കൊച്ചിൻ ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന്റെ ഉൾവശത്തെ ഭിത്തിയിൽ ‘ഐ ലവ് പാക്കിസ്ഥാൻ’ എന്ന് എഴുതിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി. കപ്പലിന്റെ ഉൾവശത്തെ ചുമരിൽ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കോറിവരച്ച് എഴുതിയ നിലയിലാണ് കണ്ടെത്തിയത്.
പ്രതിരോധ മേഖലയിൽ അതീവ പ്രാധാന്യമുള്ള സ്ഥാപനമായതിനാൽ വിഷയം അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. സംഭവത്തെത്തുടർന്ന് കപ്പൽശാലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
സംഭവത്തിൽ കേന്ദ്ര ഇന്റലിജൻസ് ഏജൻസികളും അന്വേഷണത്തിന്റെ ഭാഗമായിട്ടുണ്ട്. രണ്ടാഴ്ച മുൻപാണ് കപ്പലിനുള്ളിൽ ഇത്തരം എഴുത്തുകൾ ശ്രദ്ധയിൽപ്പെട്ടത്.
ഷിപ്പ്യാർഡ് അധികൃതർ പ്രാഥമികതലത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിന് ശേഷം എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെങ്കിലും, വിശദമായ പരിശോധനകളിലേക്ക് അന്വേഷണ സംഘം കടന്നിരിക്കുകയാണ്.
സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഷിപ്പ്യാർഡ് അധികൃതർ സംഭവത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം കുറ്റക്കാരെ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്.
അറ്റകുറ്റപ്പണികൾ നടന്ന കാലയളവിൽ സ്ഥിരം ജീവനക്കാരും കരാർ തൊഴിലാളികളും ഉൾപ്പെടെ നൂറോളം പേർക്ക് ഈ കപ്പലിലേക്ക് പ്രവേശനം ഉണ്ടായിരുന്നു. എഴുത്ത് കണ്ടെത്തിയ ഭാഗത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ല എന്നത് അന്വേഷണത്തെ സങ്കീർണ്ണമാക്കുന്നുണ്ട്.
കപ്പലിൽ ജോലി ചെയ്തിരുന്നവർ, പ്രവേശനം ഉണ്ടായിരുന്നവർ എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. കപ്പൽ കൊച്ചിയിൽ എത്തുന്നതിന് മുൻപാണോ ഇത്തരത്തിൽ എഴുതിയത് എന്ന സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.
കൊച്ചിൻ ഷിപ്പ്യാർഡിൽ മുൻപും സുരക്ഷാ വീഴ്ചകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2025-ൽ പാക്കിസ്ഥാൻ ഏജന്റുകൾക്ക് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകിയതിന് മാൽപെ യൂണിറ്റിലെ രണ്ട് കരാർ തൊഴിലാളികളെ അറസ്റ്റ് ചെയ്ത സംഭവം വലിയ ചർച്ചയായിരുന്നു.
കൂടാതെ, 2023-ൽ ഹണി ട്രാപ്പിൽ കുടുങ്ങിയ ഇലക്ട്രോണിക് മെക്കാനിക്, 2021-ൽ വ്യാജ രേഖകളുമായി ജോലി ചെയ്ത അഫ്ഗാൻ പൗരൻ എന്നിവർക്കെതിരെയും നടപടികൾ സ്വീകരിച്ചിരുന്നു. 2019-ൽ നിർമ്മാണത്തിലിരുന്ന ഐഎൻഎസ് വിക്രാന്തിൽ നിന്ന് ഹാർഡ് ഡിസ്കുകൾ മോഷ്ടിക്കപ്പെട്ടതും സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ചയായി വിലയിരുത്തപ്പെട്ടിരുന്നു.
ഈ സാഹചര്യങ്ങളെല്ലാം മുൻനിർത്തി അതീവ ജാഗ്രതയോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

