പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ കെട്ടിടം അപകടാവസ്ഥയിലായതിനെത്തുടർന്ന്, അവിടെ പ്രവർത്തിക്കുന്ന ഓഫിസുകൾ മാറ്റി സ്ഥാപിക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും നടപടികൾ അനിശ്ചിതത്വത്തിൽ.
അനുയോജ്യമായ കെട്ടിടം ലഭിക്കാൻ നേരിടുന്ന കാലതാമസവും ഉയർന്ന വാടകയുമാണ് പ്രധാന തടസ്സങ്ങൾ. കെട്ടിടത്തിന് ബലക്ഷയം കണ്ടെത്തിയ സാഹചര്യത്തിൽ മാർച്ച് 30-ന് മുൻപായി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മാറ്റണമെന്നായിരുന്നു നേരത്തെയുള്ള നിർദേശം.
കൃഷി ഓഫിസും സബ്ട്രഷറിയും ഉൾപ്പെടെ 24 സ്ഥാപനങ്ങളാണ് നിലവിൽ ഇവിടെ പ്രവർത്തിക്കുന്നത്. കൂടാതെ കോടതി സമുച്ചയവും ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ ജനുവരിയിൽ കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കെട്ടിടത്തിന്റെ സുരക്ഷാ പരിശോധന നടത്തിയിരുന്നു. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺക്രീറ്റ് സാംപിളുകൾ ശേഖരിച്ചും പ്ലാസ്റ്ററിങ് ഇളക്കിയും നടത്തിയ പരിശോധനയിൽ, കെട്ടിടം ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങൾ മാറ്റാൻ നിർദേശം നൽകിയത്. ജീവനക്കാരുടെ എണ്ണം പരിഗണിച്ച് ആവശ്യമായ സ്ഥലസൗകര്യം ഉറപ്പാക്കുക എന്നതാണ് അധികൃതർക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.
താലൂക്ക് ഓഫിസിന് മാത്രം 4,400 സ്ക്വയർ ഫീറ്റും, രേഖകൾ സൂക്ഷിക്കാൻ 800 ചതുരശ്രയടി വിസ്തീർണമുള്ള മുറിയും ആവശ്യമാണ്. ബിഎസ്എൻഎൽ കെട്ടിടത്തിലേക്ക് ഓഫിസുകൾ മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും വാടക നിരക്കുമായി ബന്ധപ്പെട്ട് തടസ്സങ്ങൾ നേരിട്ടു.
കോടതികൾക്കായി പ്രത്യേകമായി ഒരേ കെട്ടിടം തന്നെ കണ്ടെത്തേണ്ടതുണ്ട്. നഗരപരിധിയിൽ തന്നെ അനുയോജ്യമായ കെട്ടിടം ലഭിച്ചാൽ മാത്രമേ പൊതുജനങ്ങൾക്ക് ഉൾപ്പെടെ അത് ഗുണകരമാവുകയുള്ളൂ.
അതിനിടെ, ഓഫിസ് മാറ്റത്തിന്റെ ഭാഗമായി ഫയലുകൾ കെട്ടിവയ്ക്കാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ പലയിടത്തും തുടങ്ങിക്കഴിഞ്ഞു. ഓഫിസുകൾ പൂർണമായും മാറ്റി സ്ഥാപിച്ച ശേഷം നിലവിലുള്ള മിനി സിവിൽ സ്റ്റേഷൻ പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമിക്കാനാണ് തീരുമാനം.
നാല് പതിറ്റാണ്ട് പഴക്കമുള്ള അഞ്ചുനില കെട്ടിടത്തിന്റെ തൂണുകളിൽ വിള്ളലുകളും, കോൺക്രീറ്റ് അടർന്നുമാറി കമ്പികൾ തുരുമ്പിച്ച നിലയിലുമാണ്. ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി, മുൻസിഫ് കോടതി, പൊതുമരാമത്ത് കെട്ടിട
വിഭാഗം, കൃഷിവകുപ്പ് പ്രിൻസിപ്പൽ ഓഫിസ്, റവന്യു റിക്കവറി ഓഫിസ്, സബ് ട്രഷറി, അസിസ്റ്റന്റ് റജിസ്ട്രാർ ജനറൽ, ജില്ലാ പ്രൊബേഷൻ ഓഫിസ്, ഗവ.പ്ലീഡറുടെ ഓഫിസ് തുടങ്ങി ഒട്ടേറെ സർക്കാർ സംവിധാനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

