പത്തനാപുരം പിടവൂർ മൂലങ്കോട് രാജേഷ് ഭവനിൽ രേവതിയും രേണുകയും അവരുടെ കുടുംബവും കടുത്ത ആശങ്കയിലും ഭീതിയിലുമാണ് കഴിയുന്നത്. വീടിനടിയിൽ മുഴുവൻ മാളങ്ങൾ രൂപപ്പെടുകയും കട്ടിലിനടിയിലും പുതപ്പിനടിയിലുമടക്കം വിഷപ്പാമ്പുകൾ സ്ഥിരമായി എത്തുകയും ചെയ്തതോടെ ഈ കുടുംബം അയൽവീട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയിലും വീടിനുള്ളിൽ ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടതോടെ ആശങ്ക വർധിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി വീടും പരിസരവും പാമ്പുകൾ താവളമാക്കിയിരിക്കുകയാണ്.
ദിവസങ്ങൾക്ക് മുൻപ് ഉറങ്ങിക്കിടന്ന രേവതിയുടെ മുകളിലേക്ക് വീടിന്റെ ഉത്തരത്തിൽ നിന്ന് പാമ്പും എലിയും കൂടി വീഴുകയും, രേവതിക്ക് കടിയേൽക്കുകയും ചെയ്തിരുന്നു. പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രേവതി കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്.
വീടിന്റെ ബാക്കി ഭാഗം പണിയുന്നതിനായി കെട്ടിയിട്ട ഫൗണ്ടേഷനുള്ളിലേക്ക് പാമ്പുകൾ കയറുന്നത് പതിവായതോടെ കുടുംബം തീർത്തും നിസ്സഹായരായി.
തൊഴിലുറപ്പു ജോലികൾക്കും വീട്ടുജോലികൾക്കും പോയി ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് ഈ കുടുംബം കഴിഞ്ഞുപോരുന്നത്. നടുവേദനയെത്തുടർന്ന് ജോലിക്ക് പോകാൻ കഴിയാത്ത പിതാവ് രാജേഷിനെയും കൊണ്ട് എങ്ങോട്ടു പോകണമെന്നറിയാത്ത അവസ്ഥയിലാണ് മക്കൾ.
“നടുവിന്റെ പ്രശ്നങ്ങൾ മൂലം ജോലിക്ക് പോലും പോകാൻ കഴിയാത്ത പിതാവ് രാജേഷിനെയും കൊണ്ട് തങ്ങൾ എന്തു ചെയ്യണമെന്നാണ് രേവതി ചോദിക്കുന്നത്.” ഇതിനിടെ, ശക്തമായ മഴയിൽ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയത് കുടുംബത്തിന് ഇരട്ടി പ്രഹരമായി. തകർന്നു നിലംപൊത്താറായ വീട് പൊളിച്ചു പണിയുക മാത്രമാണ് ഏക പോംവഴി.
വിഷയത്തിൽ അധികൃതരോടും ജനപ്രതിനിധികളോടും പലതവണ പരാതിപ്പെട്ടെങ്കിലും യാതൊരു സഹായവും ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥരും, രാഷ്ട്രീയ പ്രവർത്തകരും വീട്ടിലെത്തിയെങ്കിലും വിഷയത്തിൽ പരിഹാരം കണ്ടിട്ടില്ല.
അധികൃതർ തിരിഞ്ഞുപോലും നോക്കുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

