂലം ആളുകൾക്ക് ഇതുവഴി നടന്നു പോകാൻ പ്രയാസ്സമായിട്ടുണ്ട്. സംസ്ഥാനപാതയുടെ വികസനം പൂർത്തിയായതോടെ സെൻട്രൽ ജംക്ഷനിൽ ഉൾപ്പെടെ വാഹനങ്ങൾ അമിത വേഗത്തിലാണ് കടന്നു പോകുന്നത്. അതിനാൽ മറ്റു യാത്രക്കാർക്ക് സുരക്ഷിതമായി നടന്നു പോകാനായാണു നടപ്പാത നിർമിച്ചിട്ടുള്ളത്.
എന്നാൽ, നടപ്പാതയ്ക്കു കുറുകെ തൂൺ ചരിഞ്ഞു കിടക്കുന്നതു മൂലം നടന്നുപോകുന്നവർ ഇവിടെയെത്തുമ്പോൾ ടാറിങ്ങിലേക്ക് ഇറങ്ങി നടന്ന ശേഷം വീണ്ടും നടപ്പാതയിലേക്കു കയറേണ്ട
അവസ്ഥയാണ്. തിരക്കേറിയ സമയങ്ങൾ ഇത് വലിയ അപകടത്തിനു കാരണമാകും. സ്കൂൾ കുട്ടികൾക്കും സ്ത്രീകൾക്കും മറ്റു യാത്രക്കാർക്കും ഇതു ഭീഷണിയാണ്.
2024 ഓഗസ്റ്റിൽ രാത്രിയിൽ തടി ലോറി നിയന്ത്രണംവിട്ട് ഇടിച്ചാണു തൂൺ ഒടിഞ്ഞു ചാഞ്ഞത്. ലോറി മറിയുകയും ചെയ്തിരുന്നു. സംസ്ഥാന പാതയുടെ വികസനത്തിനു മുൻപ് പ്രധാന ജംക്ഷനാണെന്നു തിരിച്ചറിയാനായി സ്ഥാപിച്ച ലൈറ്റാണിത്.
പല തവണ താലൂക്ക് വികസന സമിതിയിൽ ഈ വിഷയം ചർച്ചയ്ക്കു വന്നിട്ടുണ്ട്.
ലൈറ്റ് മാറ്റി സ്ഥാപിക്കേണ്ടതു മരാമത്ത് വകുപ്പാണോ പഞ്ചായത്താണോ പൊലീസാണോയെന്നത് സംബന്ധിച്ച തർക്കവും ഉണ്ടായിരുന്നു. ഒടുവിൽ പൊലീസിന്റെ ഉടമസ്ഥതയിലാണിതെന്നു സഭയിൽ അറിയിക്കുകയും ചെയ്തു. മണ്ഡലകാലം തുടങ്ങാൻ ഇനി അഞ്ച് ദിവസം മാത്രമേയുള്ളൂ.
റോഡ് വികസനം പൂർത്തിയായതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം ഒട്ടേറെ തീർഥാടക വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ഈ സാഹചര്യത്തിൽ കാൽനടക്കാർക്ക് നടന്നുപോകാനുള്ള സുരക്ഷയൊരുക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

