ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നീക്കത്തിന് പിന്നാലെ, ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികൾ ടർക്കിഷ് കമ്പനിയായ ചെലെബീക്ക് (Celebi) വലിയ സാമ്പത്തിക തിരിച്ചടിയാണ് നൽകിയത്. ഒറ്റ ദിവസം കൊണ്ട് കമ്പനിക്ക് നഷ്ടമായത് 50 കോടി ഡോളറാണ് (ഇന്നത്തെ വിപണി മൂല്യപ്രകാരം ഏകദേശം 4800 കോടി രൂപ).
കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു ഇതെന്നാണ് ജാനൻ ചെലെബീയോലൂ (Canan Celebioglu) ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഭീകരതാവളങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ പ്രത്യാക്രമണമായിരുന്നു ഓപ്പറേഷൻ സിന്ദൂർ.
ഈ നീക്കത്തെ തുർക്കി പരസ്യമായി അപലപിക്കുകയും പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ഇന്ത്യയിൽ ടർക്കിഷ് കമ്പനികളെ ബഹിഷ്കരിക്കണമെന്ന ആവശ്യം ശക്തമാവുകയും, കേന്ദ്ര സർക്കാർ കർശനമായ നിലപാട് സ്വീകരിക്കുകയുമായിരുന്നു.
ഇന്ത്യയിൽ പതിനേഴ് വർഷമായി പ്രവർത്തിച്ചുവന്ന വ്യോമയാന ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനിയായ ചെലെബീക്ക് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സേഫ്റ്റി (BCAS) അടിയന്തരമായി സുരക്ഷാ ക്ലിയറൻസ് സർട്ടിഫിക്കറ്റ് റദ്ദാക്കിക്കൊണ്ട് തിരിച്ചടി നൽകി. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങി ഒൻപത് പ്രധാന വിമാനത്താവളങ്ങളിൽ സേവനം നൽകിയിരുന്ന കമ്പനി പ്രതിവർഷം ശരാശരി 58,000 വിമാനങ്ങളെയാണ് കൈകാര്യം ചെയ്തിരുന്നത്.
“17 വർഷംകൊണ്ട് ഇന്ത്യയിൽ കെട്ടിപ്പടുത്ത ബിസിനസുകളാണ് ഒറ്റദിവസംകൊണ്ട് നഷ്ടമായതെന്ന്” ജാനൻ ചെലെബീയോലൂ വ്യക്തമാക്കി. തുടർന്ന് 10,000 ജീവനക്കാരെ മറ്റൊരു കമ്പനിയിലേക്ക് മാറ്റേണ്ടി വന്നു.
40-50 കോടി ഡോളറുണ്ടായിരുന്ന കമ്പനിമൂല്യം ഒറ്റദിവസം കൊണ്ട് പൂജ്യമായി മാറിയെന്നും അവർ പറഞ്ഞു. പാക്കിസ്ഥാന് തുർക്കി ഡ്രോണുകൾ നൽകിയതാണ് കേന്ദ്രസർക്കാരിനെ പ്രകോപിപ്പിച്ചത്.
തങ്ങൾക്ക് ടർക്കിഷ് സർക്കാരുമായി ബന്ധമില്ലെന്ന് കമ്പനി വാദിച്ചെങ്കിലും രാജ്യസുരക്ഷ കണക്കിലെടുത്ത് സർക്കാർ നടപടിയുമായി മുന്നോട്ടുപോയി. അദാനി ഗ്രൂപ്പ് ഉൾപ്പെടെയുള്ളവർ ചെലെബീയുമായുള്ള സഹകരണം അവസാനിപ്പിച്ചു.
വിഷയത്തിൽ കമ്പനി കോടതിയെ സമീപിച്ചെങ്കിലും, രാജ്യസുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടതെന്ന് കോടതിയും നിരീക്ഷിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

