നിയമസഭാ അംഗങ്ങൾക്കായുള്ള പരിശീലന ക്ലാസിൽ കൗതുകകരമായ ഒരു കാഴ്ചയാണ് അരങ്ങേറിയത്. മുൻപ് അധ്യാപകനായിരുന്ന വ്യക്തിയും അദ്ദേഹത്തിന്റെ പഴയ വിദ്യാർത്ഥികളും സഹപ്രവർത്തകരായി ഒരേ ക്ലാസിലിരുന്ന് പാഠങ്ങൾ അഭ്യസിച്ചു.
കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ.ബേബിയും അദ്ദേഹത്തിന്റെ ശിഷ്യരായ പാലക്കാട് എംഎൽഎ രമേഷ് പിഷാരടി, വൈക്കം എംഎൽഎ കെ.ബിനിമോൻ എന്നിവരാണ് നിയമസഭയിലെ പുതിയ ദൗത്യത്തിനിടെ വീണ്ടും ഗുരുശിഷ്യ ബന്ധം പുതുക്കിയത്. കഴിഞ്ഞ കാലങ്ങളിൽ വിവിധ കോളേജുകളിൽ അധ്യാപകനായിരുന്നപ്പോഴാണ് ഇവർ തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്.
2001–02 കാലയളവിൽ തലയോലപ്പറമ്പ് ഡിബി കോളേജിൽ വെച്ചാണ് രമേഷ് പിഷാരടി റോണി കെ.ബേബിയുടെ ശിഷ്യനായത്. തുടർന്ന് 2002–04 കാലഘട്ടത്തിൽ വൈക്കം കൊതവറ സെന്റ് സേവ്യേഴ്സ് കോളേജിൽ വെച്ച് കെ.ബിനിമോനും അദ്ദേഹത്തിന്റെ കീഴിൽ പൊളിറ്റിക്കൽ സയൻസ് പഠിച്ചു.
നീണ്ട കാലം കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷമാണ് റോണി കെ.ബേബി രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നത്.
നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട മൂന്നുപേരും കോൺഗ്രസ് പ്രതിനിധികളാണെന്നതും ശ്രദ്ധേയമാണ്.
അക്കാലത്തെ ക്ലാസ് മുറിയിലെ അനുഭവങ്ങൾ പങ്കുവെക്കാൻ ഇവർ മറന്നില്ല. വിദ്യാർത്ഥിയായിരുന്ന കെ.ബിനിമോനെ സമരത്തിന്റെ പേരിൽ ക്ലാസിൽ നിന്ന് പുറത്താക്കിയ കർക്കശക്കാരനായ അധ്യാപകനായിരുന്നു താനെന്ന് റോണി കെ.ബേബി അനുസ്മരിച്ചു.
അന്ന് ക്ലാസിൽ നിന്ന് പുറത്താക്കിയതിലുള്ള പരിഭവം കെ.ബിനിമോൻ ഇന്നും തന്നോട് പങ്കുവെക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രതന്ത്ര വിഷയത്തിൽ ഏറെ താല്പര്യമുണ്ടായിരുന്ന രമേഷ് പിഷാരടി പഠനത്തിൽ മിടുക്കനായിരുന്നെങ്കിലും, കലാപരമായ പ്രവർത്തനങ്ങളിൽ സജീവമായിരുന്നതിനാൽ പലപ്പോഴും ക്ലാസ് മുറിയിൽ അദ്ദേഹത്തെ കാണാൻ പ്രയാസമായിരുന്നുവെന്നും അധ്യാപകൻ ഓർത്തെടുത്തു.
തന്നെ പഠിപ്പിച്ച ഗുരുവിനൊപ്പം നിയമസഭയിൽ അംഗമായി പ്രവർത്തിക്കാൻ കഴിയുന്നത് അഭിമാനകരമാണെന്നും, ഒരേ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നത് ബന്ധങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നുവെന്നും ഇവർ ഒന്നടങ്കം അഭിപ്രായപ്പെട്ടു. പരിശീലന പരിപാടിയുടെ ഭാഗമായി ലഭിച്ച സമയം സൗഹൃദങ്ങൾ പങ്കുവെക്കാൻ ഏറെ സഹായിച്ചുവെന്ന് റോണി കെ.ബേബി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

