**നെന്മാറ:** വലിയ പ്രതീക്ഷകളോടെ തുടക്കം കുറിച്ച നെന്മാറ പഞ്ചായത്തിലെ കല്യാണമണ്ഡപം കം മിനി തിയറ്റർ പദ്ധതി ഏഴു വർഷം പിന്നിട്ടിട്ടും പൂർത്തിയായില്ല. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമാണം ആരംഭിച്ച ഈ പദ്ധതി, 3.50 കോടി രൂപയിൽ നിന്നും അഞ്ച് കോടി രൂപയിലേക്ക് ചിലവ് ഉയർന്നിട്ടും ഇന്നും അനിശ്ചിതത്വത്തിലാണ്.
കെട്ടിടത്തിന്റെ പ്രധാന ജോലികൾ പൂർത്തിയായെങ്കിലും ഇലക്ട്രിക്കൽ, പ്ലംബിങ് പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതാണ് ഉദ്ഘാടനം വൈകാൻ കാരണം. 2019-ൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ കോവിഡ് പ്രതിസന്ധി കാരണം ആദ്യം തടസ്സപ്പെട്ടിരുന്നു.
പിന്നീട് ഫണ്ടിന്റെ ദൗർലഭ്യം പദ്ധതിയെ വലിയ പ്രതിസന്ധിയിലാക്കി. 10,000 ചതുരശ്ര അടി വിസ്തീർണമുള്ള മൂന്ന് നില കെട്ടിടത്തിൽ 500 പേർക്ക് ഇരിക്കാവുന്ന ഹാൾ, ഭക്ഷണശാല, അടുക്കള, പാർക്കിങ് സൗകര്യം, താമസമുറികൾ, മിനി തിയറ്റർ എന്നിവയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
വലിയ കെട്ടിടമായതിനാൽ അഗ്നിരക്ഷാ സംവിധാനങ്ങൾ കൂടി ഇനി സജ്ജീകരിക്കേണ്ടതുണ്ട്. വക്കാവ് റോഡിലെ പഞ്ചായത്തിന്റെ 55 സെന്റ് സ്ഥലത്താണ് നിർമാണം നടക്കുന്നത്.
പതിറ്റാണ്ടുകൾ പഴക്കമുണ്ടായിരുന്ന പഴയ മണ്ഡപം നശിച്ചതിനെ തുടർന്ന് 20 വർഷം മുൻപാണ് പൊളിച്ചുനീക്കിയത്. മതിൽ കെട്ടി സംരക്ഷിക്കാത്തതിനാൽ ഈ പ്രദേശം സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയ സാഹചര്യത്തിലായിരുന്നു പുതിയ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്.
എന്നാൽ നിർമാണം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തിയാകാത്തത് നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

