വാളയാർ ∙ ഇന്ത്യയുടെ തെക്കൻ പശ്ചിമ ഘട്ടത്തിൽ മാത്രം കാണപ്പെടുന്ന അപൂർവ ഇനം മൺപാമ്പിനെ (കാർഡമം ഷീൽഡ് ടൈൽ എർത്ത് സ്നേക്ക്) കഞ്ചിക്കോട് മായപ്പള്ളം പയറ്റുകാട് കണ്ടെത്തി. ഇന്നലെ വൈകിട്ടോടെ പയറ്റുകാട് മലയോര മേഖലയിൽ ഫ്രാൻസിസിന്റെ വാഴത്തോട്ടത്തിൽ നിന്നാണു വംശനാശ ഭീഷണി നേരിടുന്ന മൺപാമ്പിനെ കഞ്ചിക്കോട്ടെ സർപ്പ വൊളന്റിയർമാർ കണ്ടെത്തിയത്.
മണ്ണിനടിയിൽ ജീവിച്ച് അപൂർവമായി മാത്രം പുറത്തു വരുന്നവയാണിത്.
മുഖം കൂർത്ത രൂപത്തിലുള്ള ഇവയ്ക്ക് മണ്ണ് തുരക്കാനും കഴിയും. 1896-ൽ ബെൽജിയൻ-ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞൻ ജോർജ് ആൽബർട്ട് ബോലെഞ്ച്വർ അന്നത്തെ തിരുവിതാംകൂറിലെ ഏലമലക്കാടുകളിൽ നിന്നാണ് ആദ്യമായി മൺപാമ്പിനെ കണ്ടെത്തിയത്.
പിന്നീട് 130 വർഷങ്ങൾക്ക് ശേഷം വീണ്ടും നിലമ്പൂർ മേഖലയിൽ നിന്നും അടുത്ത കാലത്ത് മുതലമടയിൽ നിന്നും കണ്ടെത്തിയിരുന്നു. അന്നു മുതൽ ഈ പാമ്പുകൾ പഠന വിഷയമായിരുന്നു.
വിഷമില്ലാത്തതും 32 സെന്റി മീറ്റർ വരെ വളരുന്നതുമായ പാമ്പാണിത്.
ശരീരത്തിന്റെ മുകളിൽ കറുപ്പിനോട് ചേർന്ന നിറത്തിലും ചെറുതായി വെള്ള പുള്ളികളോടും കാണപ്പെടുന്നു. ശരീരത്തിന്റെ വശങ്ങൾ വെള്ള നിറത്തിലും അതിൽ കറുത്ത പാടുകളുമുണ്ട്.
വയറുഭാഗം വെള്ള നിറത്തിലും കറുത്ത പുള്ളികളോടും കാണപ്പെടുന്നു.
ഈ പാമ്പിന്റെ വാലിന്റെ അറ്റം ഷീൽഡ് പോലെയുള്ള രൂപത്തിൽ കട്ടിയോടെയും വരകളോടെയുള്ളതുമാണ്. ഇതു ഭൂമി തുരന്നു ജീവിക്കുന്ന പാമ്പാണ്.
കൃഷിയിടങ്ങൾ, പ്ലാന്റേഷൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നു. മണ്ണിരകളാണ് ഇവയുടെ ഭക്ഷണം.
ഫ്രാൻസിസ് ആണ് സർപ്പ ടീമിനെ വിവരമറിയിച്ചത്.
കഞ്ചിക്കോട് സർപ്പ ടീം കോഓർഡിനേറ്റർ ടി.ആർ.രമേശ്, വൊളന്റിയർമാരായ കെ.ആർ.രാധു, സന്തോഷ് കഞ്ചിക്കോട്, എം.മയിൽസാമി, ബിബിൻ റോഷ്, എം.രഞ്ജിത്ത്. എം.അനൂപ് എന്നിവർ അടങ്ങുന്ന ടീമാണ് ഇതു മൺപാമ്പാണെന്ന് തിരിച്ചറിഞ്ഞത്.
ഇവയെ പഠനത്തിനായി മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

