ലണ്ടൻ: ബ്രിട്ടനിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ലേബർ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതോടെ, പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ട് പാർട്ടിക്കുള്ളിൽ സമ്മർദ്ദം ശക്തമാകുന്നു. 70-ലധികം ലേബർ പാർട്ടി എംപിമാരാണ് സ്റ്റാർമർ സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
പാർട്ടിയിലെ മുതിർന്ന നേതാക്കൾ സ്റ്റാർമറുടെ നേതൃത്വത്തെ പരോക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് നേതൃമാറ്റം എന്ന ആവശ്യം കൂടുതൽ ശക്തമായത്. വിദേശകാര്യ സെക്രട്ടറി വെറ്റെ കൂപ്പർ, ആഭ്യന്തര മന്ത്രി ഷബാന മഹ്മൂദ് എന്നിവർ സ്റ്റാർമറോട് അധികാരം കൈമാറ്റം ചെയ്യുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ, മന്ത്രിമാരുടെ നാല് ഉപദേശകർ രാജിവെക്കുകയും സ്റ്റാർമറുടെ പ്രവർത്തനശൈലിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ്ങിൻ്റെ ഉപദേശകൻ ജോ മോറിസ് പ്രതികരിച്ചത് ഇങ്ങനെ: “പ്രധാനമന്ത്രിക്ക് ജനവിശ്വാസം നഷ്ടപ്പെട്ടു.” പരിസ്ഥിതി സെക്രട്ടറി എമ്മ റെയ്നോൾഡ്സിൻ്റെ ഉപദേശകനായ ടോം റുട്ട്ലാൻ്റിൻ്റെ നിലപാട് ഇപ്രകാരമായിരുന്നു: “സ്റ്റാർമറിന് പാർട്ടിക്കുള്ളിൽ മേൽക്കൊയ്മ നഷ്ടപ്പെട്ടുവെന്നും അത് വീണ്ടെടുക്കാൻ കഴിയില്ല.” ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നടന്ന കൗൺസിൽ തെരഞ്ഞെടുപ്പുകളിലെ പരാജയം ലേബർ പാർട്ടിക്ക് കനത്ത ആഘാതമായി.
വെയിൽസിൽ 1999-ന് ശേഷം ആദ്യമായി പാർലമെൻ്റിൻ്റെ നിയന്ത്രണം പാർട്ടിയുടെ കൈവിട്ടുപോയത് വലിയ തിരിച്ചടിയായി. 27 വർഷമായി അധികാരത്തിലുണ്ടായിരുന്ന ലേബർ പാർട്ടിക്ക് ഇത്തവണ 96 സീറ്റുകളിൽ ഒൻപതെണ്ണത്തിൽ മാത്രമാണ് വിജയിക്കാനായത്.
പ്ലെയ്ഡ് കംറി 43 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ, റിഫോം യുകെ 34 സീറ്റുകളിലും വിജയം വരിച്ചു. അതേസമയം, രാജി ആവശ്യം പൂർണ്ണമായും തള്ളിക്കളഞ്ഞ കെയർ സ്റ്റാർമർ, തൻ്റെ നേതൃത്വത്തിലുള്ള ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി.
14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണത്തിന് വിരാമമിട്ട് 2024 ജൂലൈയിലാണ് കെയർ സ്റ്റാർമർ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ലേബർ പാർട്ടി നിയമപ്രകാരം പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ 81 എംപിമാരുടെ പിന്തുണ അനിവാര്യമാണ്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ, സ്റ്റാർമറിനെതിരെ അണിനിരക്കുന്ന വിഭാഗത്തിന് ഈ സംഖ്യ തികയ്ക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

