പാലക്കാട്: രാസവളങ്ങളുടെ വിലക്കയറ്റവും പശ്ചിമേഷ്യൻ യുദ്ധം മൂലമുണ്ടായ ക്ഷാമവും രൂക്ഷമായതോടെ പാലക്കാട്ടെ കർഷകർ പ്രതിസന്ധിയിൽ. വിളവ് നിലനിർത്താൻ ജൈവവളങ്ങളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയിലാണ് കർഷകർ.
ഇതിന്റെ ഭാഗമായി തമിഴ്നാട്ടിൽ നിന്നുൾപ്പെടെയുള്ള ചെമ്മരിയാടിൻ കൂട്ടങ്ങളെ പാടങ്ങളിൽ എത്തിച്ച് വളമാക്കി മാറ്റുകയാണ് ഇപ്പോൾ കർഷകർ ചെയ്യുന്നത്. ഒരു ചെമ്മരിയാടിൻകൂട്ടത്തെ ഒരു രാത്രി പാടത്തൊന്നു കിടത്താൻ കർഷകൻ നൽകേണ്ടത് 800 മുതൽ 1000 രൂപ വരെയാണ്.
ആടുകളുടെ എണ്ണത്തിനനുസരിച്ചാണ് ഈ തുക നിശ്ചയിക്കുന്നത്. ഒരു ചെമ്മരിയാടിൻ കൂട്ടത്തോടൊപ്പം ഇവയെ മേയ്ക്കാൻ നാലുപേരെങ്കിലും ഉണ്ടാകും.
ഇവർക്കുള്ള ഭക്ഷണച്ചെലവായാണ് 800 രൂപ ഈടാക്കുന്നത്. രാത്രിയിൽ പാടത്ത് വലകെട്ടി ആടുകളെ കിടത്തുന്നതിലൂടെ ആട്ടിൻകാഷ്ഠം പാടത്ത് ലഭ്യമാകുന്നു.
ഓരോ ദിവസവും വലകെട്ടുന്ന സ്ഥലം മാറ്റിമാറ്റി പാടം മുഴുവൻ വളമെത്തിക്കുകയാണ് രീതി. പകൽ സമയത്ത് പാടത്ത് ആടുകൾ മേയുന്നതിലൂടെയും വളം ലഭിക്കുന്നുണ്ട്.
പിന്നീട് പാടം പൂട്ടി ഇത് മണ്ണിലേക്കു ചേർക്കുന്നു. അതേസമയം, ചാണകവളത്തിന്റെ കാര്യവും സമാനമാണ്.
ഒരു ട്രാക്ടർ ചാണകത്തിന്റെ വില 2000 മുതൽ 2500 രൂപ വരെയാണ്. ഇതു പാടത്തു വിതറാനുള്ള കൂലി കൂടിയാകുമ്പോൾ ചെലവ് 3000 രൂപയാകും.
ഒരേക്കറിൽ വിതറാൻ ചുരുങ്ങിയത് രണ്ടു ട്രാക്ടർ ചാണകം വേണം. എന്നാൽ നാടൻ ആടിന്റെ കാഷ്ഠം വളമായി കിട്ടാനില്ലാത്തതും ചാണകത്തിനായുള്ള ഫാമുകളിലെ ക്ഷാമവും കർഷകരെ വലയ്ക്കുന്നുണ്ട്.
ചാണകത്തിന്റേതുൾപ്പെടെ വില കൂടുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് കർഷകർക്ക് ഉണ്ടാക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ചെമ്മരിയാടിൻ കൂട്ടങ്ങൾ എത്തുന്നതിൽ കുറവുണ്ടെന്ന് കർഷകർ പറയുന്നു.
അതിനിടെ, വേനൽമഴയെത്തുടർന്ന് പാടത്ത് വെള്ളം കയറിത്തുടങ്ങിയതോടെ ജില്ലയിലെത്തിയ ചെമ്മരിയാടിൻ കൂട്ടങ്ങൾ മടക്കത്തിനുള്ള തയാറെടുപ്പിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

