പാലക്കാട്–പൊള്ളാച്ചി സംസ്ഥാനാന്തരപാതയിൽ ബൈക്കും ചരക്കുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. എലപ്പുള്ളി മണിയേരി സ്വദേശി വിഷ്ണു (25), പുതുശ്ശേരി മന്ദം സ്വദേശി കാർത്തിക് (26) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി പത്തോടെ എലപ്പുള്ളി പേട്ട ജംക്ഷനു സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം.
എലപ്പുള്ളിയിൽ പശു ഫാം നടത്തിപ്പുകാരാണ് ഇരുവരും. ഫാമിലെത്തി കന്നുകാലികൾക്കു തീറ്റ നൽകിയ ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.
പാലക്കാട് നിന്നു ചരക്കുമായി പൊള്ളാച്ചിയിലേക്കു പോയ ലോറിയാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറിയ ബൈക്ക് ഉടൻ തീപിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ബൈക്കും ലോറിയുടെ മുൻവശവും ഭാഗികമായി കത്തിനശിച്ചു. അപകടത്തെ തുടർന്ന് വിവരം അറിഞ്ഞ ഉടൻ അഗ്നിരക്ഷാസേന സ്ഥലത്തെത്തി പരുക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തീപിടിച്ച ബൈക്കിൽ നിന്ന് റോഡിലേക്ക് തലയടിച്ചു വീണതാണ് മരണകാരണമെന്ന് കരുതുന്നു. ഇവർക്ക് കാലിനും നേരിയ രീതിയിൽ പൊള്ളലേറ്റിട്ടുണ്ടെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
സീനിയർ ഫയർ ഓഫിസർ പി.വിപിന്റെ നേതൃത്വത്തിലുള്ള കഞ്ചിക്കോട് അഗ്നിരക്ഷാസേനയ്ക്കൊപ്പം കസബ പൊലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
സ്കൂൾ പഠനകാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. മരണത്തിലും പിരിയാതെ ഒന്നിച്ചെത്തിയ ഇവർ നാടിനെ ഒന്നാകെ ദുഃഖത്തിലാഴ്ത്തി.
എല്ലാ യാത്രകളിലും കാർത്തിക്കിനൊപ്പം വിഷ്ണുമുണ്ടാകാറുണ്ടായിരുന്നു. ഇന്നലെ രാത്രി എട്ടര വരെ മറ്റു സുഹൃത്തുക്കൾക്കൊപ്പം ഇവർ എലപ്പുള്ളിയിലുണ്ടായിരുന്നു.
പാലക്കാട്–പൊള്ളാച്ചി പാതയിലെ സ്ഥിരം അപകടമേഖലയാണ് പേട്ട ജംക്ഷൻ.
കഴിഞ്ഞ 3 മാസത്തിനിടെ മാത്രം ഇരുപതിലേറെ അപകടങ്ങളാണ് മേഖലയിലുണ്ടായത്. ഇന്നലത്തേത് ഉൾപ്പെടെ നാല് പേർക്ക് ഇവിടെ ജീവൻ നഷ്ടമായി.
വീതി കുറഞ്ഞ റോഡിലെ വളവുകളും വെളിച്ചക്കുറവുമാണ് അപകടങ്ങൾ പതിവാകാൻ കാരണം. നാലുവരി പാതയാക്കി വികസിപ്പിക്കാനുള്ള പദ്ധതി ടെൻഡർ നടപടികളിലേക്കു കടന്നിട്ടുണ്ട്.
മണിയേരിയിൽ ഉണ്ണിക്കൃഷ്ണന്റെയും പുഷ്പയുടെയും മകനാണ് വിഷ്ണു. സഹോദരൻ: സന്തോഷ്.
പുതുശ്ശേരി മന്ദം കുന്നേക്കാട് കൃഷ്ണന്റെയും വേണിയുടെയും മകനാണ് കാർത്തിക്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്കു വിട്ടുനൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

